എൽഡിഎഫിലേക്ക് മാറാൻ ഡിമാൻഡ് വെച്ച് ജോണി നെല്ലൂർ; ഫോൺ സംഭാഷണം പുറത്ത്


പാർട്ടി മാറാൻ ഡിമാൻഡ് വെച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയർ‍മാനും മുന്‍ എം.എൽ‍.എയുമായ ജോണി നെല്ലൂർ. നഗരസഭാ ചെയർമാൻ സ്ഥാനവും േസ്റ്ററ്റ് കാറും നൽകിയാൽ എൽഡിഎഫിലേക്ക് വരാമെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. കേരള കോൺഗ്രസ് (എം) നേതാവ് എച്ച്. ഹഫീസുമായുള്ള ഫോൺ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാൻ തനിക്ക് താൽ‍പര്യമില്ലെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ന്യൂനപക്ഷ ചെയർ‍മാൻ, കോഫി ബോർ‍ഡ് ചെയർ‍മാൻ, സ്‌പൈസസ് ബോർ‍ഡ് ചെയർ‍മാൻ, കേര വികസന കോർ‍പ്പറേഷൻ ചെയർ‍മാൻ തുടങ്ങിയ സ്ഥാനങ്ങളിലൊന്ന് ആരോ ഓഫർ‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. എന്നാൽ ഇത് ആരാണ് ഓഫർ ചെയ്തതെന്ന് സംഭാഷണത്തിൽ വ്യക്തമല്ല. മാത്യൂ സ്റ്റീഫനൊക്കെ കൂടെ പോവുകയാണെന്നും അവരെ ക്രോഡീകരിച്ച് പുതിയ സംവിധാനം ഉണ്ടാക്കിക്കൂടേയെന്നും ഹഫീസ് പറയുമ്പോൾ അത്തരത്തിൽ ബിജെപിയിൽ പോവാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് ജോണി നെല്ലൂർ പ്രതികരിക്കുന്നത്.

നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തിൽ‍ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങൾ‍ പോയി എന്ന് ചോദിച്ചാൽ‍ പറയാൻ‍ മിനിമം ഒരു കോർ‍പ്പറേഷൻ ചെയർ‍മാൻ സ്ഥാനമെങ്കിലും വേണം. ഒരു േസ്റ്ററ്റ് കാർ‍ വേണം. അത് നീ ആലോചിച്ചോ എന്നിങ്ങനെയാണ് സംഭാഷണം തുടരുന്നത്.

1991ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്നാണ് ജോണി നെല്ലൂർ ആദ്യമായി എം‌എൽ‌എയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ നിന്നും 3 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 15 വർഷത്തോളം നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 2011−ൽ അദ്ദേഹം അങ്കമാലിയിൽ നിന്ന് മത്സരിച്ചെങ്കിലും മുൻ മന്ത്രി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു.

You might also like

Most Viewed