സ്വർ­ഗത്തിൽ ഞാ­നൊ­രു­ മു­റി­യെ­ടു­ത്തു...


ഡോ. ജോൺ പനയ്ക്കൽ 

സ്വർഗം ഭൂമിയിൽ ആരംഭിക്കുന്നു എന്നൊരു ചൊല്ലുണ്ട്. നരകവും അപ്രകാരം തന്നെ. ഇവയെ വിവേചിച്ചു അറിയുവാനുള്ള വിവേകം ഉള്ള മനുഷ്യർ സ്വർഗത്തിന് പല മറു നിർവചനങ്ങളും കൊടുത്തു വികലമാക്കിയിട്ടുണ്ട്. ആർത്തിയുടെ പൂർത്തീകരണമോ, ആശയുടെ സാഫല്യമോ, പ്രതീക്ഷകളുടെ പ്രാപ്യതയോ ആയി സ്വർഗാനുഭൂതിയെ ചിത്രീകരിക്കുന്ന അതിചിന്തകർ ഉണ്ട്. അവനവൻ ആയിരിക്കുന്ന അവസ്ഥയിലെ സ്വസ്ഥതയെ തിരിച്ചറിഞ്ഞു അനിർവചനീയമായ അനുഭൂതി മെനഞ്ഞെടുക്കുവാൻ സാധിക്കുന്പോൾ, ഞാൻ എന്ന ഞാൻ സ്വർഗത്തിൽ ഒരു മുറി എടുക്കുകയാണ്. എന്നാൽ ചുറ്റുപാടും സ്വസ്ഥത പരത്തുന്ന തണൽ മരങ്ങളായി നാം തീരുന്പോഴാണ് സ്വർഗവാസം അനുഭവവേദ്യമാകുന്നത് എന്നതാണ് സത്യം. 

പണ്ട് നാട്ടിൻ പുറങ്ങളിൽ സഞ്ചരിക്കുന്പോൾ ആൽത്തറകളും അവിടെയൊക്കെ സുഹൃത്തുക്കൾ ഒത്തുചേരുന്നതും കാണാമായിരുന്നു. ആൽമരത്തിന്റെ ശീതളച്ഛായയും സദാ ചലിച്ചുകൊണ്ടിരിക്കുന്ന അതിന്റെ ഇലകൾ ഉയർത്തുന്ന കുളിർകാറ്റും സുഖദായകങ്ങൾ ആയിരുന്നു. അവ പുറപ്പെടുവിക്കുന്ന ഓക്സിജൻ ഉന്മേഷം പകരുകയും ചെയ്തിരുന്നു. ഒരു ‘സ്വർഗ്ഗത്തിലെ മുറിക്ക്’ തുല്യമായിരുന്നു ആൽത്തറകൾ. ഇന്ന് ബാറുകളും സൈബർ കഫേകളുമാണ് ഒത്തുചേരാനുള്ള വേദികളും ‘സ്വർഗ്ഗത്തിലെ മുറികളൂം’!

മറ്റൊരു മരവും നാട്ടിൻപുറങ്ങളിൽ ഉണ്ട്, ചാരുമരം. അതിന്റെ അടുത്തുകൂടെ കടന്നു പോയാൽ ചൊറിച്ചിലും അസ്വസ്ഥയും ഉണ്ടാകുന്നു. ‘ചാര് ഊച്ചുക’ എന്ന ഒരു ചൊല്ല് തന്നെ നാട്ടിൽ ഉണ്ട്. തുളസിക്ക് വളം വെയ്ക്കുക ആയിരുന്നു ഇതിനു പ്രതിവിധി. ആൽമരവും ചാരുമരവും പോലെ രണ്ട് തരത്തിലുള്ള മനുഷ്യരും നമ്മുടെ ഇടയിൽ ഉണ്ട്. ഒരു കൂട്ടർ സുഖവും സന്തോഷവും കുളിർമയും പരത്തുന്നു. മറുകൂട്ടർ ചൊറിച്ചിലും ഈർഷ്യയും ഉണ്ടാക്കുന്നു. രണ്ടാമത്തെ കൂട്ടരുടെ സാന്നിദ്ധ്യം നമ്മിൽ വെറുപ്പും അമർഷവും ജനിപ്പിക്കുന്നു. അവരുടെ വാക്കുകളും പെരുമാറ്റവും അത്തരത്തിൽ ഉള്ളതാണ്. ഒരു കൂട്ടർ ചുറ്റും സ്വർഗം സൃഷ്ടിക്കുന്പോൾ മറുകൂട്ടർ നരകം പണിയുകയാണ് അവർക്കു ചുറ്റും. ചുരുക്കത്തിൽ സ്വർഗത്തിൽ ഒരു മുറി എടുക്കാൻ നാം സ്വർഗം പണിയണം. നമ്മുടെ ഭവനങ്ങൾ മാത്രമല്ല ചുറ്റുപാടും സ്വർഗമാകണം. 

എങ്ങനെയാണ് ഇത് സാദ്ധ്യമാവുക? അതറിയേണ്ടത് ആവശ്യമാണ്. കാരണം, ജീവിത വിജയം അതിനെ ആശ്രയിച്ചിരിക്കുന്നു. പരലോക സ്വർഗ്ഗപ്രാപ്തി ഇഹലോകവാസത്തെ സ്വർഗം പണിയപ്പെടുന്ന പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും പ്രചാരവും പ്രസിദ്ധിയും ലഭിച്ച ഒരു കൃതി ഉണ്ട്. ലോകം മുഴുവനായി എല്ലാ പ്രധാന ഭാഷകളിലേക്കും അത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എല്ലാം കൂടെ പതിനഞ്ചു ദശലക്ഷം കോപ്പികൾ വിറ്റതായിട്ടാണ്‌ കണക്ക്. 1930കളിൽ അമേരിക്കയിൽ അനുഭവപ്പെട്ട സാന്പത്തിക അരക്ഷിതാവസ്ഥയെ തുടർന്നുള്ള പശ്ചാത്തലമാണ് ഈ കൃതിക്ക് പ്രചോദനമായത്.

ആ കൃതി ആണ് ഡെയിൽ കാർനെഗി എഴുതിയ ‘how to win friends and influence people’. മിസ്സൂരിയിലെ ഒരു പാവപ്പെട്ട കർഷകന്റെ മകനായി ജനിച്ച ഡെയിൽ കാർനെഗി വളരെ കഷ്ടപ്പെട്ടാണ് കൗമാരം പിന്നിട്ടതും വിദ്യാഭ്യാസം നടത്തിയതും. അതിരാവിലെ മൂന്നു മണിക്ക് എഴുന്നേറ്റു വീട്ടിലെ പശുക്കളുടെ പാൽ കറന്നു പാൽക്കടയിൽ എത്തിക്കണമായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ചില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കാരനായി മാറി. പിന്നീട് പ്രഭാഷണ കലയിലേക്കു തിരിഞ്ഞു. പ്രസംഗം എങ്ങനെ വിജയിപ്പിക്കാം എന്നതിനെപ്പറ്റി നിരവധി ക്ലാസുകളും സെമിനാറുകളും നടത്തി. അതിനു ശേഷം ഗ്രന്ഥരചനയിലേക്കു ശ്രദ്ധ തിരിച്ചു. ആകുലത അകറ്റി ജീവിതം എങ്ങനെ വിജയപ്രദമാക്കാം എന്ന വിഷയത്തിൽ ഊന്നി രചിച്ച ‘how to stop worrying and start living പ്രചുരപ്രചാരം നേടി. അനേകം ഈടുറ്റ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം 1955 −ൽ അറുപത്തി ഏഴാം വയസിൽ അന്തരിച്ചു. 

ഏറ്റവും പ്രസിദ്ധി ആർജിച്ച അദ്ദേഹത്തിന്റെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ കൃതിയിൽ എപ്രകാരം നമുക്ക് ചുറ്റും സ്വർഗം പണിയാമെന്നു പ്രതിപാദിക്കുന്നു. ചുറ്റും സൗഹൃദം വളർത്താമെന്നും മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാമെന്നും വിശദമായി അതിൽ പ്രതിപാദിച്ചിട്ടുണ്ട്. അതാണ് നമുക്ക് ചുറ്റും പണിയാവുന്ന സ്വർഗ്ഗത്തിന്റെ മൂലക്കല്ല്. ആദ്യഭാഗത്തു തന്നെ ഒരു തൊഴിൽ ഉടമയുടെ അനുഭവ കഥ ഉദ്ധരിച്ചിട്ടുണ്ട്. അയാളുടെ കീഴിൽ 314 പേർ ജോലി ചെയ്തിരുന്നു. അവരോടു വളരെ കർക്കശമായും പരുഷമായും ആണ് അയാൾ ഇടപെട്ടിരുന്നത്. അവരെപ്പറ്റി ഒരു നല്ല വാക്കുപോലും അയാളുടെ നാവിൽ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും കുറ്റപ്പെടുത്തലുകളും വിമർശനവും ശാസനയും മാത്രമേ അവർക്കു കേൾക്കുവാൻ ഉണ്ടായിരുന്നുള്ളു. അയാൾ കാർനെഗിയുടെ ഒരു കോഴ്‌സിൽ പങ്കെടുക്കുവാൻ ഇടയായി. അവിടെ കേട്ട ഒരു കാര്യം ‘never criticise, condemn or complain’ എന്നത്തിന്റെ C എന്ന അക്ഷരത്തിൽ തുടങ്ങുന്ന മൂന്നു ക്രിയകൾ: ഒരിക്കലും ഒരാളെ വിമർശിക്കരുത്, ഒരിക്കലും ഒരാളെ ഭൽസിക്കരുത്, ഒരിക്കലും ഒരാളെപ്പറ്റി പരാതിപ്പെടരുത് − ഈ കാര്യങ്ങൾ പ്രയാസത്തോടെയാണെങ്കിലും സ്വന്തം ജീവിതക്രമത്തിൽ പ്രായോഗികമാക്കാൻ അയാൾ ശ്രമിച്ചപ്പോൾ ഉണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു. 314 ശത്രുക്കളെ ഞാൻ മിത്രങ്ങൾ ആക്കി. മുൻപ് പ്രകടമാകാതിരുന്ന വിധേയത്വവും അടുപ്പവും അവരിൽ നിന്ന് എനിക്ക് ലഭിച്ചു. കന്പനിയുടെ ഉൽപ്പാദനക്ഷമത വർദ്ധിച്ചു. എന്റെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് വരെ മെച്ചപ്പെട്ട പ്രചോദനവും പ്രതികരണവും സന്തോഷപ്രദമായ സമീപനങ്ങളുമുണ്ടായി − അയാൾ പറയുന്നു. 

കാർനെഗി ഉയർത്തിക്കാണിക്കുന്ന കാര്യങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണെന്നു മാത്രമല്ല, പ്രാവർത്തികമാക്കാൻ പ്രയാസമുള്ളതുമല്ല. നമുക്ക് ഓരോരുത്തർക്കും നമ്മുടെ പ്രാധാന്യം അംഗീകരിക്കപ്പെടണമെന്നു മോഹമുണ്ട്. അതുപോലെതന്നെയാണ് നമ്മുടെ സ്ഥാനവും സേവനവും ആദരിക്കപ്പെടണമെന്നുള്ളതും. എത്ര നിസ്സംഗൻ എന്ന് അവകാശപ്പെടുന്ന വ്യക്തി പോലും തന്റെ സ്ഥാനവും സേവനവും ആദരിക്കപ്പെടണമെന്നും അംഗീകരിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവനായിരിക്കും. ഈ മനോഭാവം നമുക്കും നമുക്ക് ചുറ്റുപാടും പലപ്പോഴും നിരാശയുടെ അനുഭവങ്ങൾ ജനിപ്പിക്കുന്പോൾ സ്വർഗം എന്ന സ്വപ്നം അവിടെ അസ്തമിക്കുകയാണ്.

എന്നാൽ മുഖസ്തുതിയും കാപട്യം നിറഞ്ഞ പ്രശംസയുമുള്ള ഇന്നത്തെ ലോകത്തിൽ യഥാർത്ഥ സ്വർഗം മുളച്ചുപൊങ്ങാൻ നാണിക്കുന്നു. ഞാൻ ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്പോൾ ഒരു പന്ത്രണ്ടാം ക്ലാസ്സുകാരനെയും കൂട്ടി മാതാപിതാക്കൾ എത്തി. അയാൾ അനുസരിക്കുന്നില്ല, ചെറുത്തുനിൽക്കുന്നു, ബോർഡ് എക്സാം അടുത്തിട്ടും മോഡൽ എക്സാം നടക്കുന്പോഴും ഉഴപ്പാണ് എന്നൊക്കെ ഉള്ള വേവലാതിയുമായാണ് അവരുടെ വരവ്. ഞാൻ പ്രിയപുത്രനെ മാത്രം കസ്റ്റഡിയിൽ എടുത്തു കൊസ്റ്റ്യൻ ചെയ്തപ്പോൾ അയാൾ സ്വർഗത്തിൽ ഒരു മുറിയെടുത്തിരിക്കുക ആണെന്ന് എനിക്ക് മനസിലായി. 

ഈ കേട്ടതൊക്കെ ശരിയാണോ മോനെ? 

അതേ, തീർത്തും ശരിയാണ് 

എന്താ ഇങ്ങനെയൊക്കെ?

പിന്നെ എങ്ങനെയൊക്കെ വേണം 

അല്ല, ഭാവി നിശ്ചയിക്കുന്ന ഒരു പരീക്ഷ അല്ലെ എഴുതാൻ പോകുന്നത്. വിജയിക്കേണ്ടേ? 

സാറെ, ഞാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആണ്. കൊടുമുടികൾ ഒന്നും കീഴടക്കാൻ എനിക്ക് പ്ലാൻ ഇല്ല, എന്നെക്കൊണ്ടതു സാധ്യവുമല്ല, പിന്നെ ജീവിതം. അത് ഒരിക്കലേ ഉള്ളൂ. അത് ആവോളം ആസ്വദിക്കണം. അതിലെന്താ സാറെ തെറ്റ്?

ആസ്വദിക്കണം.. ആസ്വദിക്കണം. മോൻ, മദ്യപിക്കുമോ?

മദ്യപിക്കുക മാത്രമല്ല, പുകവലിക്കുകയും ചെയ്യും, കടുത്തപുക, കറുത്ത പുക. 

ഓഹോ, മറ്റു വല്ല ശീലങ്ങളും?

എല്ലാം ഉണ്ടെന്നു സാർ കരുതിക്കോളൂ. നീണ്ട ബന്ധങ്ങൾ ഒന്നും ഇന്നില്ല, അപ്പോഴത്തെ ആവശ്യത്തിന് മാത്രം ഒരു ബന്ധം, അതാണ് സ്വർഗം. അതിപ്പൊഴേ പറ്റുകയുള്ളൂ. പിന്നത്തേക്കു മാറ്റിയാൽ നടക്കുകയില്ല. ഇത് സൈബർ യുഗമാണ് സാറെ. സാറിന്റെ പഴഞ്ചൻ ചിന്തക്ക് ഇന്ന് ഒരു വിലയുമില്ല.

എനിക്ക് പറയണമെന്ന് തോന്നി, മോനെ നിനക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നും കുറേകാലം കഴിയുന്പോൾ നീ ദുഖിക്കേണ്ടി വരും. ഇന്ന് നീ പടുത്തുയർത്തിയിരിക്കുന്ന വിഡ്ഢികളുടെ സ്വർഗം നിന്റെ ശവപ്പറന്പായിത്തീരും. പക്ഷെ ഞാൻ പറഞ്ഞില്ല. കാരണം എനിക്ക് ആ കുഞ്ഞിനെ നേടണമായിരുന്നു. 

പ്രിയവായനക്കാരെ, ജഡമയമായ ദുർമോഹത്തിന്റെ കൊടും ചൂടിൽ സ്വർഗം പടുത്തുയർത്താൻ ശ്രമിക്കുന്ന യുവതലമുറയുടെ ഒരു നേർക്കാഴ്ച ആണ് ഈ ചെറുപ്പക്കാരൻ. സ്വാർത്ഥമതിയും അഹംഭാവിയുമായ ഒരാൾക്ക് മറ്റുള്ളവരുടെ സ്നേഹമോ സഹകരണമോ സ്ഥായിയായി ലഭിക്കുകയില്ല, സ്വന്തം നിലപാടിനെ ന്യായീകരിക്കുവാൻ സാഹസപ്പെടുന്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കുവാൻ തോന്നുകയില്ല. ഏതു ജീവിതത്തിലും അനുകൂലങ്ങളും പ്രതികൂലങ്ങളുമായ സാഹചര്യങ്ങൾ ഉണ്ടാകാം. പലപ്പോഴും അവ ആകസ്മികങ്ങളും അപ്രതീക്ഷിതങ്ങളും ആകാം. അവയോടുള്ള പ്രതികരണം അനുസരിച്ചാണ് ജീവിതം വിജയമോ പരാജയമോ ആവുന്നത്. ദുഃഖം ആണ് സ്ഥായിയായ മനുഷ്യ ഭാവം. ദുഖത്തെ നേരിടുന്പോൾ സുഖം വെളിവാകും. ഇടിയും മിന്നലുമുള്ള പേമാരി പെയ്തൊഴിയുന്പോൾ ഉണ്ടാകുന്ന ശാന്തത ആണ് യഥാർത്ഥ സ്വർഗപ്രതീതി. അവിടെയാണ് മുറി എടുക്കേണ്ടത്. ഏറ്റവും വിപരീതവും വിഷമകരവുമായ സാഹചര്യങ്ങളെ സർഗ്ഗാത്മകമായി നേരിട്ട് ജീവിതം വിജയത്തിൽ എത്തിച്ച എത്ര ധന്യാത്മാക്കൾ നമ്മുടെ ഭാരതത്തിന്റെ മണ്ണിൽ തന്നെ പിറന്നു ജീവിച്ചു സ്വർഗം പണിതു കടന്നു പോയിട്ടുണ്ട്. അവരൊക്കെ ഇന്ത്യയുടെ ചരിത്രത്തിൽ പ്രകാശ ഗോപുരങ്ങൾ ആയി തെളിഞ്ഞു നിൽക്കുന്നു. അവരുടെ ജീവിതവും ചിന്തകളും തലമുറകൾക്കു പ്രചോദനം നൽകുന്നവയാണ്. ജീവിക്കുന്നതിനു ഒരു ലക്ഷ്യം ഉള്ളവന് ഏതു സാഹചര്യത്തെയും അതിജീവിക്കാൻ പ്രാപ്തി ഉണ്ടാകും. എങ്ങനെയും സുഖിച്ചു ജീവിക്കുക എന്നതിലുപരി മൂല്യാധിഷ്ഠിത ജീവിതം ലക്ഷ്യമാക്കിയാൽ കഷ്ടതയുടെയും സഹനത്തിന്റെയും അനുഭവത്തിലും ചില മൂല്യങ്ങൾ രൂപപ്പെടുത്താൻ സാധിക്കും. 

ആധുനിക സമൂഹം സന്തോഷം കണ്ടെത്താൻ ഏറെ സാഹസപ്പെടുന്നു. അത് സന്തോഷത്തിനു വേണ്ടി മനുഷ്യൻ ഉഴലുന്നതു കൊണ്ടാണ്. നേരെമറിച്ചു നമ്മുടെ ഭാവനയും താലന്തുകളും ഉപയോഗപ്പെടുത്തി ഏതെങ്കിലും ഒരു ഉദ്യമത്തിൽ നാം മുഴുകുന്പോൾ സന്തോഷം താനേ ഒരു ഉപോൽപ്പന്നമായി എത്തിക്കൊള്ളും. അപ്പോൾ കപ്പിൽ നിന്നും മധുരത്തെ ഉളവാക്കുവാൻ കഴിയും. ജീവിതം ക്ഷണികമായതുകൊണ്ടു അത് ആവോളം ആസ്വദിച്ച് തീർക്കണം എന്ന വിശ്വാസ പ്രമാണത്തോടു യോജിക്കാൻ സാധിക്കുന്നില്ല. സാർത്ഥകമാകാത്ത സാദ്ധ്യതകൾ മാത്രമേ നിരർത്ഥകമാകുന്നുള്ളു. വിധിയെ പഴിച്ചും പൈതൃകത്തെ കുറ്റപ്പെടുത്തിയും ധാരാളം പേര് നമ്മുടെ ഇടയിൽ വെള്ളമിറക്കാതെ കഴിയുന്നുണ്ട്. അവരാണ് താൽക്കാലിക സ്വർഗകൂടാരങ്ങളിൽ ചേക്കേറുന്നത്. നമുക്കൊക്കെ എന്തിനാണ് ഇച്ഛാശക്തി ലഭിച്ചിട്ടുള്ളത്? സ്വർഗ്ഗവും നരകവും പണിയുന്നത് നാം തന്നെയാണ്. മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്പോൾ നമ്മെ സ്നേഹിക്കാനും കരുതാനും ആളുകൾ വരും. അതാണ് യഥാർത്ഥ സ്വർഗീയ അനുഭൂതി!

You might also like

Most Viewed