“ കൊറോണയും കടന്നു പോകും”


എല്ലാറ്റിനും ഒരു കാലമുണ്ട്, നടുവാനും പറിക്കുവാനും തേടുവാനും നേടുവാനും അനുഭവിക്കുവാനും അനുഭവിപ്പിക്കാനും ഒക്കെ ഒരു കാലമുണ്ട് മനുഷ്യ ജീവിത ചക്രത്തിൽ. അവിടെ ക്ഷാമവും, പേമാരിയും, പ്രകൃതി ക്ഷോഭങ്ങളും, സാംക്രമിക രോഗങ്ങളുമൊക്കെ പ്രധാന കഥാപാത്രങ്ങളാണ്. ഇപ്പോൾ അരങ്ങ് തകർക്കുന്നത് കൊറോണയാണ്. അദൃശ്യമായ വൈറസാണ് ഇന്ന് മനുഷ്യന്റെ ശത്രു.

കൊറോണയുടെ സംഹാര താണ്ധവത്തിൽ ലോകം മുഴുവൻ അന്ധാളിച്ച് നിൽക്കുന്ന അവസ്ഥ. ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിക്ക് പ്രതിരോധമാണ് ഇന്ന് പ്രായോഗികം. മാനസിക സമ്മർദ്ദം ഉള്ള ആളുകൾക്ക് ഈ വൈറസ് ബാധ പെട്ടെന്ന് ആകാം. അതിനാൽ മനോബലം നേടിയെടുക്കുക എന്നതാണ് രോഗ പ്രതിരോധ മാർഗ്ഗങ്ങളിൽ പ്രധാനമായത്. ശാരീരീക ശുചിത്വവും സാമൂഹിക അകലവും അതോടൊപ്പം ചേർന്ന് വരും. 

മനസ്സിനെ എങ്ങനെ ബലപ്പെടുത്താം ? ചുറ്റും ഭീതിപരത്തുന്ന സംഭവങ്ങളും വാർത്തകളും നിമിഷം തോറും പടരുന്പോൾ മനസ്സ് ദുർബലമായിത്തീരും. സിഗ്്മണ്ട് ഫ്രോയിഡിന്റെ ഭാഷ്യത്തിൽ മനുഷ്യന്റെ ഉപബോധമനസ്സാണ് മനസ്സിനെ ദുബലമാക്കുന്നത് എന്ന് പ്രസ്താവിച്ചിട്ടുണ്ട്. ആൽഫ്രഡ് അഡ്്ലറിന്റെ അഭിപ്രായത്തിൽ സാമൂഹ്യ തൽപ്പരത മാനസിക ആരോഗ്യത്തിന്റെ ഒരു നല്ല ലക്ഷണമാണ്. ഈശ്വരാശ്രയബോധം മാനസികാരോഗ്യത്തിൽ നിദാനമാണെന്ന് കാൾയുംഗ് പഠിപ്പിച്ചു. ജെ.ബി വാട്സന്റെ പെരുമാറ്റ വിജ്ഞാനീയ സിദ്ധാന്തത്തിൽ മനസ്സ് അയാഥാർത്ഥമാണെന്ന് പ്രതിപാദിക്കുന്നു. എന്നാൽ വിക്ടർ ഫ്രാങ്കലിന്റെ ലോഗോ തെറാപ്പി തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം സമർത്ഥിക്കുന്നു, ഇപ്പോൾ കടന്നു പോകുന്ന മാനസിക സംഘർഷങ്ങൾ ഒഴിവാക്കേണ്ടതല്ല. അതിന് അർത്ഥമുണ്ടെന്ന് മനസ്സിലാക്കിയാൽ സംഘർഷത്തിന് അയവുവരുന്നു. സംഘർഷം തീവ്രമാണെങ്കിലും ഞാൻ അതിനെ അതിജീവിക്കേണ്ടവനാണ് എന്ന ബോധവും ഉത്തരവാദിത്വവും അതിനെ അതിജീവിക്കാൻ കെൽപ്പ് നൽകുന്നു. ഇങ്ങനെ സംഘർഷത്തിലും ഒരു മനോബലം നമുക്ക് ലഭിക്കുന്നു. ഈ മനോബലമാണ് ഇക്കാര്യത്തിൽ നമുക്ക് ഉണ്ടാകേണ്ടത്.

മാനസികാരോഗ്യം പ്രബലപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പലതുണ്ട്. ഈ വ്യാധിയെ ഞാൻ നേരിട്ട് അതിജീവിക്കും എന്ന് സ്വയം പറഞ്ഞ് സ്വയാവബോധത്തിലെത്തണം. അനാവശ്യ ഭയം മനസ്സിലുണ്ടാകുന്പോൾ അതിനെ പെട്ടെന്ന് കെടുത്തുന്നതിന് ആത്മാർത്ഥമായി ശ്രമിക്കൂ. ധ്യാനം ഇതിന് സഹായിക്കും. എല്ലാവരോടും നിരപ്പാക്കുക, പരോപകാരി ആയിരിക്കുക. സാമൂഹിക പ്രതിബദ്ധത പ്രവർത്തന ശൈലിയിൽ പ്രകടമാക്കുക, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കളമൊരുക്കുക, തീരുമാനങ്ങൾ എടുക്കാനും തദ്വാര ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളെ നേരിടാനുമുള്ള ആർജ്ജവത്വം സൃഷ്ടിക്കുക ഇവ അവയിൽ ചിലതാണ്.

ഏബ്രഹാം മാസ്്ലോ എന്ന തത്വ ചിന്തകന്റെ ഹൈറാർക്കി ഒാഫ് ഹ്യൂമൻ നീഡ്സിൽ അഞ്ച് ആവശ്യങ്ങളെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. മനുഷ്യ ജീവൻ നിലനിർത്താനുള്ള പ്രാഥമിക ഘടകങ്ങളായ വായു, വെള്ളം, ഭക്ഷണം ഇവ ഒന്നാമത്തേത്. സുരക്ഷിതത്വത്തിനുള്ള പാർപ്പിട സൗകര്യം രണ്ടാമത്തേത്. സ്നേഹം പങ്കിടുവാനുള്ള സാമൂഹ്യവലയം മൂന്നാമത്തേത്. സ്വയം പര്യാപ്തതയിലേക്കുള്ള പ്രയാണം നാലമത്തേതും സ്വയസംതൃപ്തി അഞ്ചാമത്തേതുമാണ്. എന്നാൽ ആറാമത് ഒരു കാര്യം കൂടി അദ്ദേഹം മെനഞ്ഞെടുത്തു. അതാണ് സെൽഫ് ട്രാൻസിൻഡൻസ്(പരിമിതികളെക്കുറിച്ചുള്ള അവബോധം). അത് പ്രസിദ്ധീകരിക്കുന്നതിന് മുന്പ് അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞു. ഈ സെൽഫ് ട്രാൻസിഡൻസ് ആണ് ഇന്നിന്റെ ആവശ്യം.

എന്റെ വരുതിക്കുള്ളിൽ ഈ മഹാമാരിയെ ഒതുക്കാനൊക്കുകയില്ല. ഇതിന് എന്റെ പരിമിതികൾക്കപ്പുറമായ ഒരു ശക്തിയിൽ ഞാൻ സ്വയം ലയിച്ചെങ്കിലേ പറ്റൂ എന്ന തിരിച്ചറിവാണത്. ചുരുക്കത്തിൽ മനുഷ്യന്റെ ക്ഷണികത, അൽപ പ്രാണത്വം എന്നിവ ഗ്രഹിച്ചിരിക്കുന്ന ഒരു ശക്തി തലയ്ക്ക് മുകളിലുണ്ട് എന്നും അതിന് കീഴടങ്ങി ജീവിക്കണമെന്നുമുള്ള വിവേകം നമുക്ക് ലഭിക്കുന്പോൾ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആർജ്ജവോ‍ർജ്ജം മനുഷ്യന് ലഭിക്കും. അതാണ് മനോബലം അല്ലെങ്കിൽ മനക്കരുത്ത്.

ശ്രീ ശ്രീ രവിശങ്കർ പഠിപ്പിക്കുന്നത് പോലെ ഈ അഗ്നിയാണ് മനോമുകുരത്തിൽ മനുഷ്യന് ഉണ്ടാകേണ്ടത്. അഗ്നി നശിപ്പിക്കാനും ശുദ്ധീകരിക്കാനും ഉതകുന്ന മാദ്ധ്യമമാണ്. ശുദ്ധീകരിക്കാനുള്ള അഗ്നിയുടെ ആവാഹം നമ്മളിലുണ്ടാകട്ടെ. അപ്പോൾ ആക്രമിക്കാതെ, എത്തിനോക്കിയിട്ട് കൊറോണയും കടന്ന് പോകും.

You might also like

Most Viewed