വീണ്ടുമൊരു അവധികാലമെത്തുമ്പോൾ


പ്രദീപ് പുറവങ്കര

കോവിഡ് ഉണ്ടാക്കിയ ദുരിതം കാരണം ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നവരുടെ എണ്ണം പതിനാറ് ലക്ഷത്തോളമാണെന്നാണ് നോർക്കയുടെ കണക്കുകൾ പറയുന്നത്. ഇതിൽ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഇപ്പോഴും ജോലിക്കായി ഗൾഫ് നാടിലേയ്ക്ക് എത്താൻ സാധിച്ചിരിക്കുന്നത്. പ്രവാസക്ഷേമത്തെ പറ്റി വാതോരാതെ സംസാരിക്കാൻ നൂറ് നാവുള്ള ഭരണാധികാരികളുടെ സ്ഥിരം ഉറപ്പുകളും, തിരിച്ചെത്തിയവന്റെ ജീവിതയാത്ഥാർത്ഥ്യങ്ങളും തമ്മിലുള്ള അജഗജാന്തരവ്യത്യാസങ്ങൾ ഇപ്പോഴും അതുപോലെ നിലനിൽക്കുന്നുണ്ട്. തിരിച്ചെത്തുന്ന പ്രവാസിയുടെ പുനരധിവാസത്തിന് ഇപ്പോഴും ഒരു ഏകജാലകസംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് സംവിധാനങ്ങൾക്ക് ആകുന്നില്ല എന്നതും ഖേദകരം. അതു കൊണ്ട് തന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയവരിൽ മഹാഭൂരിഭാഗം പേരും ജീവിതം മുമ്പോട്ട് കൊണ്ടുപോകാനായി വീണ്ടും കടൽ കടക്കാൻ ഒരു വിസയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയും സജീവമാണ്.

കോവിഡ് മഹാമാരി അടിച്ചേൽപ്പിച്ച അടച്ചിടലിൽ നിന്ന് അൽപ്പമൊരു ആശ്വാസവുമായിട്ടാണ് ഇത്തവണ പെരുന്നാൾ അവധി ദിനങ്ങൾ പ്രവാസികൾക്കിടയിലും വിരുന്നെത്തുന്നത്. കോവിഡ് രൂക്ഷമായ കാലത്തും ഗൾഫ് നാടുകളിൽ പിടിച്ചു നിന്നവരിൽ മഹാഭൂരിഭാഗം പേർ ആ കാലത്ത് നാട്ടിലേയ്ക്കുള്ള യാത്രകൾ മാറ്റിവെച്ചവരാണ്. പ്രത്യേകിച്ച് കുടുംബവുമായി താമസിക്കുന്നവർ. സുരക്ഷ കാരണങ്ങളും, യാത്ര ചെലവുകളും, രോഗവ്യാപനവും ഒക്കെ യാത്ര ചെയ്യുന്നതിൽ നിന്ന് അവരെ പിന്നോട്ട് വലിപ്പിച്ചിട്ടുണ്ട്. അതേസമയം രോഗവ്യാപനത്തിലുണ്ടായ കുറവ് കാരണം ഇത്തവണ പെരുന്നാൾ പ്രമാണിച്ച് കേരളത്തിലെത്തുന്നവരുടെ എണ്ണത്തിൽ റെക്കോർ‍ഡ് വർദ്ധനവ് ഉണ്ടാകുമെന്നാണ് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്നവർ സൂചിപ്പിക്കുന്നത്. ഇതു കൂടാതെ ഗൾഫ് നാടുകളിൽ മധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ അടക്കുന്നതോടെ കൂടുതൽ പേർ നാട്ടിലെത്താനായി തയ്യാറായി കൊണ്ടിരിക്കുകയാണ്. ഏതായാലും ഇതൊക്കെ കാരണം പതിവ് പോലെ വിമാന ടിക്കറ്റ് വിലയും വർദ്ധിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് ഉടനീളം വിനോദകേന്ദ്രങ്ങൾ ഒരുക്കിയും റോഡുകൾ നവീകരിച്ചും നാട്ടിലേയ്ക്ക് ഇത്തവണ വരുന്നവരെ സ്വീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് കുറേയൊക്കെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികൾക്ക് അത് മതിയാകുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ പത്തോളം ജില്ലകളിലൂടെ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചു. മധ്യവർഗത്തിന് ഭക്ഷണം വിളമ്പുന്ന ശുചിയായുള്ള ഭക്ഷണശാലകളുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവാണ് ഏറ്റവുമധികം അനുഭവപ്പെട്ടത്. കോവിഡ് ഉണ്ടാക്കിയ ക്ഷീണത്തിൽ കട പൂട്ടി പലരും ഹൊട്ടൽ വ്യവസായം നിർത്തിയിരിക്കുന്നു . നല്ല ഭക്ഷണശാലകളുടെ കുറവ് കാരണം മറ്റൊരു പ്രശ്നവും അനുഭവപ്പെട്ടു. അത് വൃത്തിയുള്ള ടോയിലറ്റുകളുടെ അഭാവമാണ്. സ്വച്ഛ് ഭാരത് കാംപെയിനൊക്കെ നടന്നുവന്നിട്ടും, റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ഒന്ന് കാര്യം സാധിക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്. ഈ കാരണം കൊണ്ട് തന്നെ രണ്ട് വർഷത്തിധികം നാട് മിസായി, മൊത്തം നൊസ്റ്റാൾജിയയുമായി നാടിന്റെ പച്ചപ്പും, ഗന്ധവും, കാറ്റും മഴയുമൊക്കെ അനുഭവിക്കാൻ പറന്നെത്തുന്ന പ്രവാസിക്ക് അതു കൊണ്ട് തന്നെ നാട്ടിലെ സമയമെടുത്തുള്ള റോഡ് സഞ്ചാരം പീഢനമായി മാറാനുള്ള സാധ്യത വളരെ കൂടുതല‍ാണെന്ന് പറയാതെ വയ്യ. അതേസമയം പ്രവർത്തിക്കുന്ന പല ഹൊട്ടലുകളിലും മതിയായ പരിശോധനകൾ നടക്കുന്നുണ്ടോ എന്ന കാര്യവും സംശയമാണ്. കടയുടെ മുമ്പിൽ മന്തിയുടെയും, അൽഫാമിന്റെയും ഒക്കെ വലിയ ബോർഡുകൾ ഉണ്ടെങ്കിലും അകത്തോട്ട് കയറിയാൽ പലയിടത്തും വൃത്തിഹീനമാണ് അവസ്ഥ. കോവിഡ് കാരണം നാട്ടിലേയ്ക്ക് തിരികെ പോയ അന്യഭാഷാ തൊഴിലാളികളുടെ സാന്നിദ്ധ്യകുറവായിരിക്കാം ഇതിന് കാരണമെന്ന് വിചാരിക്കാം.

ചെറുതും വലുതുമായ നഗരങ്ങളുടെ ഒരു വലിയ ചങ്ങലയാണ് നമ്മുടെ കേരളം. ഗൾഫ് നാടുകളിൽ കാണുന്നത് പോലെ മനോഹരമായ റെസ്റ്റാറന്റുകളുടെ ഒരു ശൃംഖല ഗവൺമെന്റ് തന്നെ മുൻകൈയെടുത്ത് ആരംഭിക്കുകയും, അത് ഫ്രാഞ്ചൈസി മോഡൽ ഉപയോഗിച്ച് പ്രവാസലോകത്ത് നിന്ന് തിരികെ എത്തിയ ഹൊട്ടൽ മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർക്ക് നടത്താനായി നൽകിയാൽ വലിയ സാധ്യതകളാണ് നമ്മുടെ സംസ്ഥാനത്തിനുളളത്. പുതിയ തലമുറ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ശുചിത്വമാണ്. പ്രത്യേകിച്ച് ഭക്ഷണ ഇടങ്ങളിൽ. അത് നൽകാൻ സാധിച്ചാൽ നമ്മുടെ കാടും മലകളും, തിറയും ഉത്സവങ്ങളുമൊക്കെ ആസ്വദിക്കാൻ എത്തുന്നവർക്ക് വലിയൊരു അനുഗ്രഹമാകുമെന്നത് തീർച്ച. സംസ്ഥാന ടൂറിസം വകുപ്പ് ഈ കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതട്ടെ.

You might also like

Most Viewed