തെറ്റു ചെയ്യുന്നവർ‍ക്കും ന്യായം പറയാനുണ്ട്


കൂക്കാനം റഹ്്മാൻ‍


തെറ്റും ശരിയും തിരിച്ചറിയാൻ ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ‍ കടന്നു പോകുന്നത്. തെറ്റു പ്രവർ‍ത്തിക്കുന്നവർ‍ എന്ന് സമൂഹത്തിന് ബോധ്യമുള്ള വ്യക്തികൾ‍ തങ്ങൾ‍ തെറ്റുകാരല്ല എന്ന് ബോധ്യപ്പെടുത്താൻ സമർ‍ത്ഥരാണ്. ഒരു വ്യക്തി തന്റെ നിലനിൽ‍പ്പിന് വേണ്ടിയോ, അല്ലാതെയോ ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് മറ്റുള്ളവർ‍ വ്യാഖ്യാനിക്കുന്പോൾ‍ അതിനെ നഖശിഖാന്തം എതിർ‍ക്കാനും താൻ ചെയ്തത് ശരി തന്നെയാണെന്നതിൽ‍ ഉറച്ചു നിൽ‍ക്കാനും ശ്രമിക്കുന്ന കാഴ്ച നമുക്കു ചുറ്റും പലപ്പോഴും കാണാൻ കഴിയും.

ലഹരി വസ്തുക്കൾ‍ തകൃതിയായി വിൽ‍പ്പന നടത്തുന്ന ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തിൽ‍ അതിൽ‍ എത്രത്തോളം ശരിയുണ്ടെന്നറിയാന്‍ ഒരു ശ്രമം നടത്തി നോക്കിയ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. രണ്ട് ഊശാൻ താടിക്കാരായ, ലഹരി വസ്തുക്കൾ‍ ഉപയോഗിക്കാത്ത എന്റെ സുഹൃത്തുക്കളായ രണ്ടു ചെറുപ്പക്കാരെ സംഘടിപ്പിച്ചു. പ്രസ്തുത സ്ത്രീയുടെ വീടു കണ്ടെത്താൻ‍ ശ്രമമാരംഭിച്ചു. അവരുടെ വീട്ടിൽ‍ വെച്ചാണ് വ്യാപാരം നടത്തുന്നതെന്നാണറിഞ്ഞത്. പരിചയമില്ലാത്ത പ്രദേശമാണ്. വീട് സ്വകാര്യമായി കണ്ടെത്തുകയും വേണം. ഒടുവിൽ‍ ആരുടെയും സഹായമില്ലാതെ ചെറുപ്പക്കാർ‍ ലക്ഷ്യം വെച്ച വീട് കണ്ടെത്തി.

ലഹരി ഉപയോഗിക്കുന്നവരാണെന്ന് ഒറ്റ നോട്ടത്തിൽ‍ ഈ ചെറുപ്പക്കാരെ കണ്ടാൽ‍ തോന്നും. ഞാൻ മാറി നിന്നു. വീടിന് മുന്നിലെത്തിയപ്പോൾ‍ ഒരു സ്ത്രീ വാതിൽ‍ തുറന്നു പുറത്തേക്കു വന്നു.

വന്നതെന്താ...

ചെറുപ്പക്കാർ‍ സംസാരിക്കാതെ പല്ലിന്റെ ഇടകാണിച്ചു പറഞ്ഞു. ഒരു പാക്കറ്റ് വേണായിരുന്നു...

ഒരു പാക്കറ്റ് വേണോ? അല്ല ഒരു പീസ് മതിയോ?

ഓ ഒരു പീസ് മതി.

സ്ത്രീ ഒരു ചെറിയ പാക്കറ്റുമായി വന്നു. ചെറുപ്പക്കാരെ ഉപദേശിച്ചു. ഇനി മുതൽ‍ പാക്കറ്റ് എന്ന് ചോദിക്കരുത് പീസ് വേണം എന്ന് പറയണം. ഒരു പീസിന് 30 രൂപ അവർ‍ വാങ്ങി.

ആ സ്ത്രീയെ ഈ ദുഷ്ട പ്രവൃത്തിയിൽ‍ നിന്ന് മാറ്റിയെടുക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാൻ ചെറുപ്പക്കാരുമൊത്ത് ഞാൻ അവരുടെ വീട്ടിലേക്ക് ചെന്നു. നിങ്ങൾ‍ വിൽപന നടത്തുന്ന ലഹരി പദാർ‍ത്ഥങ്ങൾ‍ എവിടുന്നു കിട്ടുന്നു എന്നും എന്തിനാണ് ആളുകളെ ദ്രോഹിക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നതെന്നും ആരാഞ്ഞു.

അയ്യോ ഞങ്ങൾ‍ ഇതിന്റെ വിൽപ്പനക്കാരൊന്നും അല്ല സാറേ ഉടനെ കൂട്ടത്തിലെ ചെറുപ്പക്കാരൻ ഇടപെട്ടു. അപ്പോൾ‍ ഞങ്ങൾ‍ക്ക് നിങ്ങൾ‍ ഇതു തന്നല്ലോ. അതൊരു പീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നിങ്ങൾ‍ക്ക് തന്നു. ഇനി ചിലപ്പോൾ‍ ഇവിടില്ല എന്നു പറഞ്ഞാൽ‍ നിങ്ങളെപ്പോലത്തെ ചെറുപ്പക്കാർ‍ ഇവിടുന്ന് പോവില്ല. ഇവിടുത്തന്നെ കുത്തിയിരിക്കും. അതിന് പേടിച്ചിട്ടാണ് ചോദിക്കുന്പോൾ‍ തന്നെ എടുത്തു തന്നത്.

നോക്കണേ എത്ര മനോഹരമായാണ് അവർ‍ ന്യായം പറയുന്നത്. നേരത്തെ സാധനം വാങ്ങിച്ച ചെറുപ്പക്കാരനെ ആ സ്ത്രീ അകത്തേക്ക് വിളിച്ചു. എന്നെക്കുറിച്ച് ചോദിച്ചറിയാനാണ് വിളിച്ചതെന്ന് മനസ്സിലായി. അതിന് ശേഷം എന്നോട് വളരെ കൂൾ‍ ആയിട്ടാണ് അവർ‍ സംസാരിച്ചു തുടങ്ങിയത്.

സർ‍ ഒരു സാമൂഹ്യപ്രവർ‍ത്തകനാണെന്ന് മനസ്സിലായി. സമൂഹത്തിൽ‍ കാണുന്ന ഇത്തരം ദുഷിച്ച പ്രവർ‍ത്തികളെ എതിർ‍ക്കുകയും സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണെന്നും അറിഞ്ഞു. ഞങ്ങളെ പോലുള്ളവരെ ഇതിനു പ്രേരിപ്പിക്കുന്ന കാര്യങ്ങളെന്താണെന്ന് ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനു മുന്പേ സമൂഹം മനസ്സിലാക്കുന്നില്ല. അതാണ് ഞങ്ങളെപ്പോലുള്ളവരുടെ പ്രയാസം.

ഞാൻ ഡിഗ്രി വരെ പഠിച്ച വ്യക്തിയാണ്. വിവാഹിതയായി. രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ. ഭർ‍ത്താവ് ഒരു ചെറിയ കട നടത്തിയിരുന്നു. അതിൽ‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങൾ‍ ജീവിച്ചു വന്നത്. ഹാർ‍ട്ട് അറ്റാക്ക് വന്ന് ഞങ്ങളെ തനിച്ചാക്കി അദ്ദേഹം പോയി. പിന്നീട് ആ ചെറിയ കട ഞാനാണ് നടത്തിക്കൊണ്ടു വന്നത്. എനിക്ക് അദ്ദേഹം നടത്തിയപോലെ കട നടത്തിക്കൊണ്ടു പോകാൻ പറ്റിയില്ല. എന്റെ പ്രയാസം കണ്ടറിഞ്ഞ ഒരു അജ്ഞാത വ്യക്തി ഇത്തരം ലഹരി വസ്തുക്കൾ‍ എത്തിച്ചു തരാൻ തയ്യാറായി. വിൽപന നടത്തി കമ്മീഷൻ കഴിച്ചുള്ള തുക അദ്ദേഹത്തിന് കൊടുത്താൽ‍ മതി. ഈ സാധനങ്ങൾ‍ കടയിൽ‍ കിട്ടുമെന്ന് ആവശ്യക്കാരെല്ലാം അറിഞ്ഞു. സ്വകാര്യമായി സൂക്ഷിക്കുകയും കൊടുക്കുകയും ചെയ്യണം. എല്ലാം രഹസ്യമാവണം എന്നൊക്കെ സാധനം എത്തിച്ചു തരുന്ന വ്യക്തി സൂചിപ്പിച്ചിരുന്നു.

വലിയ അധ്വാനമില്ലാതെ ജീവിക്കാനാവശ്യമായ പണം ഈ കച്ചവടം വഴി എനിക്ക് ലഭിച്ചു തുടങ്ങി. രണ്ട് പെണ്‍മക്കളാണെനിക്ക്. മൂത്തവൾ‍ ഡിഗ്രിക്ക് പഠിക്കുന്നു. രണ്ടാമത്തേവൾ‍ പ്ലസ്ടുവിനും. കുട്ടികളുടെ പഠനം നടക്കണം. ജീവിക്കണം. അത്യാവശ്യ ഡ്രസ്സുകളും മറ്റും വേണം. അതൊക്കെ അഡ്ജസ്റ്റ് ചെയ്തു കൊണ്ടു പോകാൻ എനിക്ക് ഈ വഴിയിലൂടെ സാധ്യമായി. ചെയ്യുന്നത് ശരിയല്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഇത് ചെയ്തു കൊണ്ടിരുന്നത്..

ഇതിൽ‍ അസൂയ പൂണ്ടവരോ, പ്രവൃത്തി മോശമായതിനാൽ‍ അതില്ലാതക്കണമെന്ന ചിന്തയുള്ളവരോ ആവാം എന്റെ കട അഗ്നിക്കിരയാക്കി. ഒരു ദിവസം രാവിലെ കട തുറക്കാൻ എത്തിയപ്പോൾ‍ കണ്ട കാഴ്ചയായിരുന്നു അത്. നാട്ടുകാരെല്ലാം എനിക്കെതിരാണ്. സഹായത്തിന് ആരും മുന്നോട്ട് വന്നില്ല.

ജീവിതം വഴി മുട്ടി നിന്ന അവസരം. രണ്ടു മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനുള്ള ചിന്തയിലായി ഞാൻ‍. മറ്റ് തൊഴിലെടുത്തു ജീവിക്കാനുള്ള കരുത്ത് എനിക്കില്ല. മക്കളുമായി ആലോചിച്ചാലൊന്നും എന്റെ കൂട്ട ആത്മഹത്യ പദ്ധതി നടക്കില്ല. അവരറിയാതെ ഒന്നിച്ചു മരിക്കാനുള്ള പ്ലാൻ തയ്യാറാക്കി വെച്ചു.

വീണ്ടും മനസ്സു മാറി. ഇല്ല കുട്ടികളെ ഒരു കരയ്ക്ക് കയറ്റുന്നതു വരെ ജീവിക്കുക തന്നെ വേണം. അതിനായി അടുത്ത ശ്രമം. ഏതായാലും ഞാൻ ലഹരി മരുന്നു വിൽപനക്കാരിയാണെന്ന് സമൂഹം വിധിയെഴുതിക്കഴിഞ്ഞു. കടകത്തി നശിച്ചു. സാധനം എത്തിച്ചു തരുന്ന വ്യക്തിക്ക് എന്നെ അറിയാം. ആവശ്യക്കാരായി എത്തുന്നവർ‍ക്കും എന്നെ അറിയും. ഇപ്പോൾ‍ ഇവിടെ എന്റെ വീട്ടിൽ‍ വെച്ചു തന്നെയാണ് ഞാൻ ഇതിന്റെ ഓപ്പറേഷൻ നടത്തുന്നത്.

എല്ലാവരും ഉപദേശിക്കാറുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് പൂർ‍ണ്ണ ബോധ്യമുണ്ട്. പല തവണയും എക്‌സൈസുകാർ‍ പിടിച്ചു. അതിൽ‍ നിന്നൊക്കെ സമർ‍ത്ഥരായി രക്ഷപ്പെടാനുള്ള സൂത്രപ്പണികളും ഞാൻ പഠിച്ചു കഴിഞ്ഞു. വളർ‍ന്നു വരുന്ന എന്റെ പെണ്‍മക്കൾ‍ക്കും ഇത് നാണക്കേടാകുന്നുണ്ട്. ഇതൊക്കെയാണെങ്കിലും എന്റെ ഇന്നത്തെ അവസ്ഥയിൽ‍ ഇതെല്ലാതെ വേറൊരു മാർ‍ഗ്ഗം ഞാൻ കാണുന്നില്ല.

ആ സ്ത്രീ പറയുന്നത് ഞാൻ കേട്ടിരുന്നു. അവരുടെ നീറുന്ന ജീവിതാനുഭവം കേട്ടപ്പോൾ‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഞാൻ പതറുകയായിരുന്നു. ഒരു കാര്യം തീർ‍ച്ച.. അവർ‍ സമൂഹത്തെ നാശോന്മുഖമാക്കാന്‍ ഇറങ്ങി പുറപ്പെട്ടവരല്ല. മൂന്നു വയറു പുലരാനും, സ്വന്തം കുട്ടികളെ കരപറ്റിക്കാനും നിതാന്തജാഗ്രതയോടെ ചെയ്യുന്ന ഒരു പ്രവൃത്തിയാണിത്.

ജീവിക്കാൻ മറ്റൊരു തൊഴിൽ‍ ചെയ്യാൻ ആ സ്ത്രീക്ക് പറ്റുന്നില്ല. ആരും സഹായിക്കാൻ ഇല്ല. പിന്നെന്താണ് അവരോട് നിർ‍ദേശിക്കേണ്ടതെന്ന് ആലോചിച്ചിട്ടെനിക്ക് ഒരു എത്തും പിടിയും കിട്ടുന്നുമില്ല. അവരെ കുറ്റപ്പെടുത്താൻ നമുക്കാവും. വേറൊരു വഴി കണ്ടെത്തിക്കൊടുക്കാൻ പറ്റുന്നുമില്ല. ഇത് ഇവരുടെ മാത്രം അനുഭവമായിരിക്കില്ല. ഇങ്ങനെ പലരുമുണ്ടാവാം. അവരെല്ലാം ചെയ്യുന്നത് തെറ്റാണെന്ന് അറിയുകയും ചെയ്യാം.

സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടത് ഇതിന് ഇരകളായി തീരുന്നവരെ രക്ഷപ്പെടുത്തുക എന്നതിലേക്കാണ്. ലഹരി വസ്തുക്കൾ‍ ലഭ്യമാവുന്നത് കൊണ്ടാണ് ആളുകൾ‍ ഉപയോഗിക്കുന്നത്, ലഭ്യമല്ലെങ്കിൽ‍ ഉപയോഗിക്കില്ലല്ലോ എന്ന് നമുക്ക് ന്യായം കണ്ടെത്താം. പക്ഷേ അതല്ല.. കുട്ടികളെയും യുവാക്കളെയും ലഹരി വസ്തുക്കൾ‍ ഉപയോഗിക്കുന്നതിൽ‍ നിന്നും പിന്തിരിപ്പിക്കുകയെന്നതാവണം സമൂഹത്തിന്റെ ശ്രമം. അതിന് രക്ഷിതാക്കളും സമൂഹവും, സാമൂഹ്യസ്ഥാപനങ്ങളും ബദ്ധ ശ്രദ്ധരായിരിക്കുകയെന്നതാണ് ഒരേ ഒരു മാർ‍ഗ്ഗം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed