കണ്ണീരൊപ്പിയിരുന്ന മദർ...


വി.ആർ സത്യദേവ്

ഗോള ക്രൈസ്തവ സഭയുടെ വിശുദ്ധയായിമദർ തെരേസ വാഴ്ത്തപ്പെട്ടിട്ട് ഒരു വർഷം പിന്നിടുന്നു (സെന്റ് തെരേസ ഓഫ് കൊൽ‍ക്കത്ത). കഴിഞ്ഞ സപ്തംബർ നാലിന് ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാൻ‍സിസ് മാർ‍‍പാപ്പ, കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തെ പഠിപ്പിച്ച മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള അശരണരുടെ കണ്ണീരൊപ്പുകയെന്നത് ജീവിത വ്രതമായെടുത്ത മദർ തെരേസ വിശുദ്ധ പദവിയേയ്ക്ക് ഉയർത്തപ്പെട്ടത് അവരുടെ പ്രവർത്തനശൈലികൊണ്ടാണ്. യഥാർത്ഥത്തിൽ ജീവിച്ചിരിക്കെത്തന്നെ ജനമനസ്സുകളിൽ വിശുദ്ധ പദവിയിലേയ്ക്ക് അവരോധിക്കപ്പെട്ടവളായിരുന്നു മദർ.

ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യകൊണ്ടും അതി ബ്രഹത്താണ് ഭാരതം. അതുകൊണ്ടു തന്നെ നമ്മുടെ അതിർത്തിക്കുള്ളിലെ അശരണരുടെ എണ്ണം ഏറെയാണ്. പല കാരണങ്ങൾ കൊണ്ടും അതിലെല്ലാവർക്കും സ്നേഹവും സാന്ത്വനവും സമാധാനവും ഒക്കെയെത്തിക്കുക ശ്രമകരവുമാണ്. അങ്ങനെയുള്ള അശരണരുടെ എണ്ണം ഏറെയുള്ള കൊൽക്കൊത്തയിൽ ആർക്കും വേണ്ടാത്തവരായി പുഴുവരിച്ചു കിടന്നവരടക്കം അഗതികളായ ജനലക്ഷങ്ങൾക്ക് സാന്ത്വനമേകിക്കൊണ്ടാണ് മദർ തെരേസ ജീവിച്ചിരിക്കെത്തന്നെ ജീവിത വിശുദ്ധി കൈവരിച്ചത്. 

ആധുനിക കാലത്ത് ധനസന്പാദനത്തിനും പ്രശസ്തിക്കും ഏറെ സാദ്ധ്യതകളുള്ളൊരു മേഖലയാണ് അശരണരുടെ പരിപാലനം. എന്നാൽ മാധ്യമശ്രദ്ധയും സഹായങ്ങളുമൊന്നും അത്ര എളുപ്പമല്ലാത്ത ഒരു ഭൂതകാലത്ത് ഒരു വനിതയ്ക്ക് ഒറ്റക്ക് നിസ്വാർത്ഥ സേവനത്തിൻ്റെ ഇത്ര വലിയൊരു പ്രസ്ഥാനം പടുത്തുയടത്തുകയെന്നത് എളുപ്പമായിരുന്നില്ല. സമൂഹത്തിൽ പലർക്കും സ്വന്തം കാര്യം നോക്കാനോ ജന്മം തന്ന ഉറ്റവർക്കോ ഉടയവർക്കോ പോലുമായി ധനമോ സമയമോ മാറ്റിവെയ്ക്കാനാവാത്തിടത്ത് മദർ തെരേസ സ്വന്തം ജീവിതം തന്നെ അഗതികൾക്കായി ഉഴിഞ്ഞു വച്ചു. വിമർശ
നങ്ങളും ആരോപണങ്ങളുമൊക്കെ എളുപ്പമാണ്. പുഴുവരിച്ച് മ‍ൃത പ്രായരായി കിടക്കുന്നവരെ കണ്ടാൽ ദൈവമേ എന്നൊന്ന് വിളിച്ച് തല തിരിച്ചു പോവുന്നവരാണ് നമ്മിൽ പലരും. അത്തരം സാഹചര്യങ്ങളിലെ ദുർഗന്ധം പലപ്പോഴും ദിവസങ്ങളോളം നമ്മെ പേടി സ്വപ്നം പോലെയോ പ്രേതബാധ പോലെയോ വിടാതെപിന്തുടർന്നേക്കാം. ഇത്തരത്തിൽ അനാഥരായവരെ വാരിയെടുത്തു നെഞ്ചോടു ചേർത്ത് ആശ്വാസം പകരാൻ അപൂർവ്വജന്മങ്ങൾക്കേ കഴിയൂ. അത്തരത്തിലൊരാളായിരുന്നു മദർ തെരേസ. അതായിരുന്നു മദറിന്റെ നിയോഗം. അതാണ് വിശ്വാസ ലക്ഷങ്ങളുടെ മഹാഭാഗ്യം. 

ഭൂഗോളത്തിന്റെ മറ്റൊരു ഭാഗത്ത് സ്കോപ്യേയിൽ ജനിച്ച ആഗ്നസ് ഗോങ്സ ബൊജാക്സ്യൂവെന്ന പെൺകുട്ടിയെ ലോകം ആരാധിക്കുന്പോൾ ഭാരതത്തിനും അഭിമാനിക്കാനാവുന്നു എങ്കിൽ അതിനെ നിയോഗമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. തെക്കു കിഴക്കൻ യൂറോപ്പിലെ മാസിഡോണിയയുടെ തലസ്ഥാനമാണ് ആഗ്നസ് ഗോങ്സ ബൊജാക്സ്യൂ ജനിച്ചു വീണ സ്കോപ്യേ. മദർ പിറക്കുന്ന കാലത്ത് ബാൾക്കൻ രാജ്യങ്ങളടക്കമുള്ള പല ശാക്തിക സംഘങ്ങളുടെ അധികാര പോരാട്ടങ്ങളാൽ സംഘർഷ ഭരിതമായിരുന്നു അന്ന് സ്കോപ്യേ. അവിടെ നിന്നും ബംഗാളിലെ മിഷനറിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് വംഗദേശത്തെ സ്വന്തം കർമ്മ ഭൂമിയാക്കാൻ അവ‍ർ അന്നെടുത്ത തീരുമാനമാണ് ഇന്ന് ഭാരതത്തിനും അഭിമാനിക്കാൻ വഴിവെച്ചത്. 

1910ൽ സ്കോപ്യേയിൽ പിറന്ന മദർ 18ാം വയസ്സിലാണ് ദൈവവിളി കേട്ട് സ്വന്തം വീടു വിട്ടത്. ലോററ്റോ സഭയിലായിരുന്നു തുടക്കം. 1929 ൽ ഭാരതത്തിലെത്തി. ഹിമാലയൻ മലനിരകളിലെ
നൈനിറ്റാളായിരുന്നു ആദ്യ സേവന ഭൂമി. ഭാരതത്തിലെ സേവനത്തിനായി അയർലണ്ടിൽ വെച്ച് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ മദർ നൈനിറ്റാൾ വാസക്കാലത്ത് ബംഗാളിയും പഠിച്ചെടുത്തു. തുടർന്ന് സ്കൂൾ അദ്ധ്യാപികയായി. അന്ന് അവർ പഠിപ്പിച്ച സ്കൂളിൻ്റെ പേര് ഇന്നും കൗതുകമാണ്. കൽക്കട്ടയിലെ സെൻ്റ് തെരേസാസ് സ്കൂളിലായിരുന്നു മദർ പഠിപ്പിച്ചത്. അക്കാലത്തു തന്നെ  സന്യസ്ഥ ജീവിതത്തിലേക്കുള്ള യാത്രയും തുടങ്ങി. 1937ൽ കൽക്കട്ടയിലെ പ്രശസ്തമായ ലോറെറ്റോ സ്കൂളിൽ അദ്ധ്യാപികയായി. 1944ൽ സ്കൂളിലെ പ്രധാനാദ്ധ്യാപികയുമായി. രണ്ടു ദശാബ്ദക്കാലത്തോളം ലോററ്റോയിൽ മദറുണ്ടായിരുന്നു. 

1948ലാണ് അദ്ധ്യാപനത്തിൻ്റെ വഴിയിൽ നിന്നും അഗതി സേവനത്തിൻ്റെ മാത്രമായ പാതയിലേയ്ക്ക് അവർ വഴിമാറിയത്. ലോറെറ്റോ സഭാ സന്യാസിനിമാരുടെ പരന്പരാഗത വേഷം നീല
ക്കരയുള്ള വെള്ള സാരിക്കും വഴി മാറി. പറ്റ്നയിലെ ഹോളി ഫാമിലി ആശുപത്രിയിൽ നിന്നും ആതുര ശുശ്രൂഷയ്ക്കുള്ള അടിസ്ഥാന പാഠങ്ങൾ പഠിച്ചു. കൊൽക്കൊത്തയിൽ ഒരു വിദ്യാലയം സ്ഥാ
പിച്ചുകൊണ്ടായിരുന്നു സ്വതന്ത്ര രീതിയിലുള്ള സേവന പ്രവർത്തനങ്ങൾക്കു തുടക്കം. 1949 ഓടേ അഗതി പരിചരണവും തുടങ്ങി. അതിനെ തുടർന്നുണ്ടായ പാവങ്ങളിൽ പാവങ്ങളെന്ന വിശ്വാസി സംഘത്തിൻ്റെ രൂപീകരണമാണ് വാസ്തവത്തിൽ ഇന്ന് ലോകം മൊത്തം പ്രവർത്തന മേഖലയാക്കിയ  ഉപവിയുടെ സഹോദരിമാർ അഥവാ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് എത്തിയത്. കൊ
ൽക്കൊത്തയുടെ തെരുവോരങ്ങളിൽ അനാഥരായിക്കിടന്നവർക്ക് മദറും സംഘവും ചെയ്ത സഹായങ്ങൾ അന്നത്തെ പ്രധാനമന്ത്രിയുടെ വരെ പ്രശംസ പിടിച്ചു പറ്റി. എങ്കിലും ആവശ്യക്കാരുടെ എണ്ണമേറുകയും ആവശ്യത്തിനു പണം തികയാതെ വരികയും വന്നതോടേ തുടക്ക കാലത്ത് അഗതിസേവനമവസാനിപ്പിച്ച് മഠത്തിൻ്റെ സുരക്ഷിതത്വത്തിലേയ്ക്ക് പിൻമാറുന്നതിനെപ്പറ്റി താൻ പല
തവണ ആലോചിച്ചിരുന്നുവെന്ന് മദർ പിന്നീട് വേദനയോടേ കുറിച്ചിട്ടിട്ടുണ്ട്. 

ആത്മസംഘർഷത്തിൻ്റെ ആ പ്രതിസന്ധി തരണം ചെയ്യാനും അഗതി ലക്ഷങ്ങൾക്കു സഹായം നൽകാനും അവർക്കായി. ആതുരരെയെല്ലാം ജീവിതത്തിലേക്കും സൗഭാഗ്യങ്ങളിലേക്കും മടക്കിക്കൊണ്ടുവരികയെന്നത് അസാദ്ധ്യമാണ്. വയറുകൾ നിറയ്ക്കുന്നതിലും പ്രധാനമാണ് അവരുടെ മനസ്സിന് ആശ്വാസം പകരുകയെന്നത്. അവർക്കായി സാന്ത്വന വാക്കുകൾ പറയുക എന്നത്. സമാധാനമായി അവരെ മരിക്കാൻ അനുവദിക്കുക എന്നത്. അതാണ് മദർ തെരേസ ചെയ്തത്. ഭാരതത്തിൽ കാലൂന്നി നിന്ന് ലോകത്തിൻ്റെ ഇതരഭാഗങ്ങളിലും സേവനത്തിൻ്റെ ദിവ്യരശ്മികളെത്തിക്കാൻ അവർക്കായി. വെനിസ്വേലയിലെ ക്വക്കറോത്തയിലായിരുന്നു ഇന്ത്യക്കു പുറത്ത് ഉപവിയുടെ സഹോദരിമാർ ആദ്യമായി സേവനമെത്തിച്ചത്. ഇറാഖിൽ സദ്ദാമിൻ്റെ വാഴ്ചക്കാലത്ത് ദുരിതമനുഭവിക്കുന്ന കു‌‌ഞ്ഞുങ്ങളിലേയ്ക്ക് കരുണയുടെ ആ കൈകൾ നീണ്ടു. സന്പന്നതയുടെ അമേരിക്കയിൽ സ്വന്തക്കാർ പോലും തൊടാൻ മടിച്ച എയ്ഡ്സ് രോഗികൾക്കായിരുന്നു അവർ സഹാനുഭൂതി സമ്മാനിച്ച് പരിചരിക്കാൻ ഓടിയെത്തിയത്.

പട്ടിണിയുടെയും പ്രതിസന്ധികളുടെയും ദുരിത പർവ്വമവസാനിച്ച് ലോകത്തിൻ്റെ എല്ലായിടങ്ങളിൽ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിക്ക് മദർ ജീവിച്ചിരിക്കെത്തന്നെ വലിയ സാന്പത്തിക സഹായമെത്തിത്തുടങ്ങിയിരുന്നു. നോബൽ സമ്മാനവും ഭാരത രത്നയും മഗ്സസെ അവാർഡും പോപ് ജോൺ പുരസ്കാരവും അടക്കം എണ്ണമില്ലാത്ത പുരസ്കാരങ്ങളും അവരെ തേടിയെത്തി. അതി
നെല്ലാം ഉപരിയായി സഭ ഇപ്പോൾ അവരെ വിശുദ്ധ പദവിയിലേയ്ക്കും ഉയർത്തിയിരിക്കുന്നു. തികച്ചും സ്വാഭാവികം. 

ഇതിനിടെ ജീവിച്ചിരിക്കെതന്നെ വിശുദ്ധി തെളി
യിച്ച മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ ഇനിയും അത്ഭുത രോഗശാന്തി സാക്ഷ്യങ്ങൾ വേണ്ടിയിരുന്നോ എന്ന് വാദിക്കുന്നരുമുണ്ട്. ഇതിൻ്റെ സാധുത ചോദ്യം ചെയ്യുന്നവർ പോലും ഇന്ത്യയിലും വിദേശത്തുമുണ്ട്. അവരുടെ വിശുദ്ധ പദവിയെയും സേവനങ്ങളെയും കുറിച്ചു കടുത്ത വിമർശനവുമായെത്തിയ ക്രിസ്റ്റഫർ ഹിച്ചൻസിൻ്റെ ഡോക്യുമെന്ററിയും ലോകശ്രദ്ധ നേടിയിരുന്നു. എതിരഭിപ്രായങ്ങളും വാദമുഖങ്ങളുമുണ്ടാവാം. എന്നാൽ വിമർശിക്കുകയും വാദിക്കുകയും ചെയ്യും പോലെ എളുപ്പമായിരുന്നില്ല അഗതികളുടെ കണ്ണീരൊപ്പുന്ന മദർ തെരേസയാവുക എന്നത്. അതി വിശുദ്ധവും വിശിഷ്ടവുമായിരുന്നു ആ ജീവിതം.

 

You might also like

Most Viewed