ശബരിമല ചിന്തകൾ കഠിനം എൻ അയ്യപ്പ!!


പി. ഉണ്ണികൃഷ്ണൻ

ദൈവവിശ്വസത്തിനും അവിശ്വസത്തിനുമിടയിലൂടെയുള്ള ഒരു നേരിയ നൂൽപ്പാലത്തിലൂടെയാണ് ശരാശരി ബുദ്ധിയും വിവേകവും, വിവരവുമുള്ള ഒരു മനുഷ്യൻ പലപ്പോഴും നടക്കുന്നത്. ശരാശരി എപ്പോഴും ഭൂരിപക്ഷമായത് കൊണ്ട് തന്നെ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങളാണ് ഇവരുടെ ചിന്തയിൽ കരിമല കയറാൻ പറ്റാതെ ശരണം വിളിക്കുന്നത് അത്തരമൊരു ഭൂരിപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്ക് ശബരിമല പ്രശ്നത്തിൽ ഞാൻ എന്നോട് തന്നെ ചോദിച്ച 18 ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ പ്രതിപാദിച്ചിട്ടുള്ളത്. ഒരു ചോദ്യവും പൂർണ്ണമല്ല എന്നത് പോലെ തന്നെ ഒരു ഉത്തരവും പൂർണ്ണമാകുന്നില്ല എന്ന യുക്തി ചിന്ത അംഗീകരിച്ചുകൊണ്ട്.

1. ശബരിമലയിൽ സ്ത്രീകൾക്ക് സഞ്ചരിക്കാമോ?

ബഹിരാകാശത്ത് വരെ സഞ്ചരിച്ച സ്ത്രീകൾക്ക് ചന്ദ്രനിലും ചൊവ്വയിലും ആവശ്യമെന്ന് തോന്നിയാൽ പുരുഷൻമാരുടെ ടോയ്ലെന്റിൽ വരെ കയറാം. അപ്പോൾ ഈ ചെറിയ ഭൂമിയിലെ ചെറിയ സംസ്ഥാനമായ കേരളത്തിലെ കിഴക്കൻ പ്രദേശത്തുള്ള ശബരിമലയിൽ പ്രവേശിക്കുന്നത് തടയാൻ ആർക്കാണ് പറ്റുക?. ഗാർഹിക പീഢനം പുരുഷൻമാരുടെ മേൽ ഡേമോക്ലസിന്റെ വാൾ പോലെ തൂങ്ങുന്പോൾ ഒതേനൻമാർ മിത്തായി മാറുകയാണ്. അപ്പോൾ ആർക്കാണ് ആർച്ചമാരുടെ വഴി തടയുവാൻ കഴിയുക ?

2. പിന്നെ എന്തിനാണ് വിശ്വാസികൾ കോടതി നടപ്പിലാക്കിയ ഒരു വിധിയെ എതിർക്കുകയും സ്ത്രീ പ്രവേശനം തടയുകയും ചെയ്യുന്നത്.?

ക്ഷേത്രങ്ങൾ എന്നത് ഒരു പ്രാർത്ഥനാലയം അല്ല എന്നതാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. സ്വകാര്യ വ്യക്തികളുടേയോ രാജകുടുബത്തിന്റെ കീഴിലുണ്ടായിരുന്ന ഓരോ ക്ഷേത്രത്തിലേയും നിയമങ്ങൾ അവരുടെ വിശ്വാസങ്ങൾക്കും അതിലെ പ്രതിഷ്ഠയ്ക്കും ദേവതാസങ്കൽപത്തിനുമനുസരിച്ചാണ് ഉണ്ടായിരിക്കുന്നത്. താങ്കൾ സ്വന്തമായി ഒരു സ്ഥലം വാങ്ങി ആ സ്ഥലത്തിൽ ഒരു വീട് വെച്ച് വീടിന് ചുറ്റും ഒരു മതിലും ഗേറ്റും നിർമ്മിച്ചാൽ അവിടെ ആര് പ്രവേശിക്കണം എന്നുള്ളത് ആ വീട്ടുടമയുടെ അവകാശമാണ്. അങ്ങനെയാണ് ലോകത്ത് എല്ലായിടത്തും trespassers will be prosecuted എന്ന ബോർഡ് ഇപ്പോഴും നിലനിൽക്കുന്നത്. താങ്കളുടെ വീട്ടിലും പറന്പിലും ആർക്ക് വരാം എന്നുള്ളത് താങ്കളുടെ സ്വകാര്യതയാണോ കോടതിയുടെ അവകാശമാണോയെന്നതാണ് ശബരിമല ഭക്തരെ അലട്ടുന്ന പ്രധാന പ്രശ്നം.

3. സ്ത്രീ പുരുഷ സമത്വം എന്നതാണല്ലോ ശബരിമല വിഷയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇതിൻ്റെ പ്രസക്തി എന്താണ്?

സ്ത്രീ പുരുഷന് തുല്യമാകുകയോ പുരുഷൻ സ്ത്രീക്ക് തുല്യമാകുകയോ ചെയ്യണമെന്ന ചിന്ത തന്നെ പ്രാകൃതമാണ്. സ്ത്രീ സ്ത്രീയുടെ പരിമിതിയിൽ നിന്ന് പുരുഷൻ പുരുഷൻ്റെ പരിമിതിയിൽ നിന്ന് വളരുകയെന്നതാണ് പുരോഗമന വാദികൾ ആഗ്രഹിക്കുന്നത്. സ്ത്രീ പുരുഷനാകാൻ ശ്രമിക്കുന്പോൾ സ്ത്രീ അറിയാതെ പുരുഷനാണ് വലുത് എന്ന് അംഗീകരിക്കുകയാണ്. ബസ്സിൽ സ്ത്രീകൾകായി പ്രത്യേകം സീറ്റ് നൽകുന്നതും. സ്ത്രീ സംവരണം നിലനിൽക്കുന്ന കാലത്തോളം സ്ത്രീ പുരുഷന് സമമല്ലായെന്ന ഒാർമിപ്പിക്കലാണ് നടക്കുന്നത്. സ്ത്രീകൾ വലിയ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്ന. (ഏകദേശം എഴുപത് ശതമാനം) സ്വീഡനിലെ സ്റ്റോക്ക്ഹോം ആണ് ബലാത്സംഗത്തിൻ്റെ തലസ്ഥാനമായി അറിയപ്പെടുന്നതെന്നും ഓർക്കുക. ജൻഡറിനെ കുറിച്ച് ചിന്തിക്കേണ്ടത് കിടപ്പുമുറിയിൽ മാത്രമാണ്. സ്ത്രീ സമത്വം വാദിക്കുന്നവൻ സ്ത്രീയുടെ കൈ പിടിച്ചു മുൻപോട്ടു നടക്കുന്പോൾ സ്ത്രീകൾ മനസിലാക്കാതെ പോകുന്നത് ആ കരം ഗ്രഹിക്കുന്പോളും നടത്തുന്ന മേൽക്കോയ്മയാണ്

4. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വത്തിന്റെ കയ്യിൽ അല്ലേ?, അപ്പോൾ അധികാരവും ഒരു പരിധിവരെ അവരുടെ കയ്യിലല്ലേ?

ഹൈന്ദവരുടെ യത്ഥാർഥ പ്രശ്നവും ഇവിടെയാണ്. മതം ഒരു Ecnomic entity ആയി കണ്ട ബ്രിട്ടീഷുകാർ ധന സന്പാദനത്തിനായി കണ്ടെത്തിയ ഒരു മാർഗമാണ് ദേവസ്വം എന്ന ഉപായം. മറ്റു മതങ്ങളുടെ നടത്തിപ്പിലോ ഭരണ സംവിധാനത്തിലോ എന്ത് കൊണ്ട് സർക്കാർ ഇപ്പോഴും ഇടപെടുന്നില്ലായെന്ന ചോദ്യമാണ് ഹിന്ദുക്കൾ തേടുന്നത്.

5. ആചാരങ്ങൾക്കാണോ മൂല്യങ്ങൾക്കാണോ കൂടുതൽ പ്രസക്തി?.

ആചാരങ്ങൾ ഉണ്ടായത് മൂല്യങ്ങൾക്ക് വേണ്ടിയാണ്. നല്ല ആചാരങ്ങളാണ് പിന്നീട് നിയമങ്ങളായി മാറിയത്. സാംസ്കാരിക വളർച്ചയ്ക്കനുസരിച്ച് യുക്തിയുള്ള ആചാരങ്ങൾ നിയമങ്ങളായി മാറുകയും അനാചാരങ്ങൾ തിരസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

6. മതങ്ങളിലെ അനാചാരങ്ങൾ ആരാണ് മാറ്റേണ്ടത്?.

മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ പോരാടിയതും തിരുത്തിയതും അതേ മതത്തിലുള്ള ദാർശനികരാണ്. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണ ഗുരു, അയ്യങ്കാളി എന്നീ നാമങ്ങൾ ഇതിൽ ചിലത് മാത്രം. മതം വൈകാരികമായ ഒരു ചിന്തയായത് കൊണ്ട്. തന്നെ, അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങളിൽ കോടതി ഇടപെടുകയും അല്ലാത്തത് മതത്തിന് തന്നെ വിട്ട് കൊടുക്കുന്നതാണ് അനാവശ്യമായ കലാപങ്ങളും മതസ്പർദയും വളർത്താതിരിക്കാൻ നല്ലത്.

7. ആചാരങ്ങൾക്ക് പിന്നിൽ ഒരു ശാസ്ത്രീയ ചിന്തയുണ്ടെന്ന് മത വിശ്വാസികൾ പറയുന്നു ഇതിൽ സത്യമുണ്ടോ?

ഇവിടെ ശബരിമലയുടെ കാര്യം തന്നെയെടുക്കാം ശബരിമലയിൽ നിരന്തരം പോയ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് കറുപ്പുടുക്കുന്നത് വനത്തിലൂടെ നടക്കുന്പോൾ മൃഗങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാതിരിക്കാനാകാം. നെയ്യ് കരുതിയിരിക്കുന്നത് വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി നനഞ്ഞ് കുതിർന്ന ഇലകളിൽ നെയ്യൊഴിച്ചാൽ പെട്ടന്ന് തീ പടരുന്നത് കൊണ്ടാകാം. അവിലും മലരും പഴവും കരുതുന്നത് യാത്രക്കിടയിൽ വിശക്കുന്നോൾ കഴിക്കാനാകാം. പടക്കം കൊണ്ടുപൊയ്ക്കൊണ്ടിരുന്നത് മൃഗങ്ങളെ ഒാടിക്കാനായിരിക്കാം. പേട്ടതുള്ളൽ മലകയറ്റത്തിന് മുന്പുള്ള warm up exercise ആയിരിക്കാം. ഇരുമുടിക്കെട്ട് തലയിൽ വെയ്ക്കുന്നത് തിക്കിലും തിരക്കിലും മറ്റുള്ളവരെ തള്ളിയിടാതെ കൈകൾ ഉപയോഗിക്കാനായിരിക്കാം. പതിനെട്ടാം പടിയിൽ കൂർത്തമുനയുള്ള പടികൾ പണിതത് ഭക്തന്മാർ അധികനേരം നടയുടെ മുന്നിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാനാകാം. തെങ്ങിൻ തൈകൾ കൊണ്ടുപോയിരുന്നത് വനം മാറ്റി ചുറ്റുമുള്ള സ്ഥലം ഒരു ഗ്രമമാക്കാനാകാം. ഈ പറഞ്ഞ ആചാരങ്ങൾക്ക് പിന്നിൽ അത്തരമൊരു യുക്തി താങ്കൾ കാണുന്നെങ്കിൽ അതിനെ ശാസ്ത്രമെന്നും അല്ലെങ്കിൽ ഭക്തിയെന്നും വിളിക്കാം.

8. എന്താണ് വിശ്വാസം?

എല്ലാം അന്ധമായി വിശ്വസിക്കുന്നത് മൂഢത്വമാണെന്ന് ശാസ്ത്രത്തിന്റെ പിൻബലത്തോടെ നിരീശ്വരവാദികൾ പറയുന്പോൾ എല്ലാ വിശ്വാസങ്ങളും അന്ധമാണെന്ന് വിശ്വാസികൾ വാദിക്കുന്നു. വിമാനത്തിൽ സഞ്ചരിക്കുന്ന യുക്തിവാദി അതിന്റെ സാങ്കേതിക വിദ്യയിലും പൈലറ്റിനെയും വിശ്വസിക്കുന്പോൾ വിശ്വാസി അതിനപ്പുറമുള്ള വിധിയിലും വിശ്വസിക്കുന്നു .ഒരു കെട്ടിടത്തിന്റെ ഉള്ളിൽ കിടന്നുറങ്ങുന്ന നീരിശ്വരവാദി അത് നിർമിച്ച എഞ്ചിനീയറെ വിശ്വസിക്കുന്നതും അന്ധമായിട്ടാണ് .വിമാനത്തിൽ യാത്ര ചെയ്യുന്ന നീരിശ്വര വാദിയുടെ വിശ്വാസം അതിലെ പൈലറ്റ് ‘മെയ് ഡേ’ എന്ന് അന്നൗൺസ് ചെയ്യുന്നതു വരെയെങ്കിൽ കെട്ടിടത്തിൽ ഉറങ്ങുന്നവന്റെ വിശ്വാസം ഒരു ഭൂമി കുലുക്കം വരുന്നത് വരെ മാത്രം.

9. ദൈവമുണ്ടോ?

ദൈവം മാത്രമല്ല പിശാചുക്കളും ഉണ്ട്! സാത്താൻമാർ ഇല്ല എന്ന് വിശ്വാസി പറയുന്നത് കരയുണ്ട് കടലില്ല എന്ന് പറയുന്നത് പോലെയാണ്. കടൽ ഇല്ലെങ്കിൽ കരയ്ക്കു കര എന്ന ഐഡന്റിറ്റി നഷ്ടപ്പെടുന്നു എന്നതാണ് ഇതിലെ ചിന്ത.

10. മറ്റു മത സംഘടനകളും ശബരിമലയിൽ ഭക്തതരോടൊപ്പം നിൽക്കുന്നത് എന്ത് കൊണ്ട്‌ ?

അത് ഹൈന്ദവരോടുള്ള സ്നേഹത്തിന്നപ്പുറം ജുഡീഷ്യറി മതപരമായ ആചാരങ്ങളിൽ ഇടപെടാൻ തുടങ്ങിയാൽ അത് അവരെയും ബാധിക്കുമെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ്. അങ്ങിനെ വന്നാൽ ഭാവിയിൽ കുർബാനയും വെഞ്ചരിക്കലും കുരിശ് ചുമക്കുന്നതും, നിസ്കരിക്കുന്നതും പർദ്ദ ധരിക്കുന്നതും, നെഞ്ചത്തടിച്ചു പ്രാർത്ഥിക്കുന്നതും അനാചാരമായി കോടതി പ്രഖ്യാപിച്ചേയ്ക്കാം എന്ന ഭയം അവരിലുമുണ്ട്. വരും ദിവസങ്ങളിൽ വെളിച്ചപ്പാടിനേയും, തീയിൽ ചാടുന്ന തെയ്യത്തെയും ഇതേ നിയമം വഴി കോടതി എതിർക്കുമെന്ന് ശബരിമല ഭക്തരും ഭയപെടുന്നുണ്ട്.

11. മാർക്സിസ്റ്റ് പാർട്ടിയുടെ സമീപനത്തെ എങ്ങിന്നെ കാണുന്നു?

മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ശത്രു മത സംഘടനകളാണ്. മതങ്ങളിലെ ആചാരങ്ങൾ ഇല്ലാതായാൽ അത് എല്ലുകൾ ഇല്ലാത്ത ശരീരം പോലെ കേവലം ജഡാവസ്ഥയിൽ ആകുമെന്ന് മുൻപേ ഇവർ മനസ്സിലാക്കിയിട്ടുമുണ്ട്‌. മാർക്സിനെ ദൈവമായും, ദാസ് ക്യാപിറ്റൽ എന്ന പുസ്തകത്തെ വിശുദ്ധ ഗ്രന്ഥമായും കാണുന്ന കമ്മ്യൂണിസ്റ്റ് ഭക്തർ ഉണ്ടാക്കിയിരിക്കുന്നതും വലിയ ഒരു മതം തന്നെയാണ്. ഹൈന്ദവ സംസകാരത്തിലുള്ള സ്വത്രത്തിന്റെ ഒരു ശതമാനം സ്വാതന്ത്രം പോലും അണികൾക്ക് അവർ നൽകുന്നില്ല എന്നതാണ് സത്യം. പാർട്ടി നടത്തുന്ന സമരത്തിൽ പങ്കെടുക്കാത്തവരെ ഭീക്ഷണിപ്പെടുത്തുന്പോൾ, പാർട്ടിയിൽ നിന്ന് പുറത്താകുന്പോൾ അന്പലത്തിൽ പോകാത്ത ഒരു വിശ്വാസിയെയും ഒരു മത പണ്ധിതനും ഇത് വരെ ഭീഷണിപ്പെടുത്തിയിട്ടില്ല. മതത്തിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്നും ഓർക്കുക. തെറ്റ് ചെയ്യുന്ന ആൾ ദൈവങ്ങളെ അവരുടെ ഭക്തർ സംരക്ഷിക്കുന്നത് പോലെ, പാർട്ടിയിലെ തെറ്റ് ചെയ്യുന്ന നേതാക്കന്മാരെ സദാ സംരക്ഷിക്കുവാൻ അണികളും ശ്രമിക്കുന്നുണ്ട്.

12. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മതം ആണെങ്കിൽ അതിൽ ആചാരങ്ങൾ എവിടെയെങ്കിലും ഉണ്ടോ?

ഉറപ്പായിട്ടും ഉണ്ട്. ഒറ്റ നോട്ടത്തിൽ അവ കാണുവാൻ പറ്റില്ലെങ്കിലും സൂക്ഷ്മമായി നീരീക്ഷിച്ചാൽ കാണാവുന്നതാണ്. റോഡരികിൽ ഒരു സിമന്റ് തറയുണ്ടാക്കി അതിന്റെ മുകളിൽ ഒരു കുറ്റിയുംഉറപ്പിച്ച് അതിനു പിറകിൽ കവുങ്ങു മുറിച്ചു ഒരു കൊടിയും കെട്ടി, അതിൽ രക്തപുഷ്പാർച്ചന നടത്തി ലാൽ സലാം എന്ന് വിളിക്കുന്നത് ഒരു അനാചാരമല്ലെങ്കിൽ അന്പലങ്ങൾ എങ്ങിനെയാണ് അനാചാരം ആകുക. ഒരു വലിയ കലാപം വന്നു ഒരു ലക്ഷം കമ്മ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടാൽ പിന്നെ നാട്ടിൽ രക്തസാക്ഷി മണ്ധപങ്ങൾ തട്ടാതെ വഴി നടക്കാൻ പറ്റുമോ ?

13. ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ പാർട്ടിക്കും സർക്കാറിനും ഇടപെടാം എന്ന് സഖാക്കൾ നിരന്തരം പറയുന്നത് എന്ത് കൊണ്ട്?

സി.പി.എം ശോഭായാത്ര നടത്തി ശ്രീകൃഷ്ണനെ കമ്മ്യൂണിസ്റ്റ് ആക്കാൻ നോക്കിയതാണ് നാം കണ്ട ഏറ്റവും വലിയ തമാശ. പാർട്ടിയിലുള്ള ഭൂരിപക്ഷം പേരും ദൈവവിശ്വാസികൾ ആണ് എന്ന തിരിച്ചറിവാണ് പാർട്ടിയുടെ ഏറ്റവും വലിയ തലവേദന. പി.കെ ശശിയുടെ കാര്യത്തിൽ അത് ഒരു പാർട്ടി പ്രശ്നമാണ് എന്ന് പറഞ്ഞ നേതാക്കൾ വെല്ലുവിളിച്ചത് ഇവിടുത്തെ നിയമവ്യവസ്ഥയെയാണ്. അത്തരമൊരു പ്രസ്ഥാനം മതപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് മത നേതാക്കൾ അല്ല എന്ന് വാദിക്കുന്നതിൽ ഒരു യുക്‌തികേടുണ്ട്.

14. ദേവസ്വം ബോർഡിൽ അന്യമതസ്ഥരെ കയറ്റണമെന്ന പാർട്ടി തീരുമാനത്തെ എങ്ങിന്നെ കാണുന്നു?

സി.പി.എം പോളിറ്റ് ബ്യൂറോയിൽ അമിത്ഷായെ എടുക്കണമെന്ന് പറയുന്നത് പോലെയാണ് കാണുന്നത് .

15. മതം ഒരു ഇക്കണോമിക് എന്റിറ്റി ആണോ?

അന്നും ഇന്നും എന്നും മതം ധനവുമായി ബന്ധപെട്ടു കിടക്കുന്നതാണ്. സന്തോഷം പണവുമായി ബന്ധപെട്ടു കിടക്കുന്ന കാലത്തോളം മതം ഒരു ഇക്കണോമിക് എന്റിറ്റി തന്നെയായിരിക്കും സൈക്കിൾ ബ്രാൻഡ് ചന്ദനത്തിരി കത്തിച്ച്‌ ദൈവമുണ്ടെന്നു വിശ്വസിക്കുന്നവനും, ‘മായാസ് കോയാസ്’ ചന്ദനത്തിരി കത്തിച്ച്‌ സ്വാമിയെ തേടുന്നവനും ഇത്തരമൊരു എക്കണോമിക് എന്റിറ്റിയുടെ നെറ്റ്‌വർക്കിലെ കണ്ണിയിലെ ഒരു ചെറിയ ഇര മാത്രം. ശത്രുസംഹാര പൂജ ചെയ്യുന്ന പൂജാരിക്കും, ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ ഉറുക്ക് ജപിച്ചു നൽകുന്ന മതപണ്ധിതനും, കുന്പസാരക്കൂട്ടിലിരുന്നു ഉപദേശിക്കുന്ന വൈദികനും ആത്യന്തികമായി ലക്ഷ്യമിടുന്നത് പണമാണ്. അതിനെ ഭക്തർ ദക്ഷിണയെന്ന കോമളപദം നൽകി ആദരിക്കുന്നു എന്ന് മാത്രം.

16. മായവാദത്തിൽ വിശ്വസിക്കുണ്ടോ?

സൈക്കിൾ ബ്രാൻഡ് ആണെങ്കിലും മായാസ് കോയാസ് ആയാലും ചന്ദനത്തിരിയിൽ അഗ്നി പകരുന്പോൾ സുഗന്ധം വമിക്കുന്നത് പോലെ, അറിവിന്റെ അവസാന വാക്കെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വേദാന്തത്തെ പുണരുന്പോൾ മനസ്സിൽ അഗ്നി പടരുമെന്നും അത് വഴി ചിന്തയിൽ ‘ബോധം’ വരികയും അങ്ങിന്നെ ആത്മാവിനെ തിരിച്ചറിയുകയും ചെയ്യുമെന്നാണ് പണ്ധിത മതം. അന്നമായ, പ്രാണമായ, മനോമായ കോശങ്ങൾ വഴി ഞാൻ ബ്രഹ്മമാകുന്നു എന്ന തിരിച്ചറിവ് വരാത്ത എന്നെ പോലെയുള്ള ശരാശരിക്കാർ ശരണം വിളിച്ചു കരിമല കയറുന്നു. ഞാൻ കണ്ട പല നീരിശ്വരവാദികളും സത്യസന്ധന്മാരായിരുന്നു. അതിലുള്ള കള്ളനാണയങ്ങൾ പലപ്പോഴും അതി ഭീകരവാദികളുമായിരുന്നു. ഒരുവലിയ മരത്തിന്റെ ഏറ്റവും അറ്റത്തുള്ള ഒരു നേരിയ ശാഖയിൽ ഇരിക്കുന്ന കിളിയെപോലെയാണ് ഓരോ നീരിശ്വര വാദിയും ഇരിക്കുന്നത്. പേമാരി വന്നാലും പ്രളയം വന്നാലും മരം കടപുഴകി വീണാലും അവർ ഭയപ്പെടുന്നില്ല. കാരണം അവർ വിശ്വസിക്കുന്നത് അവരുടെ ചിറകുകളേയാണ് .ചിന്തയുടെ അനന്തമായ യുക്തിയിലേക്കു പറക്കുവാൻ ആ ചിറകുകൾ അവരെ സഹായിക്കുന്നുണ്ട്. അത്തരമൊരു ചിറകിൽ ഞാൻ വിശ്വസിക്കാത്തത്‌ അതിന്റെ പരിമിതി മനസ്സിലാക്കിയത് കൊണ്ടാണ്.

17. ശബരിമല പ്രശ്നത്തിൽ ഒരു സർക്കാർ എന്ന നിലയിൽ സഖാവ് പിണറായി വിജയൻ എടുക്കേണ്ട പ്രായോഗിക തീരുമാനം എന്തായിരുന്നു ?

സ്ത്രീകളുടെകൂടെയാണ് പാർട്ടി നിൽക്കുന്നത് എന്നതും പുരോഗമനത്തിന്റെ കൂടെയാണ് പാർട്ടി നിൽക്കുക എന്നതും സഖാവ് പറഞ്ഞത് പാർട്ടിയുടെ തലത്തിൽ ന്യായമായ വാദം തന്നെയാണ് അതേ സമയം ഇത്തരമൊരു പ്രശ്നം അത്ര ഗൗരവമായ സാമൂഹികപ്രശ്‌നമല്ലെന്നും അത് കൊണ്ട് തന്നെ അതിന്റെ നടപടി ബന്ധപ്പെട്ട മത നേതാക്കളുമായി ചർച്ചചെയ്തു പരിഹരിക്കാമെന്നും, ഇത് ഒരു വർഗീയ ലഹളയ്ക്ക് വളം ഒരുക്കുമെന്നും അത് വഴി കൂടുതൽ അനിഷ്ടങ്ങൾ ഒഴിവാക്കാൻ സമയം വേണം എന്നായിരുന്നു മുഖ്യമന്ത്രി പറയേണ്ടിയിരുത്, വരും ദിവസങ്ങളിൽ കോടതി വിധി നടപ്പാക്കാൻ ഓടുന്ന ഓട്ടത്തിൽ ഏതെങ്കിലും ഭക്തൻ കൊല്ലപ്പെട്ടാലാണ് മുഖ്യ മന്ത്രി പ്രതിക്കൂട്ടിലാകുക . അത് പാർട്ടിക്കും പാർട്ടിയുടെ പ്രതിച്ഛായക്കും വരുന്ന ഇലക്ഷനിലെ വോട്ടിനെയും ബാധിക്കും.

18. ചിന്തയുടെ പതിനെട്ടാം പടിയിലെത്തി പ്രാർത്ഥിച്ചു കണ്ണടച്ചു നോക്കുന്പോൾ ലഭിക്കുന്ന ജ്ഞാനദൃഷ്ടിയിൽ ഇത്തരമൊരു പ്രശ്നം ആരുടെ അജണ്ടയാണ് എന്നാണ് തോന്നുന്നത്?

കണ്ണടച്ച് ശരണം വിളിച്ചു ആകാശത്തെ നോക്കിയപ്പോൾ ആദ്യം കണ്ടത് ഒരു ചന്ദ്രകലയായിരുന്നു. പിന്നീട് വീണ്ടും പ്രാർത്ഥിച്ചു നോക്കിയപ്പോൾ തെളിഞ്ഞു വന്നത് ഒരു നക്ഷത്രവും അതിനടുത്തായി ഒരു അരിവാളുമായിരുന്നു. അവസാനം ധ്യാനനിമഗ്നനായി കണ്ണടച്ച് പ്രാർത്ഥിക്കുന്പോൾ ആകാശത്തു കാണുന്നത് അങ്ങു ദൂരെ ഒരു പരുന്ത് കേരളത്തെ നോക്കി പറക്കുന്നതാണ്. താഴെ കേരളത്തിന്റെ ഒരു മൂലയിൽ പുക പടരുന്നത് പരുന്തിന് പ്രതീക്ഷകൾ ഏറെ നൽകുന്നുമുണ്ട്.

You might also like

Most Viewed