ഈ കാണും മാമലയൊന്നും...


പ്രദീപ് പുറവങ്കര 

നമ്മുടെ നാട്ടിൽ ഭൂമി കൈയേറാൻ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങൾ ജാതി, മത, രാഷ്ട്രീയ ചിഹ്നങ്ങളാണ്. അത് ബസ് വെയ്റ്റിങ്ങ് ഷെൽട്ടർ മുതൽ രക്തസാക്ഷി സ്തൂപങ്ങൾ വരെയായി മാറാം. കുരിശും, ഖബറും, വിഗ്രഹങ്ങളും പൊതുസ്ഥലങ്ങളിൽ കാണപ്പെടുന്നതും കൈയേറ്റങ്ങളിൽ ഉൾപ്പെടുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷമാണ് സർക്കാർ ഭൂമി കൈയേറിയവർക്ക് നേരെ സർക്കാർ തലത്തിൽ നമ്മുടെ കേരളത്തിൽ നടപടികൾ ഉണ്ടാകുന്നത്. മതത്തിന്റെ പേരിൽ സർ‍ക്കാർ‍ ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് മൂന്നാറിലെ സൂര്യനെല്ലിക്കടുത്തുള്ള പാപ്പാത്തിച്ചോലയിൽ‍ സ്ഥാപിച്ച കൂറ്റൻ കുരിശ് പൊളിച്ചു നീക്കിയതിലൂടെ റവന്യൂ വകുപ്പും കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നൽകുന്ന ദേവികുളം സബ് കളക്ടർ‍ ശ്രീറാം വെങ്കിട്ടരാമനും കഴിഞ്ഞ ദിവസം തടഞ്ഞത്. 

കുരിശു പൊളിക്കലിനതിരെ ക്രൈസ്തവരിൽ‍ നിന്നോ മത മേലധ്യക്ഷന്‍മാരിൽ നിന്നോ വലിയ പ്രതിഷേധമുണ്ടായില്ലെങ്കിലും ഭരിക്കുന്ന പാർ‍ട്ടിയായ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും ദേവികുളം എം.എൽ‍.എ എസ്. രാജേന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനും കുരിശു പൊളിച്ചതിൽ‍ വിശ്വാസികളെക്കാൾ‍ കൂടുതൽ‍ വേദന ഉണ്ടായതായാണ് അവരുടെ പ്രതികരണങ്ങളിൽ‍ നിന്നു വ്യക്തമാകുന്നത്. കോട്ടയത്ത് ഒരു പരിപാടിയിൽ‍ വെച്ച് കുരിശ് പൊളിച്ചുമാറ്റിയ രീതിയെ വിമർ‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തി. ഇടുക്കി ജില്ലാ കളക്ടറെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. ഇതിൽ നിന്നും കൈയേറ്റമൊഴിപ്പിക്കൽ‍ നടപടി ഏതു വിധേനയും പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോൾ‍ നടക്കുന്നതെന്നു പകൽ‍ പോലെ വ്യക്തമാണ്. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും മന്ത്രി ചന്ദ്രശേഖരനും ഇത്തരം നീക്കങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കൈയേറ്റമൊഴിപ്പിക്കൽ‍ നടപടികളുമായി മുന്നോട്ടുപോകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

മുന്പ് വി.എസ് സർ‍ക്കാരിന്റെ മൂന്നാർ‍ ദൗത്യസംഘത്തേതിൽ‍ നിന്നും നയപരമായ ചില വ്യത്യാസങ്ങളോടെയാണു ശ്രീറാം വെങ്കിട്ടരാമൻ എന്ന സബ് കലക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഒഴിപ്പിക്കൽ‍ ദൗത്യം തുടരുന്നത്. നിയമവിരുദ്ധമായി നടത്തുന്ന പ്രവർ‍ത്തികൾ‍ക്കു നിയമം കൊണ്ടു തന്നെ പ്രതിരോധം തീർ‍ക്കുന്ന അത്ഭുതമാണ് മൂന്നാറിൽ‍ ഇപ്പോൾ നടക്കുന്നത്. കൈയേറ്റക്കാർ‍ക്ക് നോട്ടീസ് നൽ‍കി സമയം കൊടുത്ത ശേഷമാണ് പുതിയ റവന്യു സംഘത്തിന്റെ ഒഴിപ്പിക്കൽ‍ നടപടി. ഇതു കാരണം കൈയേറ്റക്കാർ‍ക്ക് നിയമം പറഞ്ഞ് പ്രതിരോധിക്കാൻ സാധിക്കാതെ വരും. ആദ്യം ഇവിടെ ഒഴിപ്പിക്കുന്നത് കൈയേറ്റ ഭൂമിയാണ്. അനധികൃത കെട്ടിട നിർ‍മാണങ്ങൾ ഇതിന് ശേഷം ഒഴിപ്പിക്കാനാണ് പദ്ധതി.

ഓരോ തവണയും ഇത്തരം നടപടികൾ ഉണ്ടാകുന്പോൾ കാലങ്ങളായി ജീവിച്ചു പോകുന്ന മണ്ണിൽ‍ നിന്നും പാവപ്പെട്ടവരെ ഇറക്കി വിടുന്നു എന്നൊക്കെയുള്ള പ്രചരണം അഴിച്ചുവിട്ട് പ്രദേശവാസികളെ അണിനിരത്തി റവന്യൂ സംഘത്തെ പ്രതിരോധിക്കുകയാണ് സാധാരണ രീതി. പക്ഷെ ഇത്തവണ ഈ വികാരത്തെ നിയമം കൊണ്ട് നേരിടാൻ സാധിക്കുകയാണെങ്കിൽ കൈയേറ്റ മാഫിയകൾക്ക് അതൊരു മറക്കാനാവാത്ത അടിയായി മാറുമെന്നുറപ്പ്!

You might also like

  • Lulu Exchange
  • Straight Forward

Most Viewed