ഒരു­ ഓഡിറ്റിംഗ് കാ­ലം കടന്നു­പോ­കു­ന്പോൾ...


പ്രദീപ് പുറവങ്കര

നമ്മുടെ നാട്ടിലെ സാന്പത്തികമേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യത്തെ പറ്റി പ്രവാസ ലോകത്തുള്ളവർ അധികമായി അറിഞ്ഞുതുടങ്ങിയിട്ടില്ല. വരും ദിവസങ്ങളിൽ ഏറെ ചർച്ചകൾ ഈ വിഷയത്തിൽ നടക്കുമെന്ന് തീർച്ചയാണ്. ബാലൻസ് ഷീറ്റും ഓ‍ഡിറ്റ് റിപ്പോർട്ട് സമർപ്പണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കന്പനികളുടെ അംഗീകാരമാണ് ഇപ്പോൾ റദ്ദാക്കി വരുന്നത്. ഇതിനകം ഒരു ലക്ഷത്തോളം പേരെ ഡയറക്ടർ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു. കള്ളപ്പണത്തിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന കടുത്ത നടപടികളുടെ ഭാഗമായിട്ടാണ് ഈ നടപടികൾ ഉണ്ടായികൊണ്ടിരിക്കുന്നത്. അയോഗ്യരാകുന്ന ‍ഡയറക്ടർമാർക്ക് മറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനത്ത് അടുത്ത അഞ്ച് വർഷം ഇരിക്കാനും സാധിക്കുന്നതല്ല. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന 1200ഓളം കന്പനികളെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പൂട്ടിയ കന്പനികളായി പ്രഖ്യാപിച്ചിരിക്കുന്നത്. കന്പനി രെജിസ്ട്രേഷൻ ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ കൃത്യമായി വിവരങ്ങൾ നൽകാത്തതും, ഇതിൽ ചില കന്പനികൾ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നതായും നേരത്തേ കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു. തീർച്ചയായും ഒരു വ്യവസ്ഥിതി നന്നാക്കിയെടുക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനമായി ഇതിനെ കാണാവുന്നതാണ്. 

പക്ഷെ അതേസമയം കർശനമായ നടപടികൾ മാത്രമെടുത്ത് മുന്പോട്ട് ഗവൺമെന്റ് പോകുന്പോൾ ഒരു കന്പനി രൂപീകരിക്കാൻ ശ്രമിക്കുന്നവന്റെ ഭാഗത്ത് നിന്നും ചിന്തിക്കേണ്ടതും ആവശ്യമാണ്. നമ്മുടെ നാട്ടിൽ  ഇന്നും ഒരു കന്പനി ഉണ്ടാക്കാൻ താത്പര്യപ്പെട്ട് മുന്പോട്ട് വരുന്നവർക്ക് അടിസ്ഥാന വിവരങ്ങൾ ലഭിക്കാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട് എന്ന യാഥാർത്ഥ്യവും സർക്കാർ  ഉൾക്കൊള്ളണം. ഗൾഫിലുള്ള നിരവധി പേർ നാട്ടിൽ വിവിധ സ്ഥാപനങ്ങളിൽ നേരിട്ടോ അല്ലാതെയോ ഒക്കെ നിക്ഷേപിച്ചിട്ടുള്ളവരാണ്. പലരും തങ്ങളുടെ ഗൾഫിലെ ജീവിതത്തിനോടൊപ്പം തന്നെ നാട്ടിലെ ബിസിനസുകളും നോക്കി വരുന്നുണ്ട്. ഇതിൽ മിക്കവരും ഒരു വിശ്വാസത്തിന്റെ പുറത്താണ് അവരുടെ അദ്ധ്വാനഫലം നാട്ടിൽ നിക്ഷേപിക്കുന്നത്. പുതിയ സംഭവവികാസങ്ങൾ നമ്മുടെ സാന്പത്തികമേഖലകളിൽ നടക്കുന്പോൾ അതിന്റെ ഒരു അറിയിപ്പ് പോലും ഇത്തരം ആളുകൾക്ക് ലഭിക്കാറില്ല എന്നതാണ് സത്യം. 

ഒരു ബിസിനസ് ആരംഭിക്കുവാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അതിന്റെ എന്റർപ്രണർഷിപ്പ് എന്നൊരു കഴിവ് കൂടിയുണ്ടാകണം. അങ്ങിനെ കഴിവുള്ളവർ ഓരോ കാലത്തും വിവിധ കച്ചവടങ്ങൾ ചെയ്യുന്പോഴാണ് മറ്റുള്ളവർക്ക് തൊഴിൽ സാധ്യതകൾ ഉണ്ടാകുന്നതും, ഒരു വിപണി സാന്പത്തികമായി മെച്ചപ്പെടുന്നതും. നമ്മുടെ നാട്ടിൽ ഒരു ഗവൺമെന്റ് ഓഫീസിൽ കയറിച്ചെല്ലുന്ന ആർക്കും തന്നെ അവർ അനുഭവിക്കുന്ന പ്രയാസങ്ങളെ പറ്റി മണിക്കൂറുകളോളം പരാതി പറയാനുണ്ടാകും എന്നത് ഇന്നും പ്രസക്തമായ കാര്യം തന്നെയാണ്.  അതു കൊണ്ട് തന്നെ കർശനമായി തന്നെ നികുതിപിരിക്കൽ നടപ്പിലാക്കുന്പോൾ എങ്ങിനെയാണ് സുതാര്യമായി, സംതൃപ്തിയോടെ ഒരു കച്ചവടം നാട്ടിൽ നടത്തേണ്ടതെന്നും, അതിന് ഗവൺമെന്റ് തലത്തിൽ തന്നെ എന്തൊക്കെ പ്രോത്സാഹനങ്ങൾ ലഭ്യമാകുമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിശദമാക്കേണ്ടതുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed