ചു­വട് മറക്കു­ന്നവർ


ഡോ. ജോൺ പനയ്ക്കൽ

 

ലപ്പോഴും പലരും പറയുന്നത് കേട്ടിട്ടുണ്ട്, അയാൾ കയറിവന്ന ജീവിതപടവുകൾ മറക്കുന്നവനാണെന്ന്. ചവിട്ടി വന്ന പടികൾ മറക്കുന്നവരും നന്ദിയില്ലാത്തവരും എന്നാണിതിന്റെ ഉള്ളടക്കം. ഇതിന് കാരണങ്ങൾ പലതും കാണും. പണം വാങ്ങിക്കാണും, വാഗ്ദാനം പാലിക്കാതെ വന്നുകാണും, ‘പാര’ വെച്ചുകാണും, ‘വഴി മുടക്കി’ ക്കാണും. പ്രതികാരം ചെയ്യാൻ നിവർത്തിയില്ലാത്ത സാഹചര്യങ്ങളിൽ, പണ്ട് ഉപകാരം ചെയ്ത മനുഷ്യ മനസ്സുകളിൽ നിന്നുണ്ടാകുന്ന പരിഭവത്തിന്റെ പരിവേദനമാണ് ഇത്തരം കമന്റുകൾ. മറ്റൊരാളിന്റെ മനസ് വേദനിക്കുന്പോൾ ഉണ്ടാകുന്ന ദുഃഖതരംഗങ്ങളെക്കുറിച്ച് വല്ല വിവരവുമുണ്ടായിരുന്നു വെങ്കിൽ, വേദനിപ്പിക്കുന്നവർ ആ പ്രവൃത്തി തുടരുകയില്ല. ഞാൻ മറ്റൊരു മനുഷ്യന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ദുഃഖതരംഗങ്ങൾ, കാലചക്രത്തിരിവിൽ എന്നിലേയ്ക്ക് തന്നെ മടങ്ങിവന്ന് അസ്വസ്ഥത സൃഷ്ടിക്കുമെന്ന തിരിച്ചറിവുള്ളവർ, ‘മനസാ വാചാ, കർമ്മണാ’ മറ്റൊരുവനെ ദുഃഖിപ്പിക്കാൻ മുതിരുകയില്ല.

പക്ഷെ, ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ ചുരുളഴിച്ചാൽ പ്രതികാരത്തിന്റെ ഇരന്പൽ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. എവിടെയും പ്രതികാരദാഹികളായ മനുഷ്യക്കോലങ്ങൾ ഉറഞ്‍ഞു തുള്ളുന്നു. പ്രതിസന്ധികളിൽ തളരുന്പോഴാണ് ‘നന്ദിയില്ലാത്ത മനുഷ്യപ്പറ്റകളെ’ക്കുറിച്ച് നാം ഒരൽപ്പം ചിന്തിക്കുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ പ്രപഞ്ചശക്തികളോട് കൂട്ടുകൂടുന്ന ഒരുവന് ഈ തളർച്ചയോ നിരാശയോ അനുഭവപ്പെടുകയില്ല. ആഴിപ്പരപ്പിലൂടെ ഒരു തോണിയിൽ തനിയെ യാത്ര ചെയ്യുന്ന ഒരു മനുഷ്യൻ. കരയെത്താനായി അയാൾ പാടുപെട്ട് തുഴയുന്നു. പകൽ മറയാൻ സമയവുമായി. പെട്ടെന്ന് ഒരു കാറ്റിൽ തോണി ഉലയുന്നു. ശക്തമായ കാറ്റ്. ഒരു വലിയ പാറക്കൂട്ടം മുന്നിൽ പ്രത്യക്ഷപ്പെട്ടു. പാറയിൽ ഞെരിഞ്ഞ് തോണിയും താനും അമരുമെന്ന് അയാൾ ഭയക്കുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല. നശിച്ചതു തന്നെ. നിശ്ചയം. പാറയിൽ തട്ടി തോണി തകരുന്ന നിമിഷമടുത്തപ്പോൾ ഒരു വലിയ തിര വന്ന് ഈ തോണിയെ കോരിയെടുത്ത് പാറക്കൂട്ടത്തിന്റെ മറുവശത്ത് സുരക്ഷിതമായി നിക്ഷേപിക്കുന്നു. ആ തിരയാണ് പ്രപഞ്ചത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നത്. ആവശ്യമുള്ളപ്പോൾ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഇത്തരം തിരകൾ നമ്മുടെ സഹായത്തിന് രക്ഷകരായി എത്തുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ ജീവിതത്തിലെ വെല്ലുവിളികളെയും നന്ദിയില്ലാത്തവരുടെ പരിഹാസത്തെയും സധൈര്യം നേരിടാനുള്ള ഉൾക്കരുത്ത് നമുക്ക് ലഭിക്കും. കയറി വന്ന ചുവട് നാം മറക്കാതിരുന്നാൽ മതി. 

ഉപകരിച്ച കൈ വിരലുകളിൽ കൊത്തുകയെന്നത് ചിലർക്ക് ഒരു തമാശയാണ്. കൊടും വിഷമുള്ള ഒരു സർപ്പം മഞ്ഞു പൊതിഞ്ഞ ഒരു മലമുകളിൽ കിടന്ന് മരണവെപ്രാളം കാണിക്കുന്പോൾ ഒരു ഹിമപാത സഞ്ചാരി അതുവഴി കടന്നുവന്നു. സർപ്പം അയാളോട് കേണപേക്ഷിച്ചു. “എനിക്ക് ഈ മഞ്ഞു നിറഞ്ഞ പ്രതലത്തിൽ ഇഴയാൻ സാധ്യമല്ല. എന്നെ രക്ഷപ്പെടുത്തുമോ? എന്നെ എടുത്ത് ഈ മലയുടെ അടിവാരത്തിലെത്തിക്കുമോ”? സഞ്ചാരിയുടെ മറുപടി “നീ ഉഗ്രവിഷമുള്ള സ‍ർപ്പമാണ്. നീ എന്നെ കൊത്തി കൊല്ലുകയില്ല എന്നതിന് എന്ത് ഉറപ്പ്?” സർപ്പം മറുപടി നൽകി. “ജീവൻ രക്ഷിക്കുന്ന ഒരു മനുഷ്യനെ കൊല്ലുക എന്നത് എനിക്ക് ഓർക്കാൻ പോലും സാധിക്കുന്നില്ല. ഞാൻ ഒരിക്കലും അത് ചെയ്യുകയില്ല”. ഈ ഉറപ്പിൻമേൽ അയാൾ സർപ്പത്തെ എടുത്ത് മലയുടെ അടിവാരത്തിലെത്തി. സർപ്പം നന്ദി പറഞ്ഞ് വിടപറയുന്പോൾ ഇരുന്ന കയ്യിൽ കൊത്തി. സഞ്ചാരി സ്തംഭിച്ചുപോയി. അയാൾ ചോദിച്ചു. “നീ കാണിച്ചത് നന്ദികേടല്ലേ? കൊത്തുകയില്ല എന്ന് വാക്ക് തന്നിട്ട് ഇപ്പോൾ നീ എന്നെ കൊത്തി”. സർപ്പത്തിന്റെ മറുപടി. “ഞങ്ങൾ ഇഴജന്തുക്കളുടെ ഒരു ശൈലിയാണിത്. എന്നെ കൈത്തലത്തിൽ എടുക്കുന്നതിന് മുന്പ് താങ്കൾ ചിന്തിക്കണമായിരുന്നു. ഞാൻ സർപ്പമാണ്. ഞാൻ കൊത്തും എന്നത്.” ഈ സഞ്ചാരിയുടെ ഗതികെട്ട അവസ്ഥയിൽ ജീവിതത്തിന്റെ നാൽകവലകളിൽ നാമൊക്കെ എത്താറുണ്ട്. ചുവട് മറക്കുന്നവരുടെ നന്ദികേടിന്റെ സാക്ഷ്യപത്രവുമായി. ചിലർ അങ്ങനെയാണ്. ഉപകാരം ചെയ്ത കൈക്ക് കൊത്തും. 

നന്ദി ഒരു വികാരം മാത്രമായിരുന്നാൽ ഇത് സംഭവിക്കും. അത് പ്രവൃത്തിയിലൂടെ പ്രതിഫലിപ്പിക്കുന്പോൾ മാത്രമാണ് ഫലം പുറപ്പെടുവിക്കുന്നത്. പലപ്പോഴും നാമൊക്കെ നന്ദിയെ ഒരു വികാരമായി ഉള്ളിലൊതുക്കി, വാക്കുകളിലൊതുക്കി നിർത്താൻ വെന്പൽ കൊള്ളുന്നു. വികാരമായി ഉദിക്കുകയും പ്രവൃത്തിയായി കായ്ക്കുകയും ചെയ്യുന്പോൾ നന്ദി ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കും. അല്ലെങ്കിൽ നന്ദിക്ക് പകരം നന്ദികേടിന്റെ പാഴ് ഫലം പുറപ്പെടുവിക്കുന്ന പാഴ്തടികളായി നാം തീരും. കയറിവന്ന ചുവടുകളെ കരുണയില്ലാതെ മറക്കുന്നവർ മനോരോഗത്തിന് അടിമകളായി തീരുമെന്ന് മനോരോഗവിദഗ്ദ്ധർ സാക്ഷീകരിക്കുന്നു. അതിന് പ്രതിവിധിയായി സൈക്കോ തെറാപ്പിയും അവർ നിർദ്ദേശിച്ചിട്ടുണ്ട്. ആഴ്ചവട്ടത്തിന്റെ ഏതെങ്കിലും ഒരു നാൾ രാത്രിയിൽ കിടക്കയിലേയ്ക്ക് ഉറങ്ങാനായി പോകുന്നതിന് മുന്പ്, ഓർമ്മയായപ്പോൾ മുതൽ പിന്നിട്ട ജീവിത പാതയിലെ ചുവടുകളെപ്പറ്റി അയവിറക്കുക. നല്ലതും തീയതും, സുഖവും ദുഃഖവും ഒക്കെ. മുന്നോട്ട് നന്ദി നിറഞ്ഞ ഹൃദയത്തോടെ കുതിക്കുവാനുള്ള ഊ‍ർജ്ജം ഈ തെറാപ്പിയിലൂടെ ലഭിക്കും. ഈ തെറാപ്പിയെ Rewinding the past എന്ന് പറയും. കഴിഞ്ഞ കാലത്തെ മധുരിക്കുന്ന ഓർമ്മകളെ തഴുകുകയും കൈയ്ക്കുന്നവയെ ക്ഷമാപൂർവ്വം മറക്കുകയും ചെയ്യാൻ ഈ തെറാപ്പിയിലൂടെ ഉളവാക്കുന്ന തദനുഭൂതി നമ്മെ സഹായിക്കും. 

ചതിക്കുഴിയിൽ വീണ ഒരു അന്യനാട്ടുകാരന്റെ കഥ ചിന്തിപ്പിക്കുന്നതാണ്. അദ്ദേഹം ഒറീസാ സ്വദേശിയാണ്. വിവാഹം കഴിച്ചിരിക്കുന്നത് ഒരു മലയാളി പെൺകുട്ടിയെയാണ്. പ്രേമവിവാഹമായിരുന്നു. മുംബൈയിൽ വെച്ചാണ് അവർ തമ്മിൽ കണ്ടു മുട്ടിയത്. അദ്ദേഹത്തിന്റെ വീട്ടിൽ സാമാന്യം ഭേദപ്പെട്ട സാന്പത്തിക ശേഷിയുണ്ട്. പക്ഷെ മലയാളി സ്ത്രീയെ വിവാഹം കഴിച്ചതു കൊണ്ട് അദ്ദേഹത്തെ വീട്ടുകാർ വെറുത്തു. വീട്ടിൽ ഒരു അവകാശവുമില്ല എന്നുപറഞ്ഞ് പുറത്താക്കി. അദ്ദേഹം ഒറ്റയ്ക്കായി. ഒരു കുടുംബം പുലർത്തുന്നതിനുള്ള വരുമാനം അദ്ദേഹത്തിന് ഇല്ലായിരുന്നു. കഷ്ടപ്പെട്ട് ജോലി ചെയ്യുമായിരുന്നു. അങ്ങനെ ഭാര്യയെ ലബോർട്ടറി ടെക്നീഷ്യൻ കോഴ്സിന് ചേർത്ത് പഠിപ്പിച്ചു. “കക്കൂസ് കഴുകുന്ന പണിവരെ ചെയ്തിട്ടാണ് ഇവയ്ക്കൊക്കെ ഞാൻ പണം കണ്ടെത്തിയിരുന്നത്. ഞങ്ങൾക്ക് രണ്ട് ആൺകുട്ടികളുമുണ്ടായി”. അപ്പോഴാണ് അവൾക്ക് സിങ്കപ്പൂരിൽ ഒരു ജോലി കിട്ടിയത്. അവൾ സിങ്കപ്പൂരിലേക്ക് പോയപ്പോൾ ഈ ഭർത്താവ് കുട്ടികളേയും കൂട്ടി കേരളത്തിലുള്ള ഭാര്യയുടെ വീട്ടിലേയ്ക്ക് താമസം മാറ്റി. ഒരു പൈസപോലും സിങ്കപ്പൂരിൽ നിന്ന് ഭർത്താവിന് ഈ സ്ത്രീ അയച്ചുകൊടുത്തില്ല. ഇപ്പോൾ ഫോണിൽ സംസാരിക്കാൻ പോലും മടിയാണ്. അങ്ങോട്ട് ഫോൺ വിളിച്ചാൽ എടുക്കുകയുമില്ല. അതിനിടയിൽ ഇവരുടെ ഇളയമകന് രോഗം ബാധിച്ചു. മരിക്കുമെന്ന് വരെ ആയി. എങ്കിലും അമ്മ തിരിഞ്ഞ് നോക്കിയില്ല. ഇദ്ദേഹത്തിനും ബ്ലഡ് പ്രഷർ കൂടി. മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. എന്നിട്ടും ഭാര്യ കുലുങ്ങിയില്ല. കുറെ നാളുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ബഹ്റൈനിൽ എത്താനുള്ള ഒരു വിസ തരപ്പെട്ട് കിട്ടി. രണ്ട് മക്കളുടെ കാര്യങ്ങൾ ഇപ്പോൾ നോക്കി നടത്തുന്നത് അച്ഛനാണ്. “ഞാൻ ഗൾഫുകാരനായി എന്നറിഞ്ഞപ്പോൾ മുതൽ എന്റെ പണം മോഹിച്ച ഭാര്യാവീട്ടുകർ അടുപ്പം കാണിച്ച് തുടങ്ങി. കഷ്ടപ്പെട്ട് 80 ദിനാർ മാസശന്പളമുള്ള ഞാൻ ഓവർടൈം ജോലിയുമെടുത്ത് 50 ദിനാർകൂടി മാസം തോറും ഉണ്ടാക്കും. ചിലവ് കഴിഞ്ഞ് ബാക്കി വരുന്ന തുക മുഴുവനും മക്കളെ വളർത്താനും പഠിപ്പിക്കാനും ഉപയോഗിക്കുന്നു. തങ്ങളെ തിരിഞ്ഞു നോക്കാത്ത അമ്മയെ മക്കൾ വെറുക്കുന്നു”. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സിങ്കപ്പൂ രിൽ നിന്ന് രണ്ട് വർഷത്തെ ജോലി പൂർത്തിയാക്കി തിരികെ നാട്ടിലേക്ക് വരുന്നു. സന്പാദ്യം മക്കൾക്ക് വേണ്ടി നീക്കി വെയ്ക്കണമെന്ന് പറഞ്ഞപ്പോൾ മനസ്സില്ലെന്നും ഭർത്താവിനെ ഇഷ്ടമല്ലെന്നും പറയുന്നു. സന്പാദ്യമെല്ലാം സ്വർണമാക്കി മാറ്റി പോലും. ഇഷ്ടമല്ലെന്ന് പറയുന്നുവെങ്കിലും ഭർത്താവിന് ഭാര്യയെ ഉപേക്ഷിക്കുവാൻ മനസ്സു വരുന്നില്ല. “അവൾ എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചാലും ഞാൻ മരിക്കും വരെ മറ്റൊരു സ്ത്രീയെ എന്റെ ജീവിതത്തോട് ഒട്ടിച്ചു ചേർക്കുകയില്ല”. അദ്ദേഹത്തിന്റെ മനസ്സിന്റെ വേദന വർണ്ണനാതീതമാണെന്ന് അദ്ദേഹം വിതുന്പുന്നതിൽ നിന്നും മനസ്സിലാക്കാം. നന്ദികേടിന്റെ കടന്നൽ കൂടിൽ കിടന്ന് കടി കൊള്ളുന്ന മനുഷ്യൻ! ഇങ്ങനെ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. അക്ഷര കേരളത്തിലെ പ്രബുദ്ധരായ വിദ്യാസന്പന്നർപോലും പിന്നിട്ട ചുവടുകളെ പാടെ മറക്കുന്ന പ്രാകൃതഭാവത്തിന്റെ കരാള ഹസ്തങ്ങളിലാണ്. സ്ത്രീധനവും സ്വർണകന്പവും കേരളത്തിലെ സ്ത്രീകളുടെ ശാപമാണ്. ഈ ദുരവസ്ഥ തുടരുന്നിടത്തോളം കാലം ചതിയും ചതിക്കുഴികളും സജീവമായിരിക്കും. പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിയുള്ള പരക്കം പാച്ചിലിൽ കയറിവന്ന ചുവടുകളെ പാടെ മറക്കുവാനും സാധ്യതയുണ്ട്. പീഢനങ്ങളുടെ പരന്പരകൾ വാർത്താ മാധ്യമങ്ങളിൽ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നതും വന്നവഴി മറക്കുന്നത് കൊണ്ടും വഞ്ചന രക്തത്തിൽ കലർന്നതുകൊണ്ടുമാണ്. 

ഒരു വീട്ടിൽ ഒരു പെൺകുഞ്ഞ് പിറന്നാൽ ആ വീട്ടിലെ ആഹ്‌ളാദം നഷ്ടപ്പെടും. ഗൃഹനാഥൻ അന്നുമുതൽ ചിന്താധീനനാകുന്നു. ആൺകുട്ടി പിറന്നാൽ അതൊരു ആഘോഷമായി മാറുന്നു. വർഷങ്ങൾക്ക് ശേഷം കോടികൾ അടിച്ചുമാറ്റാമെന്ന വ്യാമോഹമായിരിക്കാം ഇതിന് പിന്നിൽ. സൃഷ്ടികർത്താവായ ഈശ്വരനെപ്പോലും പെൺപിറവിയിൽ ചിലർ പഴിക്കുന്നു. കാലത്തിന്റെ കോലം തിരിഞ്ഞിരിക്കുന്നു. ഇത്തരം പ്രവണതകൾ സമൂഹത്തിന്റെ നിറം മങ്ങിപ്പിക്കുന്നു. പിന്നിട്ട പടികളെപ്പറ്റി വീണ്ടുവിചാരമില്ലാതെ വഞ്ചനയുടെ ഗർഭവും പേറി നടക്കുന്ന മനഃസാക്ഷിയില്ലാത്ത മനുഷ്യാ, ചുവട് മറക്കുന്ന നിന്നെ നിനക്കുള്ളവർ വേഗം മറക്കും.

You might also like

Most Viewed