ശബരിമല സമരം ജനാധിപത്യത്തെ തകിടം മറിക്കാനുള്ള കൊടുംവേല


അനിൽ വേങ്കോട്

ബരിമല സ്ത്രീ പ്രവേശത്തിൽ നിലവിൽ ഉണ്ടായിരുന്ന എല്ലാ വിലക്കുകളും നീക്കി കൊണ്ടുള്ള സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി കേരളത്തിൽ ഉയർത്തിയിരിക്കുന്ന  രാഷ്ട്രീയ സാഹചര്യങ്ങൾ അത്യന്തം അപകടകരവും ഗൗരവതരവുമാണ്. ഒരു രാജ്യത്തിനുള്ളിൽ നടക്കുന്ന ഏതെങ്കിലും വിധത്തിലുള്ള വ്യവഹാരങ്ങൾ അത് വിശ്വാസപരമോ സാമൂഹികമോ രാഷ്ട്രീയമോ ആയികൊള്ളട്ടെ,  അതൊരു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ അതിന്റെ നീതിയും നിയമസാധുതയും പരിശോധിച്ച് ഒരു വിധിപറയാൻ കോടതിക്ക് ബാധ്യതയുണ്ട്. ആ നിലയിൽ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളെ വിലക്കിയി രുന്ന നടപടിയെ ചിലർ കോടതിൽ ചോദ്യം ചെയ്തു. അയ്യപ്പനിൽ വിശ്വസിക്കുന്ന അവർക്ക് ക്ഷേത്ര ദർശനത്തിനു തടസ്സങ്ങളില്ലാതെ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.

 

 ആ നടപടിയെ ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവങ്ങളോട് ഒത്തു നോക്കി സുപ്രിം കോടതിയുടെ പരമോന്നത ബോഡിയായ അഞ്ചംഗ ഭരണഘടനാബഞ്ച് ഒരു വിധി പറയുകയും ചെയ്തു. ഇതിനോട് അഭിപ്രായ വ്യത്യസമുള്ളവരും ഇതിനാൽ വേദന തോന്നുന്നവരുമൊക്കെയുണ്ടാവാം.  പക്ഷെ എന്താണ് അത്തരമൊരു സാഹചര്യത്തിൽ ചെയ്യേണ്ടത്. ഈ കേസിൽ ഇനിയൊരു അപ്പീൽ ബോഡിയുണ്ടോ എന്ന് അന്വേഷിക്കുക, അതല്ലങ്കിൽ ഒരു നിയമ നിർമ്മാണ സാധ്യതയുണ്ടോ എന്നാരായുക, അതുമല്ലങ്കിൽ ഒരു റിവിഷൻ പെറ്റീഷനിലൂടെ കോടതി മുമ്പാകെ ബോധിപ്പിക്കാൻ വിട്ടുപോയകാര്യങ്ങളോ, കക്ഷികളോ ഉണ്ടങ്കിൽ അവയൊക്കെ അവതരിപ്പിച്ച് ഒരനുകൂലവിധി നേടുക.  ഇതൊക്കെയാണ് ഇന്ത്യൻ അവസ്ഥയിൽ ഇന്ന് സാധ്യമായ കാര്യങ്ങൾ. ഇതിൽ അപ്പീൽ സാധ്യതയില്ല, കേന്ദ്ര ഗവൺമെൻറ് വഴി ഓർഡിനൻസോ, നിയമ നിർമ്മാണമോ നടത്താം. എന്നുവച്ചാൽ കോടതി ഭരണഘടനയുടെ ചില അടിസ്ഥാനങ്ങളോട് ഈ കേസിലെ പ്രശ്നം തട്ടിച്ചുനോക്കി അഭിപ്രായം പറഞ്ഞിരിക്കയാൽ അതിനെ മറികടക്കാൻ ശ്രമിക്കുന്ന നിയമ നിർമ്മാണം കോടതിയിൽ ചോദ്യം ചെയ്താൽ പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോവും. പിന്നെ ആകെയുള്ള വഴി റിവിഷൻ പെറ്റീഷനിൽ ആണ്. അതിലുള്ള പ്രതീക്ഷ എത്ര ശതമാനം വയ്ക്കാം. കാരണം ഈ കേസിൽ  മിക്കവാറും കക്ഷികളും ഹാജരാവുകയും അവരുടെ വാദങ്ങളെല്ലാം അവതരിപ്പിക്കുകയും ചെയ്തിരുന്നു. മിക്കവാറും പ്രശ്നങ്ങളെ കോടതി അവധാനതയോടെ പരിഗണിക്കുകയും വിധി പ്രശ്ന മേഖലകളെ  നന്നായി കവറു ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

ഇതിലൊന്നും വരാത്ത വിഷയങ്ങൾ കൊണ്ടുവന്ന് ഇതേ കോടതിയിൽ നിന്ന് മറ്റൊരു വിധി സമ്പാദിക്കുക  എന്നത് എത്രമാത്രം പ്രതീക്ഷയറ്റകാര്യമാണെന്ന് നിയമബോധമുള്ള ആർക്കും അറിയുന്ന കാര്യമാണ്. എന്നിട്ടും ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയ്യാളുന്ന ബിജെപിയും സ്വാതന്ത്ര്യലബ്ദി മുതൽ അത് ദീർഘകാലം കൈകാര്യം ചെയ്തിരുന്ന കോൺഗ്രസ്സും ഈ വഴികളൊന്നും ആലോചിക്കാതെ റോഡ് ഉപരോധിക്കാനും കേരള മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കാനും, സ്ത്രീകളെ വലിച്ചുക്കീറുമെന്നും ചുട്ട് ഭംസ്മമാക്കുമെന്നെല്ലാം ഭീഷണിപ്പെടുത്താനും സംസ്ഥാനമൊട്ടാകെയുള്ള ക്രിമിനലുകളെ കൊണ്ടുവന്ന് സ്ത്രീകളെയും, മാധ്യമപ്രവർത്തകരെയും ആക്രമിക്കാനും പൊതുമുതൽ നശിപ്പിക്കാനും ഇറങ്ങിതിരിച്ചിരിക്കുന്നതിന് എന്താവാം കാരണം ?

 

ഇന്ത്യൻ ഭരണഘടനയെ അനുസരിക്കാനും അതിനുള്ളിൽ നിന്ന് പ്രവർത്തിക്കാനും  വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മതങ്ങൾക്കും അതിന്റെ പൗരോഹത്യത്തിനും ബാധ്യതയില്ലേ? ഭരണഘടനയുടെ പരിമിതികളെ ഉല്ലംഘിച്ച് ആഗ്രഹിക്കാൻ ഒരുജനതയ്ക്ക് അവകാശമില്ലായെന്നല്ല പറഞ്ഞു വരുന്നത്, അതും ആഗ്രഹിക്കാം,  ആവശ്യങ്ങൾ ഉന്നയിക്കാം പക്ഷെ അത് ജനങ്ങളിൽ അഭിപ്രായ സമന്വയം ഉണ്ടാക്കിയും രാഷ്ട്രീയ തീരുമാനങ്ങൾ ജനാധിപത്യപരമായി എടുക്കാൻ യോഗ്യത നേടിക്കൊണ്ടുമാവണം. അതായത് നാം നമ്മുടെ ഭരണഘടനയുടെ അതിരുകളെ വിപുലപ്പെടുത്തുകയും കൂടുതൽ ജനാധിപത്യപരമാക്കി തീർക്കുകയും ചെയ്യാൻ നിരന്തര സമരം വേണ്ടതുതന്നെയാണ്. പക്ഷെ ഇവിടെ അവശ്യം ഉയരുന്നത് ഉള്ള വാതായനങ്ങൾ കൂടി അടയ്ക്കാനാണ്.

 

ഈ സമരം ഒരുജനാധിപത്യ സമൂഹത്തിൽ ഏതെങ്കിലും വിധത്തിൽ നടക്കേണ്ട ഒരു സമരമല്ല അത് ഒരു തരത്തിലും ഒരു സമൂഹത്തിൽ പുലർത്തേണ്ട നീതിയുടെ പെരുമാറ്റ രീതികൾ അവലംബിക്കുന്നില്ല. കള്ളപ്രചാരണത്തിലൂടെ വെറുതേ എതിരാളികളെ മിനഞ്ഞുണ്ടാക്കിക്കൊണ്ട് തികച്ചും രാജ്യത്തിന്റെ ഭരണസംവിധാനത്തെയും സാമൂഹ്യവിതാനത്തെയും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതായത് പൂർണ്ണമായ രാജ്യവിരുദ്ധ പ്രവർത്തനമാണ്.

 

വിശ്വാസങ്ങളെ സംരക്ഷിക്കണം അവിടേയ്ക്ക് ഭരണഘടനയുടേയോ മറ്റ് നിയമങ്ങളുടെയോ സാധ്യതയാൽ കടന്നുകയറരുത് എന്നാണ് പ്രബലമായ ഒരു വാദം. കോടതി ഈക്കാര്യത്തെത്തന്നെയാണ് പ്രധാനമായും പരിഗണിച്ചത് എന്നതാണ് സത്യം. രണ്ടു വിശ്വാസികൾ അവരിലൊരാൾ കയറാമെന്ന് വിശ്വസിക്കുന്നു.  മറ്റൊരാൾ കയറിക്കൂടായെന്ന് വിശ്വസിക്കുന്നു. അപ്പോൾ കയറികൂടാ എന്ന് കരുതുന്നയാൾക്ക് അവിടെ കയറാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റേയാളെ ആചാരത്തിന്റെ പേരു പറഞ്ഞ് കയറുന്നതിൽ നിന്ന് തടയാൻ അവകാശമില്ലായെന്ന് കോടതി അസന്നിഗ്ദ്ധമായി വിധിച്ചു.

 

വിശ്വസിക്കാനുള്ള, പ്രാർത്ഥിക്കാനുള്ള അവകാശത്തെ ഉറപ്പിച്ചുകൊണ്ടാണ് ഈ കോടതി വിധി ഉണ്ടായിട്ടുള്ളത്. കൂടതെ മനുഷ്യർക്കിടയിൽ ലിംഗപരമോ ജൈവപരമോ തുടങ്ങിയ ഒരു തരത്തിലുള്ള വേർതിരിവും ഇതിൽ പാടില്ലായെന്ന് കോടതി വിധിക്കയുണ്ടായി. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ജനാധിപത്യത്തിന്റെ വിപുലീകരണത്തിനു നൽകിയ വലിയ സംഭാവനകളിലൊന്നായി നാളെ ഈ വിധിയെ ലോകം നോക്കിക്കാണും എന്നതിൽ ഒരു സംശയവും വേണ്ട. 

 

മനുഷ്യവംശം അതിൽ തന്നെ വിശ്വാസി സമൂഹം വിശ്വാസങ്ങളെ മാറ്റമില്ലാതെ സംരക്ഷിച്ചുകൊണ്ടാണോ ഇവിടം വരെയെത്തിയത്? അല്ല. ചിലപ്പോ വിശ്വാസങ്ങളെ അടിമുടി മാറ്റിമറിച്ച്  മറ്റൊരു വിശ്വാസരീതിയെ മുളപ്പിച്ചെടുത്തും മറ്റ് ചിലപ്പോൾ  നിരന്തരമായി വിശ്വാസങ്ങളെ പുതുക്കിപ്പണിതും പരിഷ്കരിച്ചും കൊണ്ടാണ് മനുഷ്യർ മുന്നോട്ട് പോകുന്നത്. അതിൽ പലഘടകങ്ങൾ കടന്നുപ്രവർത്തിച്ചിട്ടുണ്ട്. ജനതകൾ തമ്മിൽ കലരുമ്പോൾ സംസ്കാര സമന്വയങ്ങൾ ഉണ്ടാവുകയും നിലനിൽക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും പുതുക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പൻ തന്നെ ബുദ്ധമത സംസ്കാരം കേരളീയ ഹിന്ദു ജീവിതത്തോട് സ്വാംശീകരിച്ചതിൽ നിന്ന് വന്ന സങ്കല്പമാണ്. വാവരും ശരണം വിളികളുമെല്ലാം ഇങ്ങനെ പരിവർത്തന അടയാളങ്ങളായി അവിടെ നിറഞ്ഞു നിൽപ്പുണ്ട്.

 

ജനാധിപത്യത്തിൽ അടിയുറച്ച ഒരു പരമാധികാര രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടതു മുതൽ വന്ന ഏറ്റവും പ്രധാന മാറ്റം ഇവിടുത്തെ തൊഴിലുകളും സ്ഥാനമാനങ്ങളും കുടുംബപരമായി കൈമറുന്നതിൽ നിന്നും മാറി യോഗ്യതകളുടെ പൊതു മാനദണ്ധങ്ങൾക്കനുസൃതമായി എന്നതാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരെയും, കളക്ടറെയും തഹസീൽദാറെയും ന്യായധിപന്മാരെയും എല്ലാം യോഗ്യതകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ തുടങ്ങി. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതുകൊണ്ട് നിങ്ങൾക്ക് ഒരധികാര സ്ഥാനമോ തൊഴിലോ കൈവരില്ല. ഒരു ആധുനികരാഷ്ട്രം അവിടുത്തെ ജനങ്ങൾക്ക് നൽകുന്ന നീതിയുടെ ഏറ്റവും വലിയ മുഖമാണിത്.

 

അതുകൊണ്ടാണ് ദേവസ്ഥാനങ്ങൾക്ക് വേണ്ട പൂജാരികളെവരെ യോഗ്യതാ പട്ടികയുണ്ടാക്കി അവിടെ നിന്ന് തെരഞ്ഞെടുക്കുന്നത്. എന്നിട്ടും ഇന്നും പഴയ രാജഭരണത്തിന്റെയും ഫ്യൂഡൽ വ്യവസ്ഥയുടെയും ശേഷിപ്പുകൾ ഇപ്പോഴും നമ്മുടെ പൊതു സംവിധാനങ്ങളിൽ  പിടിച്ചു തൂങ്ങി നിൽപ്പുണ്ട്. വളരെകുറച്ച് സ്ഥാനങ്ങളിലേ ഈ തൂങ്ങിയാട്ടം ഇന്ന് സാധ്യമാവുന്നുള്ളൂ. അത്തരമൊരു തൂക്കമാണ് താഴ്മൺ കുടുംബത്തിന്റെ തന്ത്രി പദവിയിലും ഊരായ്മയുടെ ചില അവകാശ പിന്തുടർച്ച അവകാശപ്പെട്ടുകൊണ്ട് പണ്ട് നാട്ടുരാജ്യഭരണമുണ്ടായിരുന്ന പന്തളത്തെ ഒരു കുടുംബവും ശബരിമല ക്ഷേത്രത്തിലും അതിന്റെ അളവറ്റ നടവരവിലും ഗുണഭോക്താക്കളാവുന്നത്. തന്ത്രവിദ്യയിൽ യാതൊരു പ്രാവീണ്യവും ഇല്ലായെന്ന് ഹൈക്കോടതി മുമ്പാകെ വെളിപ്പെട്ടിട്ടും ഈ തൊഴിലിൽ നിർലജ്ജം തുടരുന്നുവെന്നത് നമ്മളെ ഇക്കാലത്ത് അത്ഭുതപ്പെടുത്തും. ഓരോ വർഷവും ഇവിടുത്തെ നടവരവിൽ നിന്ന് ഇത്തരക്കാർ കോടികളാണ് സ്വന്തമാക്കുന്നത്.

 

ഈ പണത്തിന്റെ ഒരംശം ചെലവാക്കികൊണ്ടാണ് രാഹുൽ ഈശ്വറിനെപ്പോലുള്ളവർ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആളെ സംഘടിപ്പി ക്കുന്നത്. ഇവർക്ക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ലായെന്നാണ് വാദം. കാരണം അവർ ചിന്തിക്കുന്നതും പുലർന്നുകാണാൻ ആഗ്രഹിക്കുന്നതും ജാതിനിയമങ്ങളാണ്. ജാതി ഒരു ലേബൽ മാത്രമല്ല. ജാതി ഒരു റൂൾ ആണ്. അതിനു മുകളിൽ മറ്റ് നിയമങ്ങൾ ബാധകമല്ലായെന്ന് അവർ പറയുകയാണ്. അതുകൊണ്ടാണ് എൻഎസ്എസ് ഈസമരത്തിൽ ബ്രാഹ്മണതാല്പര്യങ്ങളോടൊപ്പം നിൽക്കുന്നത്. എൻഎസ്എസ് പ്രസിഡന്റിനു പോലും താൻ കൂടി കക്ഷിയായിരുന്ന കേസിൽ ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയും ഭരണഘടനയും അപ്രസക്തമാണെന്ന് തോന്നുന്നതിനു കാരണം അവർ ചിന്തിക്കുന്നത് ജാതിയുടെ നിയമവ്യവസ്ഥയിലൂടെയാണ് എന്നതുകൊണ്ട് മാത്രമാണ്. ഇത് ഈ നാട്ടിലെ താഴെതട്ടിലുള്ള മനുഷ്യർക്ക് മനസ്സിലായി എന്നുള്ളതാണ് ഭാഗ്യം. കാരണം ഈ ജാതി നിയമങ്ങൾക്ക് മുകളിൽ ഇന്ത്യയിൽ ഒരു ഭരണഘടന ഉ ണ്ടായിരുന്നതുകൊണ്ട് മാത്രമാണ് വഴിനടക്കാനും, വർത്തമാനം പറയാനും, തീരുമാനങ്ങളിൽ ഇടപെടാനും ഈ രാജ്യത്തെ ബഹുഭൂരിപക്ഷം മനുഷ്യർക്കും കഴിഞ്ഞത്. 

 

ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുന്പ് പല നിലയിൽ അധികാരങ്ങൾ  ഉണ്ടായിരുന്ന ചെറുതും വലുതുമായ ആയിരക്കണക്കിനു രാജ കുടുംബങ്ങൾ ഉണ്ടായിരുന്നു. അതിൽ വലിയ ഭൂപ്രദേശങ്ങൾ കൈയ്യടക്കി വച്ചിട്ടുള്ള ചക്രവർത്തിമാർ മുതൽ ഒരു വില്ലേജിന്റെ വലിപ്പം പോലുമില്ലാത്ത പ്രദേശങ്ങളുടെ ആധിപത്യം ഉണ്ടായിരുന്ന രാജാക്കന്മാർ വരെ ഉണ്ട്. സ്വാതന്ത്ര്യത്തിനു വളരെ നാൾ മുന്നേ ഏതെങ്കിലും വിധത്തിൽ അധികാരം നഷ്ടപ്പെട്ട് പോയവരും ഇക്കൂട്ടത്തിലുണ്ട്. അവരെല്ലാവരും അധികാരം നഷ്ടപ്പെട്ട് ഇത്രകാലമായിട്ടും അവരുടെ പുതിയ രാജ്യാവകാശിയെ അഥവാ പിന്തുടർച്ചാവകാശിയെ രഹസ്യമായി അവരോധിക്കുന്നുണ്ട്. ഭരണഘടനയിൽ ഊന്നിയ ഒരു നിയമാനുസൃത ഭരണകൂടം നിൽക്കുന്ന ഒരു രാജ്യത്ത് ഇത് എന്തിനാണ് ചെയ്യുന്നത് എന്ന് നമ്മൾ ചോദിക്കണ്ടേ?

 

 രാജാവെന്ന് അവകാശപ്പെടുന്നതും വിളിക്കുന്നതും ഇന്ത്യയ്ക്കകത്ത് നിയമ വിരുദ്ധമാണ് എന്നിരിക്കെ എന്തുകൊണ്ടാണ് ഒരു ആവശ്യവും ഇല്ലാത്ത ഈ രാജപദവിയുടെ കൈമാറ്റങ്ങൾ  രഹസ്യമായി നടന്നുകൊണ്ടിരിക്കുന്നത്. അത് മറ്റൊന്നിനും വേണ്ടിയല്ല എന്നെങ്കിലും നമ്മുടെ രാജ്യം ദുർബലമാവുന്പോൾ അതിന്റെ ഭരണ നിർവ്വഹണ വ്യൂഹങ്ങൾ ക്ഷയിക്കുമ്പോൾ അല്ലങ്കിൽ പിളർത്താൻ കഴിഞ്ഞാൽ അപ്പോൾ രാജ്യത്തെ ജനാധിപത്യ അധികാരങ്ങൾ തകിടം മറിച്ച് അവർക്ക് തിരികെ വരാനാവുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ വ്യവസ്ഥയുടെ സുഷിരങ്ങളിലെല്ലാം ഇവർ വലിയ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നത്. അതിനു എന്നും രാജകുടുംബങ്ങൾക്ക് ചൂട്ട് പിടിച്ച് കൂടെ നിന്നിട്ടുള്ള ബ്രാഹ്മണ പൗരോഹിത്യം ഇവിടെയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ഇതാണ് തന്ത്രിയും പന്തളം രാജാവും തമ്മിലുള്ള കൂട്ടുകെട്ടിന്റെയും രസതന്ത്രം. തികഞ്ഞ രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ അച്ചുതണ്ടാണ് ഈ കൂട്ടുകെട്ട്. 

 

അതുകൊണ്ടാണ് ഈ നാട് മുഴുവൻ നിലവിളിച്ച പ്രളയം വന്നപ്പോൾ പോലും ഒരു ശബദവും പുറത്തുവരാത്ത തിരുവിതാംകൂർ കൊട്ടാരത്തിലെ അംഗങ്ങൾ ശബരിമലവിഷയത്തിൽ സംസാരിച്ചു തുടങ്ങിയത്. ആ പഴയ രാജവ്യവസ്ഥയുടെയും അതിന്റെ പ്രതാപ നേട്ടങ്ങളുടെയും ശീതളിമ അനുഭവിച്ചിരുന്നവർ എന്ന നിലയിൽ ജാതിക്കുഴലിലൂടെ കാണുന്നതുകൊണ്ടാണ് എൻഎസ്എസ്സിനു ഈ ഉദ്യമത്തിൽ  കണ്ണിയാവാൻ കഴിയുന്നത്. ഇവർക്ക് ഇന്ന് ഭരണഘടനയും അതിലൂന്നിയ ഒരു നീതി വ്യവസ്ഥയും കാണാൻ കഴിയില്ല. അങ്ങനെ കാണണമെങ്കിൽ ഇന്ന് അവരെ മൂടിയ ഈ മിഥ്യാലോകത്ത് നിന്ന് അവർ പുറത്ത് കടക്കണം. ഇത് മനസ്സിലാക്കാതെ നമുക്ക് ശബരിമലയിൽ ഇന്നു നടക്കുന്ന സമരത്തെയും അതിന്റെ ആന്തരിക തൽപ്പര്യങ്ങളെയും മനസ്സിലാക്കാൻ കഴിയില്ല.

 

പന്തളം രാജകുടുംബമെന്ന അവകാശവദവും അതിനു തന്ത്രി നൽകുന്ന പിന്തുണയും ഇത്തരത്തിൽ നമുക്ക് മനസ്സിലാക്കാം. പക്ഷെ ഈ ജനാധിപത്യ വ്യവസ്ഥയിൽ സ്ഥാപിതമായിട്ടുള്ള ബിജെപിയോ, കോൺഗ്രസോ പോലുള്ള ഒരു രാഷ്ട്രീയ പാർട്ടി ഈ കൂട്ടുകെട്ടിൽ പങ്കാളിയാവുന്നതെങ്ങനെയെന്ന് നിങ്ങൾ അത്ഭുതപ്പെട്ടേയ്ക്കാം. അതും ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയായിരിക്കുന്ന കാലത്ത്. ബിജെപിയുടെ ചരിത്രവും അവർ ഈ സമൂഹത്തിൽ വിവിധകാലങ്ങളിൽ പറഞ്ഞിരുന്ന കാര്യങ്ങളും പരിശോധിച്ചാൽ നിങ്ങൾക്ക് അത്തരമൊരു സംശയം പോയിക്കിട്ടും. ഇടതുവലതു രാഷ്ട്രീയ കക്ഷികളുടെ ഭരണത്തിൽ ജനാധിപത്യം തന്നെ ദുർബലമായ ഒരു വ്യവസ്ഥയാവുന്നുയെന്ന ആരോപണത്തോടെയാണ് എൺപതുകളുടെ പകുതിയിൽ ഹിന്ദുമുന്നണിയെന്ന ബാനറിൽ സംഘപരിവാർ തിരുവനന്തപുരത്ത് ആദ്യമായി അവരുടെ സ്ഥാനാർത്ഥിയെ നിറുത്തുന്നത്. അന്ന് അവർ ഈ വ്യവസ്ഥയുടെ ദൗർബല്യങ്ങൾ പരിഹരിക്കാൻ മുന്നോട്ട് വെച്ച സ്ഥാനാർത്ഥി കേരളവർമ്മയെന്ന രാജ കുടുംബാംഗമാണ്. അതായത് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളാകാനല്ല ഒരു കാലത്തും ബിജെപി ശ്രമിച്ചിട്ടുള്ളത് ജനങ്ങൾ ഒരിക്കൽ കൈയ്യടക്കിയ അധികാരം ഏതു വിധേനയും തിരികെ പിടിച്ച് ബ്രഹ്മണ ക്ഷത്രീയ അച്ചുതണ്ടിനു കൈമാറാനാണ്. 

 

അതിന്റെ പ്രത്യക്ഷ സമരരൂപമാണ് ഈ കോടതി വിധിയുടെ മറവിൽ ഇന്ന് കേരളത്തിലെ തെരുവുകളിൽ അരങ്ങേറുന്നത്. കോൺഗ്രസ് ഇതിന്റെ കാറ്റിൽ പെട്ട കടലാസുകപ്പലായി തീർന്നിരിക്കുന്നു. ഈ സമരത്തിന്റെ അപകടത്തെ ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളും ദേശസ്നേഹികളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്വന്തം കുടുംബത്തിനു കടം കയറിയപ്പോൾ കടം വീട്ടാനായി ശബരിമലയും അവിടുത്തെ പ്രതിഷ്ഠയും നടവരുമാനവും കൂടി എഴുതി വിറ്റ പന്തളം രാജവംശത്തിനു ഇത് ഭക്തിയുടെ സമരമെന്ന്  അവകാശപ്പെടാൻ എന്ത് ധാർമ്മിക അധികാരമാണുള്ളത് എന്ന് ഭക്തർ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

You might also like

Most Viewed