ലൈഫ്ബോയ് അല്ല, വേണ്ടത് ജീവൻടോൺ


പി.ഉണ്ണികൃഷ്ണന്‍,

ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് എഡിറ്റര്‍, ഫോര്‍ പി.എം ന്യൂസ് 

പെട്രോള്‍ ഒഴിച്ച് തീ കെടുത്താമെന്ന് വിശ്വസിക്കുന്നവരാണ് സംവരണം വഴി ജാതിവ്യവസ്ഥ നിർമാർജനം ചെയ്യുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നത്. ജാതി, മത, വർഗ, വർണ്ണ, സ്ഥലകാല വിവേചനമില്ലാതെ സ്വതന്ത്രനായി പിറന്ന് വീഴേണ്ട കുഞ്ഞിന് ആശുപത്രിയിൽ വെച്ച് തന്നെ ജാതിയും മതവും ലിംഗവും സ്ഥലവും തിരിച്ച് ‘ബർത്ത് സർട്ടിഫിക്കറ്റ്’ നല്കി വിവേചനത്തിന്റെ, ഭാഗം വെക്കലിന്റെ, ഇരയാക്കി മാറ്റുന്നത് ‘സംവരണം’ എന്ന ‘സൗജന്യ പോഷക സഹായം’ ലക്ഷ്യമാക്കി തന്നെയാണ്. അഞ്ച് മുതൽ പത്ത് വർഷം വരെ മാത്രം ആയുസ് നല്കി അംബേദ്കർ രൂപം കൊടുത്ത ‘സംവരണം’ എന്ന ആശയം സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ജനതയെ ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ പട്ടിക തിരിച്ച് വിഭജിക്കുന്നത് രാഷ്ട്രീയക്കാരൻ കണ്ടിട്ടില്ലെന്ന് നടിക്കുന്നത് 80 ശതമാനത്തോളം വരുന്ന ‘സംവരണ’ ബ്രാക്കറ്റിൽ പെടുന്നവരുടെ വോട്ടുകളെ ഭയന്നിട്ടാണ്.

സംവരണം, ജാതിയെയും, ജാതി മതത്തെയും, മതം രാഷ്ട്രീയപാർട്ടികളെയും, രാഷ്ട്രീയ പാർട്ടികൾ അധികാരം വഴി ധനത്തെയും ആശ്ലേഷിക്കുന്പോൾ നാം തിരിച്ചറിയേണ്ടത് ഇന്ത്യ അന്നും ഇന്നും ജനാധിപത്യ രാജ്യമല്ല പകരം മതാധിപത്യ രാജ്യം മാത്രമാണെന്ന സത്യം തന്നെയാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വീതം വെയ്ക്കലുകൾക്ക് മുൻപിൽ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും വരെ മുട്ടുമടക്കി വണങ്ങുന്ന കാഴ്ച പരിതാപകരമാണ്.

ഇന്ത്യ ചന്ദ്രനിലും ചൊവ്വയിലും ഉപഗ്രഹങ്ങൾ അയക്കുവാൻ പ്രാപ്തരായിരിക്കുന്ന ഈ കാലത്തിലും, പ്രാകൃതവും വികലവുമായ ‘സംവരണം’ എന്ന മണ്ടൻ ആശയത്തെ സംവരണ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന ബുദ്ധിജീവികൾ വരെ അനുകൂലിച്ചും ന്യായീകരിച്ചു സംസാരിക്കുന്നത് നോൺക്രിമിലെയറിലുള്ള ഒരു 20 ശതമാനം വരുന്ന പ്രത്യേക വിഭാഗത്തെ ‘ഷീൽഡാക്കി’ നിർത്തിക്കൊണ്ടാണ്. സംവരണം ആശുപത്രിയിലെ ‘ഐ.സി.യു’വിൽ മാത്രം, അത്യാവശ്യം എന്ന് തോന്നിയാൽ മാത്രം ഏർപ്പെടുത്തേണ്ട ഒരു സംവിധാനം ആണ്. അത്തരമൊരു ചിന്ത ശരിയാണെങ്കിൽ ഇന്ന് നോൺക്രിമിലെയർ പട്ടികയിൽ ഉള്ളവർക്ക് മാത്രം നല്കപ്പെടേണ്ട ഒന്നാണ് സംവരണം.

സംവരണം എന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ, ചിന്തയുടെ ഒരു ഭാഗമായി മാറി എന്നതിന്റെ തെളിവാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ബച്ചന്റെയും മക്കൾ സിനിമാനടന്മാരായി വെള്ളിത്തിരയിൽ എത്തുന്പോൾ അവരുടെ അഭിനയ മികവ് പരിഗണിക്കാതെ നമ്മൾ കൈയടിച്ച് സ്വീകരിക്കുന്നത്. ഡോക്ടറുടെ മക്കൾ ഡോക്ടർ ആകുന്നതും വക്കീലിന്റെ മകൻ വക്കീലാകുന്നതും പോലെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയ നേതാക്കന്മാരാകുന്നതും ഇത്തരം സംവരണ ചിന്ത മൂലമാണ്. കെ. മുരളീധരനും രാഹുൽഗാന്ധിയും സ്റ്റാലിനും നമുക്ക് പ്രിയപ്പെട്ടവരാകുന്നത് നമ്മൾ അറിയാതെ സ്വീകരിച്ച പ്രാകൃത സംവരണ ചിന്തയുടെ അടിമകളായതു കൊണ്ടാണ്. ഇതേ ചിന്തയാണ് തന്ത്രിയുടെ മകൻ തന്ത്രിയായും പൂജാരിയുടെ മകൻ പൂജാരിയായും നിലനിർത്തുന്നത്.

കുട്ടിച്ചാത്തനോടും മറുതയോടുമൊപ്പം പ്രധാന ശ്രീകോവിലിൽ പ്രവേശനം നിഷേധിക്കപ്പെട്ട ഗോത്ര നാമധാരിയായ അയ്യപ്പൻ സർക്കാർ സംവരണത്തിനായി നിരത്തിയ പട്ടികയിൽ സ്ഥാനം പിടിക്കേണ്ട സ്വാമിയായിരുന്നിട്ടും അത്തരമൊരു വിശ്വാസത്തെ സംരക്ഷിക്കുവാനായി തന്ത്രി കഷ്ടപ്പെടുന്നതും ശബരിമലയിലെ ഉത്സവ കാഴ്ചകളിൽ നാം കാണാതെ പോകുന്ന സ‍ർക്കസുകളാണ്. ദന്തധാവന ചൂർണ്ണവും, മനോരമയുടെ കലണ്ടറും വിറ്റ് പോകുവാൻ ‘നന്പൂതിരി’ നാമം കച്ചവടവത്കരിക്കുന്നതും, ചന്ദ്രനിലെ ചായക്കടയിൽ വരെ ഒരു കമ്മത്തിന്റെയോ നായരുടെയോ വാല് ചേർത്ത് ഇന്നും വിൽക്കാൻ ശ്രമിക്കുന്നത് ‘70’ വർഷമായിട്ടും നാം ഇന്നും ജാതിയും, മതവും സംവരണത്തിനായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെയാണ്. യൂറോപ്പിലെ 60 ശതമാനം പേരും ഇന്ന് മതത്തെ കുറിച്ച് ചർച്ച ചെയുവാൻ തയാറാകാത്തത് മതം അവിടെ ധനവുമായി ബന്ധപ്പെടുത്താത്തത് കൊണ്ട് മാത്രമാണ്. 

‘സംവരണം’ ലഭിക്കാത്ത 20 ശതമാനം വരുന്ന വിഭാഗത്തിന്റെ വോട്ട് നേടാൻ സംവരണ ആനുകൂല്യം അവരിലേയ്ക്കും നീട്ടുക എന്ന ഭ്രാന്തൻ ആശയമാണ് പല നേതാക്കന്മാരും ഇന്ന് മുന്നോട്ടു വെയ്ക്കുന്നത്. എല്ലാവർക്കും സംവരണം നൽകിയാൽ അത് എങ്ങിനെ സംവരണം ആകും എന്ന സംശയവും ഇവിടെ ബാക്കി നിൽക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.എസ്.സി ആപ്ലിക്കേഷനിലും ഉദ്യോഗത്തിനും പ്രമോഷനും രാഷ്്ട്രീയ സ്ഥാനമാനങ്ങൾക്കും ജാതിയും മതവും ചോദിക്കാത്ത ഒരു കാലം നാം സ്വപ്നത്തിലെങ്കിലും കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

സംവരണം വഴി പോലീസായ ഒരുവൻ പകുതി ദൂരം ഓടിയാൽ കള്ളനെ പിടിക്കുവാൻ പറ്റില്ല എന്ന ചിന്ത തെറ്റാണെന്നു വിശ്വസിക്കുന്നവൻ ലൈഫ്ബോയ്‌ സോപ്പ് തേയ്ച്ചാൽ ആരോഗ്യം വരും എന്ന് വിശ്വസിക്കുന്നവരാണ്! സംവരണം നൽകി ഒരു രണ്ടാം കിട ജനതയെ വാർത്തെടുക്കുന്നതിന് പകരം, അവർക്ക് മറ്റുവള്ളവരുടൊപ്പം സമന്മാരാകാൻ ജീവൻടോൺ നൽകി പോഷകാഹാര കുറവ് പരിഹരിച്ചു, മത്സരത്തിൽ ജയിക്കാനുള്ള കായിക ശേഷി ഉണ്ടാക്കുകയാണ് വേണ്ടത്.

You might also like

Most Viewed