ഓസ്ട്രേലിയൻ പൊതുപ്രവർത്തകന് ഗൂഗിൾ നാല് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്


യൂട്യൂബിൽ പോസ്റ്റ് ചെയ്ത അപകീർത്തികരമായ വീഡിയോകൾക്ക് ഗൂഗിൾ ഭീമൻ തുക നഷ്ടപരിഹാരം കൊടുക്കണമെന്ന് വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ മുൻ നിയമസഭാംഗവും പൊതുപ്രവർത്തകനുമായ ജോൺ ബരിലാരോയ്ക്ക് 515,000 ഡോളർ (നാൽ കോടി ഇന്ത്യൻ രൂപ) നൽകണമെന്നാണ് ഓസ്‌ട്രേലിയൻ കോടതിയുടെ ഉത്തരവ്. ന്യൂ സൗത്ത് വെയിൽസിന്റെ ഡെപ്യൂട്ടി പ്രീമിയറായ ബരിലാരോയെ അകാലത്തിൽ രാഷ്ട്രീയം വിടാൻ ഈ രണ്ട് വീഡിയോകൾ പ്രേരിപ്പിച്ചതായും ഫെഡറൽ കോടതി കണ്ടെത്തിയിരുന്നു. രാഷ്ട്രീയ നിരൂപകൻ ജോർദാൻ ഷാങ്‌സ് പോസ്റ്റ് ചെയ്ത വീഡിയോകൾക്കാണ് ഗൂഗിളിനെതിരെയുള്ള നടപടി. 

വീഡിയോകൾ “ദയയില്ലാത്തതും, വംശീയവും അസഭ്യവും അധിക്ഷേപകരവും അപകീർത്തികരവുമായ പ്രചാരണത്തിന്” തുല്യമാണെന്ന് ജഡ്ജി സ്റ്റീവൻ റാറസ് പറഞ്ഞു. തെളിവില്ലാതെ “അഴിമതി” എന്നു മുദ്രകുത്തുന്നത് മുൻ നിയമസഭാംഗത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമെന്നും കോടതി പറഞ്ഞു. അദ്ദേഹത്തെ വംശീയ പേരുകൾ വിളിച്ചത് വിദ്വേഷ പ്രസംഗം തന്നെയാണെന്നും ജഡ്ജി പറഞ്ഞു. രണ്ട് വീഡിയോകൾ ഹോസ്റ്റ് ചെയ്യുന്നതിലൂടെ യൂട്യൂബിന്റെ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ് ഇൻ കോർപ്പറേറ്റ് ആയിരക്കണക്കിന് ഡോളർ സമ്പാദിച്ചതായും അദ്ദേഹം കണ്ടെത്തി. വിദ്വേഷ പ്രസംഗം, സൈബർ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ എന്നിവ തടയുന്നതിന് ഗൂഗിളിന്റെ തന്നെ നയങ്ങൾ പ്രയോഗിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. 

ഗൂഗിൾ തുടക്കത്തിൽ ഈ പെരുമാറ്റത്തെ ന്യായീകരിച്ചെങ്കിലും പിന്നീട് എല്ലാ പ്രതിരോധങ്ങളും പിൻവലിക്കുകയും വീഡിയോകൾ ബരിലാരോയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയൻ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയു‌ടെ റിപ്പോർട്ടുകളിൽ ഇത് വ്യക്തമാണ്. ബരിലാരോയെ വേദനിപ്പിച്ചതിന് യൂട്യൂബിൽ ഫ്രണ്ട്‌ലിജോർഡീസ് എന്ന പേർ ഉപയോഗിക്കുന്ന ഷാങ്‌സും ക്ഷമാപണം നടത്തിയിരുന്നു. 2020 അവസാനത്തോടെ പോസ്റ്റ് ചെയ്ത വീഡിയോകൾ ഏകദേശം എട്ടുലക്ഷം തവണ ആളുകൾ കണ്ടിട്ടുണ്ട്. അതേസമയം താൻ ആഗ്രഹിച്ചത് ക്ഷമാപണം മാത്രമാണെന്നും അത് ഒരിക്കലും പണത്തെക്കുറിച്ചായിരുന്നില്ലെന്നും ബരിലാരോ പ്രതികരിച്ചു. നീക്കം ചെയ്യലാണ് ക്ഷമാപണമെന്നും അതിനാലാണ് ഒത്തുതീർപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed