വാക്കുകളുടെ ഉത്സവകാലം


പി. ഉണ്ണികൃഷ്ണൻ

ഒരു നല്ല പുസ്തകം നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്ന് വരുന്നത് ഒരു നവ വധുവിനെപോലെയാണ്. നാം ആദ്യം ആ പുസ്തകത്തിന്റെ താളുകളിലുടെ വിരലോടിക്കുകയും ,അതിന്റെ പുതു മണം നുകരുകയും ,പിന്നീട് അതിനെ പൂർണ്ണമായും വായിച് ആസ്വദിക്കുകയും ചെയ്യുന്നു. അത്തരമൊരു പുസ്തകത്തെ നമ്മുടെ കിടപ്പറയിൽ നമ്മുടെ നെഞ്ചോട് ചേർത്ത് വെച്ച് കിടക്കുമ്പോൾ സ്വാഭാവികമായിട്ടും ഒരു വൈകാരികമായ ബന്ധം തോന്നുകയും അത് വഴി പുസ്തകത്തോട് പ്രണയം തോന്നുകയും അതിലൂടെ അവ നമ്മുടെ ജീവിതത്തിലെ നിത്യ സഹചാരിയായി മാറുകയും ചെയ്യുന്നു.
ഇങ്ങിനേയാണ് എം ടി യുടെയും ബഷീറിന്റെയും മുകുന്ദേട്ടന്റേയും കഥാപാത്രങ്ങൾ വിസയും പാസ്സ്പോര്ട്ടും ഇല്ലാതെ ഗൾഫിലും അമേരിക്കയിലും അന്റാർട്ടിക്കയിലും ഉള്ള മലയാളികളുടെ കൂടെ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നത്.

പാശ്ചാത്യ സാഹിത്യത്തിൽ ഷേക്‌സ്‌പെയറിൽ നിന്നും ഡാൻ ബ്രൗണിലേക്കുള്ള മാറ്റം പോലെ മലയാള സാഹിത്യത്തിൽ ഓ.വി വിജയനിൽ നിന്നും എം ടി യിൽ നിന്നും സുഭാഷ് ചന്ദ്രനിലേയ്ക്കും ,ഉണ്ണി ആർ ലെയ്ക്കും മാറിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് പുസ്തകത്തെ പ്രണയിക്കുവാനുള്ള നമ്മുടെ കഴിവാണ്.

അതിനുള്ള പ്രധാന കാരണം നല്ലതെന്ന് കരുതി നാം ആഘോഷിക്കുന്ന പല പുസ്തകങ്ങളും, ഒരു വിൽപ്പന ചരക്കായി മാറ്റി, വിപണന തന്ത്രങ്ങൾ വഴി, വായനക്കാരിൽ ഇടം നേടിയവയാണ് എന്നത് കൊണ്ടാണ്.

മുല്ല പൂമാല ചൂടി, ചുവന്ന ലിപ്സ്റ്റിക് പുരട്ടി, ചെമ്പരത്തിയും ചൂടി, ക്യൂട്ടികൂറ പൗഡറും പൂശി വൈകുന്നേരങ്ങളിൽ കവലയിൽ ഇരയെ തേടുന്ന നിശാ സുന്ദരികളെപോലെയാണ് ഇത്തരം പുസ്തങ്ങൾ നമ്മെ ആകർഷിക്കുന്നത്. സൈനുൾ ആബിദിനെ പോലുള്ള ക്രീയേറ്റീവ് മേക്കപ്പ് ആർട്ടിസ്റ്റുകളാണ് പുസ്തകത്തിന്റെ രചയിതാവിനെക്കാൾ ശ്രദ്ധിക്കപ്പെടുന്നതും എന്നതും ഇതിനുള്ള തെളിവാണ്.

പലപ്പോഴും ബൗദ്ധികമായ സൗന്ദര്യത്തിൽ ഭ്രമിച്ചു പുസ്തകം വായിക്കുന്നവൻ കേവലം കുറച്ചു സമയത്തേയ്ക്കു ലോഡ്ജിൽ മുറിയെടുത്തു പ്രണയം വില കൊടുത്തു വാങ്ങുന്ന പതിനേഴുകാരന്റെ കുറ്റബോധവുമായി വായന ലോകത്തിൽ നിന്നും തിരിഞ്ഞു നടക്കുന്നതും ഇത്തരമൊരു ദുരന്തത്തിന്റെ കാണാകാഴ്ചകളാണ്.

ഇവിടെ വായനക്കാരനും ചില തെറ്റുകൾ ചെയുന്നുണ്ട്. ഗാന്ധിയെ വായിക്കുന്നവർ ഗാന്ധിയെ മാത്രം വായിക്കുകയും കൃഷ്ണനെ വായിക്കുന്നവൻ കൃഷ്ണനെ മാത്രം വായിക്കുകയും, മാർക്സിനെ വായിക്കുന്നവൻ മാർക്സിനെ മാത്രം തേടുകയും, ക്രിസ്തുവിനെ വായിക്കുന്നവൻ ക്രിസ്തുവിനെ മാത്രം വായിക്കുകയും അറിയുകയും ചെയ്യുന്ന ഒരു വായന സംസ്‍കാരത്തിലാണ് നാം കുടുങ്ങി കിടക്കുന്നത്.
കൃഷ്ണന് ശേഷം ക്രിസ്തുവിനേയും, ക്രിസ്തുവിനു ശേഷം ഗാന്ധിയെയും, ഗാന്ധിക്കു ശേഷം മാര്ക്സിനെയും വായിക്കുകയും അറിയുകയും ചെയ്യുന്ന അല്ലെങ്കിൽ അവയെ തിരിച്ചും മറിച്ചും വായിക്കുന്ന ഒരു വായന രീതിയും നമ്മൾ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

എങ്ങിനെ വായിക്കണം എന്ത് വായിക്കണം എന്ത് വായിച്ചു കൂടാ എന്ന ഒരു തിരിച്ചറിവും നമ്മൾ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു മനുഷ്യ ജീവിതത്തിൽ ഒരു ശരാശരി വായനക്കാരൻ വായിച്ചു തീർക്കുന്നത് 500 മുതൽ 1000 പുസ്തകങ്ങൾ ആയിരിക്കും. ലക്ഷോപലക്ഷം പുസ്തങ്ങളുടെ ഇടയിൽ നിന്നും നമ്മുടെ ചിന്തയിൽ അഗ്നി പകരുന്ന ആ ആയിരം പുസ്തങ്ങൾ തിരഞ്ഞെടുക്കുക എന്നുള്ളത് എളുപ്പമല്ല. ഈ പുസ്തങ്ങളുടെ തിരഞ്ഞെടുപ്പാണ് ആണ് ഒരു മനുഷ്യനെ പുരുഷന്മാരിലെ ഉത്തമാനാകുന്നതും, രാവണൻ ആക്കുന്നതും എന്നതും ചിന്തിക്കേണ്ട വിഷയം തന്നെ.

വിവാദമായ സാത്താനിക് വേർസ്സ്സും, ഹിന്ദു ഹെവനും, ആയിഷയും, വിശുദ്ധ നരകവും, ഡാവിഞ്ചി കോഡും മാത്രം തപ്പിനടക്കുന്ന വായനക്കാരൻ ഒരു തരം ട്രാപ്പിൽ പെട്ട് ട്രപ്പീസ് കളിച്ചു കയ്യടി തേടുന്നവരാണ്. ഇവർ പലപ്പോഴും എഴുത്തുകാരുടെ ലോബിയിലെ കോട്ടേഷൻ അംഗങ്ങളാണ്!

മീശ പിരിച്ചാൽ ഇവരുണ്ട്, കോപ്പിയടിച്ചാൽ ഇവരുണ്ട്, എന്ന മുഖ മുദ്രാവാക്യവുമായി ജാഥ നയിക്കുന്ന ഇവർ സാഹിത്യ ലോകത്തെ ഏറ്റവും വലിയ ഭീഷണിയാണെന്ന് തിരിച്ചറിയുന്നത് എണ്ണയില്ലാതെ സോഷ്യൽ മീഡിയ വഴി ഇവർ കത്തിച്ച കത്തിച്ച ചില കരിന്തിരി ദീപങ്ങൾ കെടുമ്പോൾ മാത്രമാണ്.

ഇന്ന് സാഹിത്യകാരന്മാർ നടക്കുന്നത് ഒരു ജന കൂട്ടത്തെ കൂടെ നിർത്തിയാണ്. ഇത് ഒരു അധോലോക ഗുണ്ടാസംസ്കാരമാണ് സൂചിപ്പിക്കുന്നത്. ഒറ്റയ്ക്കു തല ഉയർത്തി, നെഞ്ച് വിരിച്ചു തിന്മയ്ക്കു നേരെ കാർക്കിച്ചു തുപ്പിയ ചില സാഹിത്യകാരന്മാർ ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത്തരം ഒരു ഗതികേടും നാം കാണേണ്ടി വരുന്നത് എന്ന് ഓർക്കുക.

പുനത്തിലിന്റെ കോപ്പിയടിയെ കൈയടിക്കാത്ത ഒറ്റപ്പെടുത്തിയ ഒരു സാഹിത്യ ലോകം ഇന്ന് കള്ള നാണയങ്ങളെ സംരക്ഷിക്കാനായി മതിലുകൾ തീർക്കുമ്പോൾ സാനു മാഷിനെയും, അഴിക്കോടിനേയും പോലെ എ.കെ 47 തോക്കുമായി ഇത്തരക്കാരെ വെടിവെച്ചു വീഴ്‌ത്തുന്ന വിമർശകരെ കിട്ടിയില്ലെങ്കിലും എം കൃഷ്ണ നായരേ പോലുള്ള ചില മൃദു തലോടാലെങ്കിലും ഇത്തരം സാഹിത്യ ലോബികളുടെ പൃഷ്ടഭാഗത്തു നൽകാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

വാക്കുകൾക്ക് തിരി തെളിയിച്ചു ചിന്തയിൽ അഗ്നി പകരുന്ന ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോത്സവ വേദി പരസ്പരം പുറം ചൊറിയുന്ന സുഖിപ്പിക്കൽ ചർച്ചകൾക്ക് പകരം ചർച്ചകളിൽ അമിട്ടും പുത്തിരിയും കത്തിച്ചു വർണ്ണങ്ങൾ വിതറുന്ന ഉത്സവ വേദിയായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ടു സംഘാടർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

You might also like

Most Viewed