അബുദാബിയിൽ കാണേണ്ടത്...


സ്വപ്നങ്ങളുടെ എണ്ണത്തെക്കാൾ മനസ് നിറയെ ഓർമ്മകളുമായി വേണം ജീവിതം ജീവിച്ച് തീർക്കാൻ എന്ന് പറയാറുണ്ട്. സ്വപ്നങ്ങൾ പലപ്പോഴും നിരാശ സമ്മാനിക്കുമ്പോൾ ഓർമ്മകളുടെ അനുഭവം ജീവിതയാത്രയിൽ ഇന്ധനമായി മാറുന്നു. വൈവിധ്യമാർന്ന ഇത്തരം അനുഭവങ്ങളുടെ നിധികുംഭങ്ങൾ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകൾ. ഷെയ്ഖ് സാഈദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എന്ന വലിയ മനുഷ്യന്റെ കൈയ്യൊപ്പ് അത്രമേൽ പതിഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് യുഎഇയും, വിശിഷ്യ അബുദാബിയും. മുമ്പും പല തവണ പോയ സ്ഥലമാണെങ്കിലും,അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ക്ഷണപ്രകാരം നാല് ദിവസം ഇവിടെ നടത്തിയ സന്ദർശനം വ്യത്യസ്തമായിരുന്നു. യാത്രയുടെ ദൂരമല്ല യാത്രികരുടെ മനോഭാവവും കൂടെ യാത്ര ചെയ്യുന്നവരുടെ മഹിമയുമാണ് ഓരോ യാത്രയേയും വേറിട്ടതാക്കുന്നത്. ഒമാനിൽ നിന്ന് മലയാളിയായ ലിജു ചെറിയാൻ, ഒമാൻ സ്വദേശിയായ അഹമദ്, കുവൈത്തിൽ നിന്ന് ഈജ്പ്ത് പൗരനായ മുഹമ്മദ് എന്നീ മാധ്യമപ്രതിനിധികളായിരുന്നു ഈ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നത്. ഇവർക്കൊപ്പം മന്ത്രാലയത്തിന്റെ പ്രതിനിധികളായ ഹുസൈൻ, സഈഫ് എന്നിവരും ഒത്തുചേർന്നു. കണ്ട അബുദാബിയെക്കാൾ കാണാത്ത അബുദാബിയെ കാണാനായിരുന്നു ഈ യാത്ര. ആ യാത്രയിൽ പരിചയപ്പെട്ട സ്ഥലങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു.

പ്രസിഡൻഷ്യൽ പാലസ് (ഖസർ അൽ വതൻ)
യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ് സമീപകാലത്താണ് പൊതുജനങ്ങൾക്കും കാണാനായി തുറന്നു കൊടുത്തത്. ഇവിടെയുള്ള ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ പരമോന്നത സമിതിയായ സുപ്രീം കൗണ്‍സിലിന്റെയും യോഗങ്ങളുടെ വേദിയാണിത്. വിപുലമായ ഗ്രന്ഥ ശേഖരമുള്ള ഖസ്‍ര്‍ അല്‍ വത്വന്‍ ലൈബ്രറിയും പാലസിനുള്ളിലുണ്ട്. അഞ്ചുവർഷമെടുത്ത് 2015 ൽ ആണ് കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായത്. അബുദബിയിൽ എമിറേറ്റ്സ് പാലസിനോട് ചേർന്ന് കടൽക്കരയിൽ 150 ഹെക്ടറിലാണ് മനോഹരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.


ലൂവ്രേ അബുദാബി മ്യൂസിയം
അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ആർട്ട് മ്യൂസിയമാണ് ലൂവ്രെ അബുദാബി. 2007 മാർച്ചിൽ യുഎഇയും ഫ്രാൻസും തമ്മിൽ ഒപ്പ് വെച്ച ഒരു കരാറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് പ്രകാരം 2037 വരെ പാരിസ് നഗരത്തിലെ വിഖ്യാതമായ കലാമ്യൂസിയമായ ലൂവ്രെയുടെ പേര് അബുദാബിയിലെ ഈ മ്യൂസിയത്തിന് ഉപയോഗിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുകയും ചെയ്യുന്ന ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് പ്രശസ്തമായ മോണാലിസ സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അബുദാബിയിലെ മ്യൂസിയത്തിൽ 8000 ചതുരശ്ര മീറ്ററിൽ ഗാലറികളുണ്ട്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം കൂടിയാണ് അബുദാബിയിലെ ലൂവ്രേ മ്യൂസിയം.

സീ വേൾഡ് അബുദാബി
ലോകത്തെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട കടൽ ജീവികളെ ഉൾപ്പെടുത്തിക്കൊണ്ടും നിർമ്മിച്ചിരിക്കുന്ന മറൈൻ ലൈഫ് അക്വോറിയം പാർക്കാണ് ഇത്. അറുപത്തി എണ്ണായിരം കടൽ ജീവികളെയാണ് ഈ പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 150 ൽ അധികം വിവിധയിനം വർഗങ്ങളിൽപ്പെട്ട കടൽ ജീവികളെ ഇവിടെ കാണാനാകും. വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഡോൾഫിനുകൾ , കടൽ പാമ്പുകൾ, ഉരഗങ്ങൾ, കടലിലും കരയിലും ജീവിക്കുന്നവ ഇതിനു പുറമെ കടലിനെ ആശ്രയിച്ചു കഴിയുന്ന പക്ഷികൾ തുടങ്ങി നിരവധി ജീവികൾ ഇതിൽ ഉൾപ്പെടുന്നു. സമനിരപ്പായ അഞ്ച് ഇൻഡോർ അക്വേറിയം മാതൃകയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ വിവിധ കടലുകളെ കേന്ദ്രീകരിച്ച് പാർക്കിനെ എട്ട് ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

ഈസ്റ്റേൺ മൻഗ്രൂവ്‌
കണ്ടല്‍ കാടുകള്‍ തിങ്ങി നില്‍ക്കുന്ന തീരക്കടലിലൂടെ ബോട്ടുയാത്ര. അബുദാബി ഈസ്റ്റേണ്‍ മൻഗ്രൂവ്‌ നാച്വര്‍ റിസര്‍വിലാണ് സന്ദര്‍ശകര്‍ക്ക്
ഈ ബോട്ടുയാത്ര സാധ്യമാകുന്നത്. മണല്‍ മാത്രം നിറഞ്ഞ ഭൂമിയെ പച്ചപ്പ് നിറഞ്ഞ ഭൂമിയാക്കി മാറ്റിയിട്ടുള്ള ഈ പ്രദേശം മനസ് നൽകുന്ന കുളിർമ ഏറെ വലുതാണ്. നിരവധി ദേശാടന പക്ഷികൾ അടക്കം ഇവിടെയെത്തുന്നു. കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം, കണ്ടൽ ചെടികളുടെയും, കാടുകളുടെയും സംരക്ഷണം, കണ്ടൽ കാടുകളിലെ ജൈവവൈവിദ്ധ്യം, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സന്ദർശകർക്ക് ഇത്തരം ആവാസവ്യവസ്ഥകളെയും, അവയിലെ വിവിധ ജീവജാലങ്ങളെയും അടുത്തറിയുന്നതിനും, പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും ഇവിടെ അവസരം നൽകുന്നു.

അൽ ഐനിലെ അൽ ജാഹിലി കോട്ട
അൽ ഐനിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ അൽ ജാഹിലി കോട്ട ചരിത്രപ്രസിദ്ധമായ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. 1898ൽ സായിദ് ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന ശൈഖ് സായിദ് ബിൻ ഖലീഫ അൽ നഹ്‌യാന്റെ ഭരണകാലത്താണ് അൽ ജാഹിലി കോട്ട പണികഴിപ്പിച്ചത്. ഈ ചരിത്ര സ്മാരകം സന്ദർശിക്കുന്നതിനും ഇവിടുത്തെ പൈതൃക കാഴ്ചകൾ ആസ്വദിക്കുന്നതിനും ഇപ്പോൾ സന്ദർശകർക്ക് അനുവാദം നൽകിയിട്ടുണ്ട്. സന്ദർശകർക്ക് രാവിലെ 10 മുതൽ വൈകീട്ട് 6 വരെ അൽ ജാഹിലി കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ സന്ദർശകരെ അനുവദിക്കുന്നതാണ്. ശൈഖ് സായിദ് പാലസ് മ്യൂസിയം ഇതിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിൻ ഖലീഫയുടെ ഉത്തരവ് പ്രകാരം 1891ലാണ് ഈ കോട്ടയുടെ നിർമാണമാരംഭിച്ചത്. സായിദ് ഒന്നാമന്റെ കാലശേഷം ഈ കോട്ടയിൽ ഏതാനം പതിറ്റാണ്ടുകൾ അദ്ദേഹത്തിന്റെ പിൻഗാമികൾ താമസിച്ചിരുന്നു. തുടർന്ന്, ഏതാണ്ട് 1950കളിൽ ബ്രിട്ടീഷുകാർ വരുന്നത് വരെ കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രാദേശിക ആസ്ഥാനം എന്ന നിലയിൽ ഈ കോട്ട ഉപയോഗിച്ചിരുന്നു. 2007-2008 വർഷങ്ങളിൽ അൽ ജാഹിലി കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും കോട്ടയെ ഒരു ചരിത്ര സ്മാരകമാക്കി മാറ്റുകയും ചെയ്തു. ഒരു അന്വേഷണ കേന്ദ്രം, ബ്രിട്ടീഷ് സഞ്ചാരിയായിരുന്ന സർ വിൽഫ്രഡ് തെസിഗറുടെ ഓർമകൾ നിലനിർത്തുന്ന ഒരു സ്ഥിരം പ്രദർശനം എന്നിവ ഇന്ന് കോട്ടയിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

അൽ ഐൻ മൃഗശാല
രാജ്യത്തെ ഇക്കോടൂറിസത്തെ പിന്തുണയ്ക്കുന്നതിലും, പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും അൽ ഐൻ മൃഗശാല വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. 1968 ൽ ഷെയ്ഖ് സായിദ് പണി കഴിപ്പിച്ച ഈ മൃഗശാല 4 കിലോമീറ്റർ ആണ് നീണ്ടു കിടക്കുന്നത്. 200 തരം സ്പീഷിസിൽ ആയി 4000 ൽ അധികം ജീവികൾ ഇവിടെ ഉണ്ട് .വംശനാശം നേരിടുന്ന അറേബ്യൻ കലമാൻ ,മണൽ പൂച്ച ,ബ്രൗൺ ക്യാപ്പുച്ചിൻ എന്ന കുരങ്ങ് തുടങ്ങി നിരവധി ജീവികളെ പ്രത്യേകം ഇവിടെ പരിപാലിച്ചു സംരക്ഷിച്ചു വരുന്നുണ്ട്. മൃഗങ്ങളെ വളരെ അടുത്ത് കാണാൻ സാധിക്കുന്ന അൽ ഐൻ മൃഗശാല ഒരു ആഫ്രിക്കൻ സഫാരിയുടെ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

You might also like

Most Viewed