Dr. ഫ്രോഡ് !


പി. ഉണ്ണികൃഷ്ണൻ

വിദ്വാന്മാരുടെ ജിഹ്വാഗ്രത്തിൽ നൃത്തം ചെയ്യേണ്ട സരസ്വതി ദേവിയെ പലചരക്ക് കടയിലെ വിവിധ തരം കുപ്പികളിലാക്കി ഡോളർ നോട്ടുകൾക്കു മുൻപിൽ വിറ്റ് തുടങ്ങിയപ്പോഴാണ് കുറുന്തോട്ടിക്ക് വാതം പിടിച്ചു തുടങ്ങിയത്.

മാനം വിറ്റ് അഭിമാനം വാങ്ങിച്ചവർ അപമാനിതരാകുന്ന അസുലഭ കാഴ്ചകളാണ് ബഹ്റൈന്റെ തിരുമുറ്റത്ത് വരും ദിവസങ്ങളിൽ നാം കാണാൻ പോകുന്നത്. തലയിൽ ഒരു കുട്ട നിറച്ചും വ്യാജ സർട്ടിഫിക്കറ്റുമായി ഡോക്ടറേറ്റ് വേണോ? ഡോക്ടറേറ്റ്? എന്ന് പരസ്യമായും രഹസ്യമായും വിളിച്ചു പറഞ്ഞു വിദ്യ കൊണ്ട് വിദ്യ കാണിച്ചവർക്കും അത് ഏറ്റു വാങ്ങിയ മാഹാരഥന്മാർക്കും നിർദേവത്വത്തിനു പകരം ലഭിക്കുവാൻ പോകുന്നത് ജയിലഴിക്കുള്ളിൽ നിദ്രാവത്വമാണെന്ന് ഏതാണ്ട് ഉറപ്പായി.

തലയിൽ ഒരു തൊപ്പിയും തൊപ്പിയുടെ മുകളിൽ ഒരു തൂവലും, ഡോക്ടറേറ്റ് വഴി ലഭിച്ച അമിത ഭാരം സഹിക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്ന കപട വിജയശ്രീയെ താങ്ങി നിർത്താനായി ഒരു കോലും റിബ്ബണിൽ പൊതിഞ്ഞ സർട്ടിഫിക്കറ്റും നൽകി ‘ഡോക്ടർമാരെ’ ഗർഭവും പ്രസവവേദനയും ഇല്ലാതെ ജനിപ്പിച്ചവരും അതുവഴി ജനിച്ച ചാപ്പിള്ള ഡോക്ടർമാരും അഴി എണ്ണി തുടങ്ങി എന്നതാണ് ഇന്നത്തെ പ്രധാന വാർത്ത.

ബഹ്‌റൈൻ പ്രധാനമന്ത്രിയും, ബഹ്‌റൈൻ രാജകുമാരനും വ്യാജ സർട്ടിഫിക്കറ്റ് വിറ്റും വാങ്ങിയവർക്കുമെതിരെ കർശനമായ നടപടികൾ എടുക്കുവാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്‌.

ഏതെങ്കിലും ഒരു മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തി, നൂതന ആശയങ്ങൾ വഴി വിജയം കൈവരിച്ചവർക്ക് ഒരു ഹോണോറോറി ഡോക്ടറേറ്റ് നൽകുന്നത് സ്വാഭാവികമാണ്. പല വലിയ നല്ല യൂണിവേഴ്സിറ്റികളും ഇത്തരം വ്യക്തികളുടെ സംഭാവനകൾ കണക്കിലെടുത്തു ഡോക്ടറേറ്റ് നൽകുന്നത് നല്ലത് തന്നെ. പക്ഷെ ഇത്തരം ഡോക്ടറേറ്റ് പല ഫേക്ക് യൂണിവേഴ്സിറ്റികളും വിറ്റ് വ്യാജൻമാരെ സൃഷ്ടിച്ചു തുടങ്ങിയപ്പോഴാണ് മാന്യമായി ഡോക്ടറേറ്റ് നേടിയ പലരും അത് പുറത്തു പറയാതെ ഒളിപ്പിച്ചു തുടങ്ങിയത്.

ബഹ്‌റൈനിലെ ഒരു മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരം ഒരു വ്യാജ സെർട്ടിഫിക്കറ്റുമായി പ്രൊമോഷൻ നേടിയപ്പോഴാണ് കളി കാര്യമായത്‌. ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ട ബഹ്‌റൈനിലെ പത്രപ്രവർത്തകർക്കിടയിൽ മാത്രം മുപ്പതിലധികം വ്യാജൻമാർ കുടുങ്ങി കിടക്കുന്നു എന്നതാണ് ആദ്യം വന്ന വാർത്ത.

ലാഹ്യ യൂണിവേഴ്സിറ്റി ബഹ്‌റൈനിലെ ഒരു ട്രെയിനിങ് സെന്റർ വഴി നൽകിയ ഡിപ്ലോമ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. മുപ്പത്തി അഞ്ചോളം പത്രപ്രവർത്തകരാണ് ഈ കള്ള യൂണിവേഴ്സിറ്റിയിൽ പെട്ട് നട്ടം തിരിയുന്നത്.

വരും ദിവസങ്ങളിൽ വിദേശത്തു നിന്നും ഡിഗ്രി നേടി ബഹ്റൈനിൽ ജോലി ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റ് വെരിഫയ് ചെയ്യുവാൻ ബഹ്‌റൈൻ വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടേക്കും. നേഴ്സ്, ടീച്ചർ, എഞ്ചിനീയർ, ഡോക്ടർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ സർട്ടിഫിക്കറ്റ് വിദേശ മന്ത്രാലയം വഴി ഒരു പുനഃപരിശോധനയ്ക്കായി കൊണ്ടു വരാനുള്ള സാധ്യതയും ഇല്ലാതില്ല.

കുവൈത്തിൽ കുറച്ചു മാസങ്ങൾക്കു മുന്പ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ മാത്രം ഉള്ളവരുടെ ലൈസൻസ് സർക്കാർ പിൻവലിച്ചിരുന്നു. അതുവഴി ആയിരക്കണക്കിന് ഡിപ്ലോമ ഹോൾഡേഴ്സ് ജോലിയില്ലാതെ പെരുവഴിയിലായി.

ബഹ്റൈനിൽ ഡിഗ്രി എടുക്കുന്ന ഇന്ത്യക്കാർ ഇന്ത്യയിൽ അറിയപ്പടെയുന്ന യൂണിവേഴ്സിറ്റിയുടെ കോഴ്സ് മൂന്ന് വർഷം പഠിച്ചു ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പരീക്ഷ എഴുതി പാസായാൽ മാത്രമേ നിങ്ങളുടെ സർട്ടിഫിക്കറ്റിനു വാല്യൂ ഉള്ളു എന്ന് തിരിച്ചറിയുക.

വിദ്യ ഗുരുണാം ഗുരു, തസ്മാത്‌ വിദ്യ പരാത്പര, വിദ്യാപരാ ദേവത എന്നിങ്ങന്നെ വിദ്യയെ വാഴ്ത്തിയെ നമ്മൾ ഇന്ന് വിദ്യയാ ഖ്യാതി: എന്ന് മാത്രം ചിന്തിച്ചു ചെയ്യുന്ന പരാക്രമങ്ങൾക്കിടയിൽ മറന്നു പോകുന്നത്


കൊണ്ടുപോവില്ല ചോരന്മാർ

കൊടുക്കുംതോറും ഏറിടും

മേൻമ നൽകും മരിച്ചാലും

വിദ്യതന്നെ മഹാ ധനം

എന്ന ചാണക്യ വചനമാണ് !

You might also like

Most Viewed