മനസ് ഒരു­ ദേ­വാ­ലയം: സമയമാം രഥത്തി­ലെ­ തോ­ഴൻ


ഡോ. ജോൺ പനയ്ക്കൽ

 

നുഷ്യമനസ്സിനെ ഒരു ദേവാലയത്തോട് ഉപമിക്കാം. ചിലർ ചോദിക്കാറുണ്ട്. സർവ്വവ്യാപിയായ, സർവ്വശക്തനായ ദൈവത്തെ ദേവാലയങ്ങളിൽ ഒതുക്കി, കുടി കൊള്ളിച്ച് ആരാധിക്കുന്നതെന്തിനെന്ന്? നാം ശ്വസിക്കുന്ന വായു എവിടെയുമില്ലേ? വായുവിന്റെ സാന്നിദ്ധ്യബോധത്തിൽ വിശ്വസിച്ചുകൊണ്ട് നാം അറിയാതെ തന്നെ വായു ശ്വസിക്കുന്നു. വായുവിന്റെ സാന്നിദ്ധ്യം നാം അറിയുന്നതെപ്പോഴാണ്? അത് ചലിക്കുന്പോഴാണ്. ഒരു ഫാൻ കറങ്ങുന്പോൾ വായുവിന്റെ സാന്നിദ്ധ്യം നമുക്ക് അനുഭവിച്ചറിയാം. ഇതുപോലെയല്ലേ ഈശ്വരസാന്നിദ്ധ്യവും. അതറിയുന്നതിന് ഒരു മീഡിയം അല്ലെങ്കിൽ മുഖാന്തിരം വേണം. 

മനുഷ്യനും ദൈവവുമായുള്ള ബന്ധം അനുഭവവേദ്യമാകണമെങ്കിൽ സാന്നിദ്ധ്യബോധം (Presence) ഉണ്ടാക്കണം. അപ്പോഴാണ് ദേവാലയങ്ങൾക്ക് പ്രസക്തിയുണ്ടാകുന്നത്. സാന്നിദ്ധ്യബോധമുണ്ടാകുന്നതിന് സന്നിധാനത്തിലെത്തണമെന്നർത്ഥം. ദേവാലയങ്ങൾ ദേവസന്നിധാനങ്ങളാണെങ്കിൽ മനസ്സും ഒരു ദേവാലയമാണ്. മനസാക്ഷിയാകുന്ന ദേവസാന്നിദ്ധ്യമുള്ള ദേവാലയം. തെറ്റേത്, ശരിയേത് എന്ന് മനസാക്ഷിയുടെ ദേവാംശം മന്ത്രിച്ചുകൊണ്ടിരിക്കും. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്പോൾ മനഃസാക്ഷിയ്ക്ക് കുത്തേൽക്കും. അപ്പോൾ മനസ്സ് അസ്വസ്ഥമാകും. മനസ്സും ദേവാലയവും തമ്മിൽ എന്തൊരു പൊരുത്തം!

ദേവാലയം നിർമ്മലവും പരിശുദ്ധവുമാണ്. അവയുടെ വിശുദ്ധിയുടെ പരിമളത്തിലാണ് ഈശ്വര ചൈതന്യം തളം കെട്ടിനിൽക്കുന്നത്. ഇതുപോലെ മനുഷ്യമനസ്സും ശുദ്ധമെങ്കിൽ, മനസ്സിലെ ചിന്തകൾ നിർമ്മലമെങ്കിൽ, മനസ്സ് നല്ല ഫലം പുറപ്പെടുവിപ്പിച്ചുകൊണ്ടിരിക്കും. നിർമ്മലമായ മനസ്സിന്റെ ഉടമകൾ ക്രോധിക്കുന്നില്ല. കോപിക്കുന്നില്ല, കുറ്റാരോപണം നടത്തുന്നില്ല. സഹിക്കുവാനും ക്ഷമിക്കുവാനും അവർക്ക് കഴിയും. ദിവസത്തിന്റെ അവസാനത്തിൽ, പകലിന്റെ അദ്ധ്വാനത്തിൽ നിന്നും വിരമിച്ച് രാത്രിയുടെ നിശബ്ദതയിലേക്ക് ശാന്തമായും സമാധാനത്തോടെയും സുഖനിദ്രയിലാകുവാൻ അങ്ങനെയുള്ളവർക്ക് കഴിയും. 

നമുക്കോ? ഉറക്കമില്ലാത്ത രാത്രികൾ. പാറപ്പുറത്ത് ചിരട്ട ഉരച്ചാലുണ്ടാകുന്ന ദുരനുഭൂതികളുടെ ദുഃസ്വപ്നങ്ങൾ. ദേവാലയത്തിന്റെ മറവിൽ മുതലെടുക്കുന്നവരുണ്ട്. വിശുദ്ധ സ്ഥലത്ത് വ്യാപരിക്കുന്നവരുടെ അശുദ്ധി ദേവാലയത്തെത്തന്നെ അശുദ്ധമാക്കുന്നു. നമുക്ക് ചുറ്റും ഇത്തരം അനേകം അനുഭവങ്ങൾ ഉദാഹരണമായുണ്ട്. മനസ്സും ഇതു പോലെതന്നെ. പുറമെ ഒന്ന് നടിക്കുകയും അകമേ മറ്റൊന്ന് വെച്ചുപുലർത്തുകയും ചെയ്യുന്ന എത്രയോ പേർ നമ്മുടെ ഇടയിലുണ്ട്. വാക്കുപാലിക്കാത്തവർ! പറഞ്ഞ വാക്കു പാലിക്കാൻ വേദന സഹിക്കേണ്ടിവന്നാലും ചിലവയൊക്കെ പരിത്യജിക്കേണ്ടിവന്നാലും വാക്ക് പാലിച്ചു കഴിയുന്പോഴുണ്ടാകുന്ന ഒരു സുഖം മനസ്സിന് കുളിർമ്മ നൽകും. വിലകൊടുത്ത് വാങ്ങാനാകാത്ത ഒരു സുഖം.  ആ മനസ്സിന് സ്വസ്ഥത ലഭിക്കും. ഒരു പ്രാവിനെപ്പോലെ കിടന്നുറങ്ങുവാൻ, കിടക്കയെ സ്നേഹിച്ചുകൊണ്ട് ഉറങ്ങുവാൻ അവന് കഴിയും. 

ദേവാലയങ്ങൾ ശുദ്ധീകരിക്കപ്പെടാറുണ്ട്, ശുദ്ധികലശത്തിലൂടെ. ഈശ്വരചൈതന്യത്തിന്റെ മാറ്റു കുട്ടുന്നതിന് ഇത് സഹായിക്കും. അങ്ങനെയുള്ള ആരാധനാലയങ്ങളിൽ‍ ദേവസാന്നിദ്ധ്യം വളരെ കൂടുതലായിരിക്കും. നാം ചിലപ്പോഴൊക്കെ എടുത്ത് പറയാറുള്ള അത്ഭുതങ്ങളും അടയാളങ്ങളും അങ്ങനെയുള്ള ക്ഷേത്രങ്ങളിലും പള്ളികളിലും കൂടുതലായിരിക്കും. അവിടെ വിശ്വാസികൾ തള്ളിക്കയറും. മനുഷ്യമനസ്സും ഇതുപോലെ കൂടെക്കൂടെ ശുദ്ധീകരണത്തിന് വിധേയമാക്കപ്പെടണം. കറപിടിച്ച മനസ്സ് കഴുകിയില്ലെങ്കിൽ ദുഷ്ഫലങ്ങൾ പുറപ്പെടുവിക്കും. നന്മക്ക് പകരം തിന്മയേ വിളയൂ. ഒരു റാന്തൽ വിളക്കിലെ ഗ്ലാസ് കവചം പോലെയാണ് മനസ്സ്. പുകപിടിച്ചാൽ വെളിച്ചം പുറത്തേക്ക് വ്യാപിപ്പിക്കാൻ പുക പിടിച്ച ഗ്ലാസ് കവചത്തിന് കഴിയുകയില്ല. അത് വെടിപ്പാക്കപ്പെടുന്പോൾ പഴയതുപോലെ പ്രകാശം പരത്താൻ പ്രാപ്തമായിത്തീരും. അപ്രകാരം തന്നെയാണ് മനസ്സിന്റെ പ്രവർത്തനവും. മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ അകറ്റുവാൻ കൗൺസിലിംഗ് തന്നെയാണ് നല്ല മാർഗ്ഗം. കൗൺസിലിംഗിലൂടെ മനസ് തുറക്കുക. അനുഭവങ്ങൾ പങ്കുവെയ്ക്കുക. അപ്പോൾ മനസ്സിലുറഞ്ഞു കൂടിയിരിക്കുന്ന പല ആവശ്യമില്ലാത്ത കാര്യങ്ങളും ബാഷ്പീകരിക്കപ്പെട്ട് പുറത്ത്പോകും. അടഞ്ഞു കിടക്കുന്ന ദേവാലയങ്ങളില്ലേ? പൂജയും പൂജാരിയുമില്ലാത്ത ക്ഷേ ത്രങ്ങൾ! അവിടെ ദേവസാന്നിദ്ധ്യമോ ദേവചൈതന്യമോ ഇല്ലെന്ന് മിക്കവരും കരുതുന്നു. ഇതുപോലെ മരവിച്ച മനഃസാക്ഷിയുള്ള മനസ്സുകളുമുണ്ട്. പ്രതി കരണശേഷി നഷ്ടപ്പെട്ട മനസ്സുകൾ, അടഞ്ഞുകിടക്കുന്നതും കാടുകയറിയതുമായ ആലയങ്ങളെപ്പോലെയാണ് അത്തരം മനസ്സുകൾ. മുറയ്ക്ക് പ്രാർത്ഥനയും പൂജയുമുള്ള ഒരു ദേവാലയത്തിന്റെ പരിസരം ചെത്തി വെടിപ്പാക്കപ്പെട്ടിരിക്കും. മനസ്സ് തെളിയണമെങ്കിൽ, മനസിൽ ആത്മപ്രകാശം പരക്കണമെങ്കിൽ മനസ്സിലെ കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർമേഘം പെയ്ത് ഒഴിയണം. അതിന് ധ്യാനവും യോഗയുടെ കർമ്മങ്ങളും നിരന്തരമായ പ്രാർത്ഥനയും ദാനധർമ്മങ്ങളും നേർച്ചകാഴ്ചകളും ബലിയർപ്പണങ്ങളും നിരന്തരമായി ഉണ്ടാകണം.

അസ്വസ്ഥതയുടെ പ്രധാന കാരണം അന്ധവിശ്വാസങ്ങളാണ്. വിദ്യാസന്പന്നരെന്ന് അഭിമാനിക്കുന്നവർപോലും അന്ധവിശ്വാസം വെച്ചുപുലർത്തുന്ന പാരന്പര്യമാണ് മലയാളിക്ക് ഉള്ളത്. തന്റെ മകന് ആരോ കൈവിഷം കൊടുത്ത് ബുദ്ധിക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച ഒരു അമ്മ പുരോഹിതനെ സമീ പിച്ച് പ്രതിവിധി കണ്ടു. പുരോഹിതൻ ഒരു പായ്ക്കറ്റ് തേയില ജപിച്ച് അവർക്ക് നൽകി. ഒരു മാസം മകൻ ഈ തേയില ഉപയോഗിച്ച് ചായ കുടിക്കണമെന്ന നിർദ്ദേശവും നൽകി. വർഷങ്ങൾക്ക് മുന്പ് ആരോ ശത്രുക്കൾ ഭക്ഷണപാനീയത്തിലൂടെ നൽകിയ കൈവിഷം ഛർദ്ദിക്കുന്പോൾ  പുറത്ത് പോകുമെന്ന പ്രവചനവും പുരോഹിതൻ നടത്തി. ഉത്തരേന്ത്യയിൽ ഉപരിപഠനം നടത്തുന്ന മകനെ വിളിച്ച് അമ്മ ടെലിഫോണിൽ കൂടെ വിവരങ്ങൾ വിശദീകരിച്ചു. തേയില ഉടൻ കൊടുത്തയക്കുമെന്ന ഉറപ്പും നൽകി. ആ നിമിഷം മുതൽ മകൻ ഛർദ്ദിക്കാൻ തുടങ്ങി. അമ്മയുടെ കയ്യിൽ തേയില ഉണ്ട് എന്നറിഞ്ഞ നിമിഷം മുതൽ! അന്ധവിശ്വാസത്തിന്റെ ആഴം നോക്കുക! നാട്ടിൽ ചില ആളുകൾ ‘കണ്ണിടാൻ’ വിദഗ്ദ്ധരാണ്. ഒരു മാവ് നിറയെ മാങ്ങാ പൂത്ത് നിൽക്കുന്നത് കണ്ട് അസൂയ പൂണ്ട ‘കണ്ണിടീൽ വിദഗ്ദ്ധൻ’ ഒന്നു പറഞ്ഞാൽ മതി. ‘ഇത്രയും മാങ്ങായോ?’ പിറ്റേദിവസം ഒന്നില്ലാതെ, എല്ലാ മാങ്ങയും പൊഴിഞ്ഞ് താഴെ വീഴും. വെറുതെ ഇരിക്കുന്പോൾ ഒന്ന് തുമ്മിയാൽ, ആരോ എന്നെക്കുറിച്ച് ഏതാണ്ട് പറയുന്നു’ എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അത് ഭക്ഷണസമയത്താണെങ്കിൽ ‘ആരോ എന്നെക്കുറിച്ച് കുശുന്പ് പറയുന്നു’ എന്ന് പുനഃർവ്യാഖ്യാനവും നടത്താറുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ഒരു മണിയുടെ ശബ്ദം കേട്ടാൽ പറയും, ‘പറഞ്ഞത് എത്ര സത്യം’ പ്രസ്താവനയുടെ സത്യാവസ്ഥയ്ക്ക് മണിനാദം അടയാളമാണ് പോലും! ഒരു യാത്ര തിരിക്കുന്പോൾ പൂച്ച കുറുകെ ചാടിയാൽ അത് ദുഃശകുനമായി മാറും. അതൊരു കറുത്ത പൂച്ചയാണെങ്കിൽ അപകടം തീർച്ച. യാത്ര പുറപ്പെടുന്പോൾ ഒരു പുരോഹിതനെയാണ് ശകുനം കാണുന്നതെങ്കിൽ കുടുംബത്തിലെവിടെയെങ്കിലും അന്നൊരു മരണം തീർച്ച. ഇത്തരം അന്ധവിശ്വാസങ്ങളുടെ ഊരാക്കുടുക്കിൽ പെട്ടു കിടക്കുന്ന മനുഷ്യമനസ്സുകൾ എങ്ങനെ ദേവാലയങ്ങളാകും?

പക്ഷികളുടെ കൂട്ടത്തിൽ ‘വശവൻ’ എന്നറിയപ്പെടുന്ന ഒരു പക്ഷിയുണ്ട്. ചില സ്ഥലങ്ങളിൽ അതിന് ‘മരംകൊത്തിപ്പക്ഷി’ എന്നും പറയുന്നു. ഇത് ചിലയ്ക്കുന്പോൾ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഈ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തലയ്ക്ക് മുകളിലൂടെ ഈ പക്ഷി പറന്നകലുന്പോൾ ചിലർ പറയും. ‘ഇന്ന് വീട്ടിൽ വഴക്കുണ്ടാകും’ എന്ന്. എനിക്കറിയാവുന്ന ഒരു മനുഷ്യൻ; അയാളെ നാട്ടുകാർ ‘വശവൻ’ എന്നാണ് വിളി ക്കുന്നത്. കാരണം അയാൾ വാതോരാതെ സംസാരിക്കും. അയാൾ വീട്ടിൽ വന്നാൽ കടി‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞാണില്ലാത്ത ഈ സംസാരത്തിന്റെ ഫലമായി വീട്ടുകാർ തമ്മിൽ എന്തെങ്കിലും ഒരു പിണക്കം അന്നുണ്ടാകും. അതുകൊണ്ട് ആ മനുഷ്യനെ ജനം ‘വശവൻ’ എന്ന് വിളിക്കുന്നു. കഴിവതും അയാളെ ഒഴിവാക്കാൻ ജനം ശ്രമിക്കുകയും ചെയ്യും. നവവരൻ വധുവിന്റെ വീട്ടിലാദ്യമായി കാലെടുത്ത് കുത്തുന്പോൾ ‘അയലത്തെ പെണ്ണുങ്ങൾ കണ്ണിടാതിരിക്കാൻ’ പാണൻ ഇല കൊണ്ട് തലയ്ക്ക് ചുറ്റും ഉഴിയുന്നതും പതിവാണ് പോലും. നമ്മുടെ ചിന്താഗതികൾ, നമ്മുടെ വിശ്വാസ സംഹിതകൾ, നമ്മുടെ സമീ പനങ്ങൾ ശരിയാകാതെ മനസ്സ് ഒരു ദേവാലയമായി മാറുകയില്ല. ഈദൃശ്യങ്ങളായ അന്ധവിശ്വാസങ്ങളുടെ കെട്ടിൽപ്പെട്ടു കിടക്കുന്ന മനസ്സിന് സ്വസ്ഥതയും സമാധാനവും വിദൂരമത്രെ.

സമയമാകുന്ന രഥത്തിലെ യാത്രക്കാരല്ലേ നാമെല്ലാം. മുകളിലിരിക്കുന്നവനാണ് ഈ രഥത്തിന്റെ ചക്രം തിരിക്കുന്നത്. ഈ രഥം നിറുത്തുവാനോ, നാം ആഗ്രഹിക്കുന്പോൾ  ഇതിൽ നിന്ന് ഇറങ്ങുവാനോ നമുക്ക് സാധ്യമല്ല. സമയത്തിന്റെ മേൽ നമുക്ക് ഒരു നിയന്ത്രണവുമില്ല. സമയത്തോട് ഒത്തുപോകാനോ, മല്ലടിക്കുകയോ അല്ലാതെ സമയത്തിന് കടി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞാണിടാൻ മനുഷ്യന് സാധ്യമല്ല. മനുഷ്യമനസിന്റെ മോഹങ്ങളും അപ്രകാരം തന്നെ. മനസിന്റെ വീതിയും നീളവും ആഴവും അളന്ന് കുറിയ്ക്കാൻ ആർക്ക് കഴിയും? പ്രകാശത്തേക്കാളും ശബ്ദത്തേക്കാളും വേഗം മനസ് സഞ്ചരിക്കുന്നു; അതിവേഗം, ബഹുദൂരം.‍ ഇരുട്ടിനെ പ്രകാശം കൊണ്ട് ബന്ധിക്കാം. സമയത്തെ ബന്ധിക്കാൻ പ്രയാസം. സമയത്തെ പിടിച്ചു കെട്ടാൻ ഒരു ശക്തിക്കും സാധ്യമല്ല. മനസും ഇപ്രകാരം തന്നെ. ഉണർന്നിരിക്കുന്പോഴും ഉറങ്ങുന്പോഴും എവിടേക്ക് എങ്ങനെ പായുന്നു എന്ന് നിനച്ചിടുവാൻ അസാധ്യമായ തരത്തിൽ മനസ് നിയന്ത്രണാതീതമാണ്. സമയത്തിന്റെ കണികകളെ നാഴിക ക്രമത്തിൽ പ്രതിഫലിപ്പിക്കാമെന്നല്ലാതെ നാ ഴികമണിയുടെ ആവനാഴിയിൽ സമയത്തെ ഒതുക്കുവാൻ സാധ്യമല്ല. അതുപോലെ മനസിനെ സൃഷ്ടിയുടെ ഘടനക്കുള്ളിൽ ഒതുക്കാൻ സാധ്യമല്ല. സൃഷ്ടിസംഹാരങ്ങൾക്ക് അതീതമാണ് മനസ്, കയ്യിൽ നിന്നും വിട്ടുപോയ പട്ടം പോലെയാകും ചിലപ്പോൾ മനസ്. പട്ടം പറപ്പിക്കുന്ന ആളിന്റെ കയ്യിൽ നിന്നും ചരടു വിട്ടാൽ പട്ടം കാറ്റിൽ യഥേഷ്ടം പറക്കുന്നതു പോലെ മനസും പറന്നുയരും അതിരുകളില്ലാത്ത ആശാപ്രപഞ്ചത്തിലേക്ക്. സമയം ഒന്നിനേയും കാത്ത് നിൽക്കാറില്ല. ആപേക്ഷികമല്ലാത്ത സ്വയംസ്ഥിത വ്യവസ്ഥയാണ് സമയം. മറ്റുള്ളവയെല്ലാം സമയത്തെ നോക്കി സഞ്ചരിച്ചു കൊണ്ടിരിക്കും; അറിഞ്ഞോ അറിയാതെയോ! മനസിന്റെ അവസ്ഥയും ഏറെക്കുറെ ഇപ്രകാരം തന്നെ. ശരീരത്തിൽ കുടികൊണ്ട് ആത്മാവുമായി സംവാദത്തിലേർപ്പെടുന്ന മനസ് ഇവ രണ്ടിനും വേണ്ടി വഴിമാറാതെ വളരെ വേഗത്തിൽ വേണ്ടിടത്തേക്കും വേണ്ടാത്തിടത്തേക്കും സഞ്ചരിക്കുന്നു. 

മനസ് അസ്വസ്ഥമാകുന്നതിനുള്ള കാരണങ്ങൾ പലതാണ്, സമയദോഷമെന്ന് ചിലർ പറയുന്നതുപോലെ. അസ്വസ്ഥമായ മനസ്സിന്റെ കുറെ ഉടമകളെ പരിചയപ്പെടാം. “എന്റെ ഭാര്യയെ ഞാൻ വിശ്വസിച്ചു സാറെ, പക്ഷേ അവളെന്നെ ചതിച്ചു. എന്റെ അമ്മയേയും അച്ഛനെയും ഞാൻ കാണപ്പെട്ട ദൈവത്തെപ്പോലെ കരുതി. ബഹുമാനിച്ചു, സ്നേഹിച്ചു പക്ഷേ അവരെന്നെ തള്ളിപ്പറഞ്ഞു സാറേ...” “എന്റെ കൂടെപ്പിറപ്പുകളെ ഞാൻ ജീവനു തുല്യം സ്നേഹിച്ചു. അവരെ വളർത്തി, സഹായിച്ചു. ഒരു കരയിലെത്തിച്ചു, പക്ഷേ പറക്കമുറ്റിയപ്പോൾ അവർ എന്നെ മൂർച്ചയുള്ള ചുണ്ടുകൊണ്ട് കുത്തി മുറിവേൽപ്പിച്ചിട്ട് അവരൊക്കെ വേറേ കൂടുകളിൽ ചേക്കേറി സാറേ.” “ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത എന്റെ ഉറ്റമിത്രമെന്ന് ഞാൻ കരുതിയവൻ, എന്റെ കുതികാൽ വെട്ടിമാറ്റി.” എനിക്ക് പലപ്പോഴായി ലഭിച്ച ടെലിഫോൺ കോളുകളുടെ ഉടമകളായ പ്രവാസികളുടെ നിലവിളിയാണിത്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വഞ്ചിക്കപ്പെട്ടവർ. പ്രവാസികളിൽ ഒരു നല്ല വിഭാഗത്തിന് വഞ്ചനയുടെ ബാക്കി പത്രം മാത്രമേ നിരത്തിവയ്ക്കാനുള്ളൂ. കടുത്ത വഞ്ചനയുടെ മനം മടുപ്പിക്കുന്ന ചതികളുടെ, പ്രതികാരം ജനിപ്പിക്കുന്ന പ്രഹരങ്ങളുടെ ബാക്കിപത്രം മാത്രം! വെന്തുരുകുന്ന വിയർപ്പു കണങ്ങൾക്കും പൊള്ളി നശിക്കുന്ന ജീവിതത്തിനും മുന്നിൽ തലകുനിച്ചു നിൽക്കുന്ന പ്രവാസിയുടെ ചിത്രമാണിത്. ഇവിടെ ഞാൻ ഉണ്ടാക്കിയ കടം വീട്ടാൻ ചക്രശ്വാസം വലിക്കുന്നു. അതിനിടയിൽ വീട്ടിൽ നിന്നും തുരുതുരാ ആവശ്യങ്ങളുടെ പട്ടിക. കൊടുക്കുന്നതെങ്ങിനെ? കൊടുക്കാതിരിക്കുന്നതെങ്ങിനെ? കൊടുക്കാൻ വീണ്ടും കടം വാങ്ങുന്നു. അതും കഴുത്തറക്കുന്ന പലിശയ്ക്ക്. ശന്പളം കിട്ടിയാൽ പലിശ കൊടുക്കാൻപോലും തികയില്ല. അപ്പോഴേക്കും അവധിക്ക് നാട്ടിൽ പോകേണ്ട സമയമായി. വീണ്ടും കടം വാങ്ങി പെട്ടി നിറയ്ക്കുന്നു. ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കൊണ്ടു കൊടുത്തില്ലെങ്കിൽ മാനക്കേടല്ലേ? വീട്ടുകാരും ബന്ധുക്കളും എന്തു വിചാരിക്കും?. അവിടെ എത്തിയാലോ, തൊട്ടതിനും പിടിച്ചതിനുമൊക്കെ തീ പിടിച്ച വില! കൂലിയ്ക്കും കുറവില്ല . ഗൾഫിന്റെ മണമടിച്ചാൽ മത്സ്യത്തിന്റെ വില വരെ കൂടും. ഓട്ടോറിക്ഷക്കാരനോട് വരെ കടം പറഞ്ഞിട്ട് എങ്ങനെയും തിരികെ വിമാനം കയറും. ഇവിടെയെത്തിയാൽ ഈ പ്രതികൂല കാലാവസ്ഥയിൽ രാവിലെ മുതൽ വൈകുന്നേരം വരെ എല്ല് നുറുങ്ങെ പണി യെടുക്കണം. യാന്ത്രികമായ ജീവിതം!. മനസ്സിന് എങ്ങനെ സ്വസ്ഥത കിട്ടാൻ? സമയത്തോടൊപ്പം സ്വസ്ഥമായി സഞ്ചരിക്കാൻ എങ്ങനെ സാധിക്കും? 

പ്രിയപ്പെട്ട പ്രവാസീ, മറ്റൊരുവനെ മനസിലാക്കാൻ മറന്നുപോയാൽ, ജീവിക്കാൻ മറന്നു പോയാൽ താങ്കളുടെ തല കുനിഞ്ഞു തന്നെയിരിക്കും. ഊണും ഉറക്കവുമൊഴിഞ്ഞ് മാസം തോറും കിട്ടുന്ന ശന്പളത്തിന്റെ ഭൂരിഭാഗവും വീട്ടിലേക്കയച്ച് വീട്ടുകാരെ സസുഖം വാഴാൻ പണിപ്പെടുന്ന കൂട്ടത്തിലൊരുവനാണ് താങ്കളെങ്കിൽ, താങ്കളുടെ പരിമതികളെന്തെന്ന് അവരെ ബോധ്യപ്പെടുത്താൻ മറന്നു പോകരുത്, കാലം ദുഷിച്ചിരിക്കുന്നു കാലത്തിന്റെ കോലം മാറി. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ ദുഷ്കാലത്തെ സൂചിപ്പിക്കുന്നു. സ്ത്രീ സുരക്ഷ ഇന്ന് ഒരു കേട്ടുകേൾവിയായി മാറിയിരിക്കുന്നു. ചതിക്കുന്നതും ചതിക്കപ്പെടുന്നതും ഒളിച്ചോടുന്നതും പീഡിപ്പിക്കപ്പെടുന്നതുമെല്ലാം സ്ത്രീ മൂലമാണ് എന്ന് എഴുതിത്തള്ളാതെ ഇത്തരം വിരോധാഭാസങ്ങൾക്ക് നമുക്കുള്ള പങ്ക് എത്രമാത്രമെന്ന് സ്വയം തിരിച്ചറിയണം. ഒരുവൻ തന്റെ ഭാര്യയെപ്പറ്റി പരിതപിക്കുകയാണ്. “മൊബൈൽ ബിൽ, കന്പ്യൂട്ടർ സംവിധാനം, ഫാഷൻ തരംഗം  എന്റെ ഭാര്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി ഞാനൊഴുക്കിയ കാശിന് കണക്കില്ല. സാരിയും ചുരിദാറുമൊക്കെ ഒരു പ്രാവശ്യത്തേക്ക് മാത്രം. അവസാനം അവൾ മറ്റൊരാളിന്റെ കസ്റ്റ‍ഡി യിൽ. ഈ ചതി അറിയാൻ സമയമെടുത്തു. വീട്ടുകാർ അവളെ ഉപേക്ഷിക്കാൻ ഉപദേശിച്ചു എനിക്ക് മനസു വരുന്നില്ല,” വരുമാനത്തിലൊതുങ്ങുന്ന ജീവിതശൈലി അഭ്യസിപ്പിക്കാൻ എന്തുകൊണ്ടോ മറന്നുപോയതു കൊണ്ട് ഈ ഗതികേട് അയാൾക്കുണ്ടായത്. പലതും മക്കൾക്ക് വേണ്ടി, പലതും അന്ധമായി കരുതി വെയ്ക്കും. എനിക്കനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയത് എന്റെ മക്കളെങ്കിലും ആസ്വദിക്കട്ടെ എന്ന് കരുതി അവസാനം അവർ പിടിവിട്ട് പോകുന്നു. കുടുംബത്തിന്റെ കടിഞ്ഞാൺ നമ്മുടെ കൈയിൽ തന്നെ ആയിരിക്കണം. ആവശ്യവും അത്യാവശ്യവും അനാവശ്യവും തരംതിരിച്ചറിയണം. അനാവശ്യം ഒഴിവാക്കുക ആവശ്യത്തെ ചുറ്റുപാടുകളുടെ അവസ്ഥക്കനുസരിച്ച് സ്വീകരിക്കുക അത്യാവശ്യം ഒഴിവാക്കാതിരിക്കുക, ഇല്ലെങ്കിൽ ആയുസ്സിന്റെ നീളം അളക്കാൻ, നാഴികമണിയുടെ വേഗമളക്കാൻ സാധിക്കാതെ അകാലത്ത് ഒരു രോഗിയായി പ്രവാസത്തിനോട് വിടപറയാൻ നിർബ്ബന്ധിതനായി തീരും. മനസ്സിനെ മെരുക്കുക, ഒരുക്കുക, കാരണം മനസ് ഒരു ദേവാലയമാണ്, സമയരഥത്തിലെ തോഴനാണ്!!

You might also like

Most Viewed