തലയി­ലെ­ഴു­ത്തി­നെ­ പഴി­ചാ­രു­ന്ന മനു­ഷ്യ മനസ്സ്


ഡോ. ജോൺ പനയ്ക്കൽ

 

നുഷ്യമനസ്സിന്റെ അസ്വസ്ഥതയ്ക്ക് പ്രധാന കാരണങ്ങളാണ് മനസ്സിനേറ്റ മുറിവുകൾ, സാഹചര്യങ്ങളുടെ സമ്മർദ്ദം, ശാരീരിക ക്ലേശം, പിഴയ്ക്കുന്ന കണക്കുകൂട്ടലുകൾ, നിയന്ത്രണമില്ലാത്ത മാനസിക വ്യാപാരം ഇവ. ഇവയോടൊപ്പം കൂട്ടിവായിക്കാവുന്ന ഒന്നാണ് ‘തലയിലെഴുത്ത്’ അഥവാ ദുർവിധി. നമ്മുടെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായി നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്പോൾ നാമൊക്കെ ‘അതെന്റെ വിധിയാണ്’, ‘അതെന്റെ തലയിലെഴുത്താണ്' എന്നൊക്കെ പറഞ്ഞ് നിരാശപ്പെടാറുണ്ട്. ഇങ്ങനെ വിധിയെ പഴിക്കുന്നത് മാനസിക അസ്വാസ്ഥ്യം മൂലമാണ്. മറ്റാരെയും പഴിചാരാനില്ലാത്തതുകൊണ്ട് വിധി വൈപരിത്യമെന്ന് ലേബലൊട്ടിച്ച് ആശ്വാസം കണ്ടെത്താൻ നാം ശ്രമിക്കുന്നു. പക്ഷേ ആശ്വാസം കണ്ടെത്തുന്നില്ല താനും. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്പോൾ മറ്റാരെയാണ്  പഴിചാരാനുള്ളത്, വിധിയെ അല്ലാതെ. 2004 ഡിസംബർ 26ന് കേരളത്തിന്റെയും തമിഴ് നാടിന്റെയും  തീരപ്രദേശങ്ങളിൽ സുനാമി ആഞ്ഞടിച്ചു. അനേകം ജീവിതങ്ങളെ കടൽ വിഴുങ്ങി. തമിഴ്നാട്ടിലെ  ഒരു കുടുംബത്തിലെ  84 പേർ മരിച്ചു. മക്കളും മരുമക്കളും ചെറുമക്കളുമായി 84 പേർ. ആ വീട്ടിലെ മുത്തശ്ശി മാത്രം അവശേഷിച്ചു. ഈ 84 മൃതശരീരങ്ങൾ ഒരുമിച്ച് സംസ്കരിക്കുന്നതിന് നാട്ടുകാർ ഒരു വലിയ കുഴിയെടുത്തു. ആ കുഴിയുടെ കരയിൽ നിന്നുകൊണ്ട് 100 വയസ്സു തികഞ്ഞ ആ മുത്തശ്ശി നിലവിളിച്ചു “ദൈവമേ നിന്റെ കണ്ണിൽ ചോര ഇല്ലേ? എന്തിന് എന്റെ തലയിൽ ഇങ്ങനെയെഴുതി. ഒരു മനുഷ്യജീവിതത്തെപ്പോലും ബാക്കി വെയ്ക്കാതെ നീ എല്ലാറ്റിനെയു തൂത്ത് പെറുക്കികൊണ്ടുപോയ്ക്കഴിഞ്ഞല്ലോ? എന്നെക്കൂടെ അങ്ങ് എടുക്കാൻ വയ്യേ?” ഹൃദയഭേദകമായ ആ നിലവിളിയിൽ ഒരു ഗ്രാമം  മുഴുവൻ തരിച്ചു നിന്നു. വിധിയെപ്പഴിക്കുകയല്ലാതെ ആ മുത്തശ്ശിക്ക് എന്തുചെയ്യാൻ പറ്റും? 

എന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് എന്റെ ഹോസ്റ്റലിൽ എനിക്ക് ഒരു റൂം മേറ്റ് ഉണ്ടായിരുന്നു. ഓണക്കാല അവധിക്ക് അവൻ വീട്ടിലേക്ക് പോയി. ചെറുപ്പത്തിൽ അവന്റെ കൈകൊണ്ട് തന്നെ നട്ട പ്ലാവിൽ ആദ്യത്തെ ചക്ക കായ്ച്ച് നിൽകുന്നു. അമ്മ പറഞ്ഞു, “നിന്റെ കൈകൊണ്ട് നട്ട പ്ലാവിന്റെ ആദ്യകനി നീ തന്നെ പറിക്കുക.” അവൻ പ്ലാവിൽ കയറി. ചക്ക അടർത്തി താഴേക്ക് ഇടുന്ന ശ്രമത്തിനിടയിൽ  ഇരുന്നിരുന്ന ചെറിയ  പ്ലാവിൻ കൊന്പ് ഒടിഞ്ഞ് അവൻ താഴെ വീണു. നടുവ് അടിച്ചത് പാടത്ത് വെളളം തിരിക്കുന്ന ചക്രത്തിന്റെ ഇതളിലാണ്. പാടത്തിന്റെ കരയ്ക്കായിരുന്നു ആ പ്ലാവ്. നടുവ് ഒടിഞ്ഞു പോയി. പഴുപ്പും ബാധിച്ചു. ആറുമാസം അവൻ നട്ടെല്ലിന് പഴുപ്പ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒടുവിൽ എന്റെ സ്നേഹിതൻ മരിച്ചു. അന്ത്യോപചാരമർപ്പിക്കാൻ ഞങ്ങൾ സഹപാഠികൾ ആ വീട്ടിലെത്തി. അവന്റെ അച്ഛനും അമ്മയും ഒരുപോലെ പക്ഷാഘാതം മൂലം കിടക്കയിലായിരുന്നു. അവരുടെ കിടക്കകളുടെ നടുവിലായിരുന്നു ആ മൃതദേഹം വെച്ചിരുന്നത്. എന്നെ കണ്ട മാത്രയിൽ എന്നോട് പിതൃസഹജമായ സ്നേഹമുണ്ടായിരുന്ന അവന്റെ പിതാവ് എന്റെ കയ്യിൽ പിടിച്ചു മുഖമമർത്തി കണ്ണീർവാർത്തുകൊണ്ടു പറഞ്ഞു “ഞങ്ങളുടെ വിധിയാണ് മക്കളെ ഇത്. ഇതെങ്ങനെ ഞങ്ങൾ സഹിക്കും? ഞങ്ങളെ യാത്ര അയക്കേണ്ട അവൻ ഞങ്ങൾക്ക് മുന്പേ യാത്രയായി.” ആണും പെണ്ണുമായി ഒരു മകൻ മാത്രം, ഹൃദയഭേദകമായിരുന്നു ആ നിലവിളി. വിധി ഇത്ര ക്രൂരനാണോ എന്നോർത്ത് ഞാൻ തരിച്ച് നിന്നുപോയി. അവന്റെ ചേതനയറ്റ ശരീരത്തിന് മുന്പിൽ നിൽക്കുന്പോൾ എന്റെ മനസ്സും മരവിച്ചിരുന്നു. വിധിയെ പഴിച്ച് കൊണ്ട്! 1987ലാണ് എന്നാണെന്റെ ഓർമ്മ. ഞാൻ ഖത്തറിലായിരിക്കുന്പോൾ എന്റെ നാട്ടിലെ ഗ്രാമത്തിൽ  നിന്നും എനിക്കൊരു ടെലിഫോൺ കോൾ. നാട്ടുകാരിലൊരാൾ ഖത്തറിൽ മരിച്ചിരിക്കുന്നു. മൃതദേഹം എവിടെയാണെന്ന് വിവരമില്ല. അന്വേഷിച്ചറിയിക്കണമെന്നാണ് സന്ദേശം. തിരക്കിയപ്പോൾ ആശുപത്രി മോർച്ചറിയിൽ മൃതദേഹമുണ്ടെന്നറിഞ്ഞു. ബന്ധുക്കളാരുമില്ല ഏറ്റുവാങ്ങാൻ. പെട്ടെന്ന് തന്നെ ഞാൻ മൃതദേഹം നാട്ടിൽകൊണ്ടു പോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു. അനുഗമിച്ച് കൂടെ ഞാനും നാട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ മരിച്ച മകന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന അയാളുടെ അമ്മ. ആ സ്കൂൾ ടീച്ചർ എന്റെയടുത്ത് വന്നു. “സാറേ, എന്റെ മകന്റെ  ജീവനറ്റ മുഖത്തെങ്കിലും ഒരു അന്ത്യചുംബനം നൽകുവാൻ എനിക്ക് സാധിച്ചല്ലോ? എനിക്കവനെ കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല. ഒരായിരം നന്ദി”. അവർ വിധിയെ പഴിച്ചില്ല, വിധിയെ തിരിച്ചറിഞ്ഞ് സിരകളിലെ ഒരു യാഥാർത്ഥ്യമാക്കി മാറ്റിക്കഴിഞ്ഞിരുന്നു ആ അമ്മ. 

പ്രിയപ്പെട്ടവരെ, എന്റെ ജീവിതത്തിലെ മൂന്ന് പച്ചയായ അനുഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്. ആദ്യത്തെ രണ്ട് അനുഭവങ്ങളിലും ക്രുരനായ വിധിയെ പഴിച്ചുകൊണ്ട് മനോവേദനയനുഭവിക്കുന്ന വീട്ടുകാർ, മൂന്നാമത്തേതിൽ വിധിയെ തിരിച്ചറി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ് ഒരു ജീവിതയാഥാർത്ഥ്യമാക്കി മാറ്റിയ അമ്മ. ഇങ്ങനെയുള്ള ജീവിതസാഹചര്യങ്ങളിൽ നാമെന്ത് ചെയ്യും? നമ്മളിൽ ഭൂരിഭാഗം പേരും  തലയിലെഴുത്തിനെ ശപിച്ചുകൊണ്ട് ജീവിതത്തിന്റെ നാൽക്കവലയിൽ ‘ഇനിയെന്ത്’ എന്ന ചോദ്യചിഹ്നവുമായി ആശയറ്റ്, മനസ്സ് പുണ്ണാക്കി നിൽക്കും. എന്നാൽ വിധി ഒരു യാഥാർത്ഥ്യമെന്ന തിരിച്ചറിവുണ്ടാകുമെങ്കിൽ മനസ്സിന്റെ അസ്വസ്ഥതീരങ്ങളിൽ നിന്ന് ആശ്വാസത്തിന്റെ കരകളിലേക്ക് നമുക്ക് സാവകാശം എത്തിച്ചേരാൻ സാധിക്കും. ചിലർ വിധിയെ മാറ്റിയെഴുതും, മനോബലത്തിലൂടെ. വിത്തുപാകുവാനൊരു കാലം, പാടത്ത് ഞാറ് നടുവാനൊരു കാലം, കളപറിക്കുവാനൊരു കാലം, കൊയ്ത്തിനൊരു കാലം, വിളവെടുക്കാനൊരു കാലം, എല്ലാറ്റിനും ഒരു കാലമുണ്ട്. കാലചക്രത്തിന്റെ കറക്കത്തിലും നിമ്നോന്നതങ്ങളുണ്ട്. ഉയർച്ചയും താഴ്ചയും സുഖവും ദുഃഖവും നേട്ടവും കോട്ടവും ഒക്കെ കാലചക്രത്തിന്റെ ഭ്രമണപഥത്തിലുമുണ്ട്. ചക്രത്തിന്റെ കീഴ്ഭ്രമണത്തിൽ നിരാശരാവുന്നവർ വിധിയെപ്പഴിച്ച് മനഃസമാധാനം കെടുത്തും. ഒരു ഇറക്കത്തിന് ഒരു കയറ്റവും ഒരു കുഴിക്ക് ഒരു കുന്നുമുണ്ടെന്ന് മനസ്സിനെ പറഞ്ഞ് സ്വയം മനസ്സിലാക്കുന്നവർ അസ്വസ്ഥകളിലും ആശ്വാസം കണ്ടെത്തും. ഓരോരുത്തരെക്കുറിച്ചും സൃഷ്ടിക‍ർത്താവിന് ഒരു പ്ലാനും പദ്ധതിയുമുണ്ട്. നമ്മുടെ പ്രതികരണത്തിനനുസൃതമായി കാലഭേദങ്ങളെ മാറ്റിമറിക്കുന്നതുപോലെ സൃഷ്ടികർത്താവ് നമ്മെപ്പറ്റിയുള്ള പ്ലാനും പദ്ധതികളും പലപ്പോഴും തിരുത്തി എഴുതിക്കൊണ്ടിരിക്കും. പതറാതെ, മനോസ്ഥൈര്യത്തോടെ ഉറച്ച് നിൽക്കുക മാത്രമാണ് വേണ്ടത്. സ്വസ്ഥത അപ്പോൾ അകലെയാവുകയില്ല. അകലെ നീലാകാശവും അതിൽ ഹൃദയാകാശവും അപ്പോൾ ദീപ്തമായി കാണാം. 

മനുഷ്യമനസ്സിനെ ഒരു കൊച്ചുകുഞ്ഞിനോട് ഉപമിച്ചു നോക്കൂ. കുഞ്ഞുങ്ങൾ ചെറിയ അസ്വസ്ഥതയുണ്ടായാൽ പോലും കരഞ്ഞുകൊണ്ടിരിക്കും. ചില മനസ്സുകളും ചെറിയ കാര്യങ്ങൾക്ക് ആകുലപ്പെട്ടുകൊണ്ടിരിക്കും. കുഞ്ഞുങ്ങൾക്ക് വേണ്ട പരിചരണം കിട്ടുന്പോൾ അവർ പ്രസന്നവദനർ ആകും. മനസ്സും വേണ്ട പരിചരണത്തിൽ പെട്ടെന്ന് തെളിയും. കുഞ്ഞുങ്ങൾക്ക് എല്ലാറ്റിനും പരസ
ഹായം വേണം. മനോധൈര്യമില്ലാത്തവർക്ക് എല്ലാറ്റിനും ആരുടെയെങ്കിലും അഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കണം. ലഘുഭക്ഷണം മാത്രമേ കുഞ്ഞുങ്ങൾക്ക് ദഹിക്കുകയുള്ളൂ. ചില മനസ്സുകളിൽ വൻകാര്യങ്ങളെ ഒതുക്കാൻ സാധ്യമല്ല. കുഞ്ഞുങ്ങൾക്ക് നിയതമായ ജീവിതചര്യകളെക്കുറിച്ചുള്ള പട്ടിക ഇല്ല. കൂടുതലും ഉറക്കം മാത്രം. ശൂന്യമായ ചില മനസ്സുകളും അപ്രകാരം തന്നെ. കുഞ്ഞുങ്ങൾ അവർക്ക് പരിചയമുള്ളവരോടേ അടുക്കുകയുള്ളൂ. ചിലർ മനപ്പൊരുത്തമുള്ളവരുമായി മാത്രമേ ഇടപഴകുകയുള്ളൂ. കുഞ്ഞുങ്ങൾക്ക് അവരുടെ ആവശ്യങ്ങളവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ചില മനസ്സുകളും അപ്രകാരം തന്നെ. കുട്ടികൾക്ക് അനുകരണശേഷി വളരെ കൂടുതലാണ്. മനുഷ്യമനസ്സിനും അനുകരിക്കാനുള്ള വെന്പലുണ്ട്. കുഞ്ഞുങ്ങളെ നാം ഒരുക്കിയെടുക്കുന്നതുപോലെ അവർ ഒതുങ്ങി നിൽക്കും. ചില മനുഷ്യമനസ്സുകളും മെരുക്കുന്നതു പോലെ മെരുങ്ങിക്കിട്ടും. കുഞ്ഞുമനസ്സിന് കളങ്കമില്ല. നിഷ്കളങ്കമായ മനുഷ്യമനസ്സും കുഞ്ഞുമനസ്സിനെപ്പോലെയാണ്.

ശ്രീ ശ്രീ രവിശങ്കറുടെ ഭാഷ്യം ശ്രദ്ധിക്കുക. വിധിയെ പഴിച്ചിട്ടെന്ത് കാര്യം? നാം ഓരോരുത്തരിലും സമാധാനമുണ്ട്. അത് നമുക്കറിയുകയും ചെയ്യാം. ഒരു ദൃഢനിശ്ചയത്തിലൂടെ നമ്മിലുള്ള സമാധാനവും പുഞ്ചിരിയും മനഃശാന്തിയും പ്രതിഫലിപ്പിച്ചാലേ നമ്മിലുള്ള അഭിവൃദ്ധിയെ നമുക്ക് തിരിച്ചറിയാൻ സാധിക്കൂ. നാം അനുഗ്രഹീതരാണ് എന്ന തിരിച്ചറിവ് തന്നെ എല്ലാ പരാജയങ്ങളെയും അതിജീവിക്കാനുള്ള ശക്തി സ്രോതസ്സാണ്. ഒരിക്കൽ നാം അത് തിരിച്ചറി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞാൽ എല്ലാ പരാതികളും പിരിമുറുക്കങ്ങളും അപ്രത്യക്ഷമാകും. അതിലൂടെ നമ്മൾ നന്ദിയുള്ളവരും സംതൃപ്തിയുള്ളവരും സമാധാനികളുമാകും. തലയിലെഴുത്തിനെ ഓർത്ത് ഭയപ്പെടേണ്ട. എഴുതിയവൻ തിരുത്തേണ്ടിടത്ത് തിരുത്തേണ്ടത് പോലെ തിരുത്തിക്കൊള്ളും. മേൽപ്പറഞ്ഞ മാനസികാവസ്ഥയിൽ എത്താൻ വല്ലപ്പോഴുമെങ്കിലും മനസ്സൊന്ന് ആരുടെയെങ്കിലും മുന്പിൽ തുറക്കണം. മനുഷ്യമനസ്സ് എന്താണെന്നുള്ള തിരിച്ചറിവ് ഇല്ലാതെ മനസ്സ് തുറക്കാൻ ശ്രമിക്കുന്നത് വിഫലമാകാൻ സാധ്യതയുണ്ട്. അത്യുഗ്രമായി കത്തിജ്ജ്വലിച്ച് കൊണ്ടിരിക്കുന്ന തേജോഗോളമായ സൂര്യനോട്  മനുഷ്യമനസ്സിനെ ഉപമിക്കാം. സൂര്യൻ സദാ കത്തിജ്ജ്വലിക്കുന്നു. സൗരയൂഥത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് സൂര്യൻ. മറ്റ് ഗ്രഹങ്ങളുടെ താപനിലയുടെ നിയന്ത്രണവും സൂര്യന് തന്നെ. മനുഷ്യമനസ്സും അപ്രകാരം തന്നെ. ശരീരം തളർന്നാലും ആത്മാവ് നിഷ്പ്രഭമായാലും മനസ്സ് ഉണർന്ന് കത്തിജ്ജ്വലിച്ച് കൊണ്ടിരിക്കും. ശരീരാത്മാക്കളെ ഒരു വലിയ അളവ് വരെ മനസ്സ് നിയന്ത്രിക്കുന്നു. അവയുടെ ്രപതികരണശേഷിയുടെ കടിഞ്ഞാൺ പോലും മനസ്സാണ് കൈകാര്യം ചെയ്യുന്നത്. ശരീരത്തിന്റെ താപനില ഉയർത്താനും താഴ്ത്താനും മനസ്സിന് കഴിയും. ആരോഗ്യപരിപാലനം എന്ന കർമ്മം വരെ ഏറ്റെടുക്കുവാൻ മനസ്സിന് കഴിയും. സൂര്യൻ നിശ്ചലനെങ്കിലും ഭൂമിയുടെ ഭ്രമണം മൂലം സൂര്യോദയവും സൂര്യാസ്തമനവും നമുക്ക് അനുഭവപ്പെടുന്നു. 

ഉദയാസ്തമനങ്ങൾ ഈ അന്തരീക്ഷത്തിൽ ചില പ്രത്യേക കിരണങ്ങൾ പ്രസരിപ്പിക്കുന്നു. അവ നയനാനന്ദകരമാണ്. ഹൃദയാഹ്‌ളാദമുളവാക്കുന്നവയാണ്‌. ഉദയം തുടക്കത്തേയും അസ്തമനം ഒടുക്കത്തെയും സൂചിപ്പിച്ച് കവിഭാവനവരെ ഉണർന്നിട്ടുണ്ട്. ഉ ദയമില്ലാതെ അസ്തമനമില്ല. ഉദയം കഴിഞ്ഞേ അസ്തമനമുള്ളൂ. മനുഷ്യമനസ്സും ഉദയാസ്തമയങ്ങളെ ഉൾക്കൊള്ളുന്നു. മനസ്സ് തെളിയുന്ന മുഹൂർത്തങ്ങളിൽ പോസിറ്റീവ് എനർജിയും മനസ്സ് മങ്ങുന്ന വേളകളിൽ നെഗറ്റീവ്എനർജിയും ഒരുവനിൽ അങ്കുരിക്കുന്നു. എപ്രകാരം ഉദയാസ്തമയങ്ങളുടെ  മധ്യത്തിൽ മധ്യാഹ്നം വെട്ടിത്തിളങ്ങുന്നുവോ അപ്രകാരം മനുഷ്യമനസ്സും കത്തിജ്ജ്വലിക്കാറുണ്ട് സ്നേഹത്താൽ, കോപത്താൽ, ആർദ്രതയാൽ, രൗദ്രത്താൽ.  നവരസങ്ങളുടെ പ്രഭവസ്ഥാനമാകാറുണ്ട് പലപ്പോഴും മനുഷ്യമനസ്സ്. സൂര്യനെ ചുറ്റി പല ഗ്രഹങ്ങളും കറങ്ങാറുണ്ട് അവയുടെ ഭ്രമണപഥത്തിലൂടെ. സ്വയം കറങ്ങുകയും സൂര്യന് ചുറ്റും കറങ്ങുകയും ചെയ്യുന്ന ഭൂമിയുടെ കാര്യം തന്നെ എടുക്കുക. സൂര്യന്റെ അദമ്യമായ ആകർഷണവലയത്തിലെ പേടകങ്ങൾ മാത്രമാണ് ഗ്രഹങ്ങൾ. ഭൂമിയുൾപ്പെടെ കറങ്ങുന്നത് കൊണ്ട് അവ നശിക്കുന്നില്ല. ചലനം അവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. മനുഷ്യമനസ്സും ഇപ്രകാരം തന്നെ. മനസ്സിനെ ചുറ്റിപ്പറ്റി മനുഷ്യന്റെ ജീവിതചക്രം തിരിയുന്നു. അനുഭവങ്ങളും പാളിച്ചകളുമൊക്കെ മനസ്സിന്റെ ചുറ്റുമായുള്ള വേലിയേറ്റവും വേലിയിറക്കവുമാണ്. 

ഏഷ്യൻ ഭൂഖണ്ധത്തിലെ ഏറ്റവും ആരാധ്യനായ ആത്മീയ ചിന്തകൻ സ്വാമി സദ്പ്രകാശാനന്ദ പറഞ്ഞിരിക്കുന്നു. “ജീവിപ്പിക്കാനും മരിപ്പിക്കാനുമുതകുന്ന ചാലകശക്തിയാണ് മനസ്സ്. അത് ഈശ്വര ചൈതന്യം കൊണ്ട് നിറഞ്ഞാൽ നല്ല ഫലവും പൈശാചിക ചിന്ത കൊണ്ട് നിറഞ്ഞാൽ ചീത്തഫലവും പുറപ്പെടുവിക്കും. മനസ്സിനോട് ശാന്തമാകാൻ നിങ്ങൾ ആജ്ഞാപിക്കുക.” ഈ അണ്ധകടാഹത്തെ മുഴുവൻ ഒരു നിമിഷം കൊണ്ട് കരിക്കുവാൻ കഴിവുള്ള സൂര്യന് തുല്യമായ മനുഷ്യമനസ്സ് വഷളായാൽ നമ്മുടേത് മാത്രമല്ല നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളെക്കൂടെ അത് കരിച്ചുകളയും. നേരെ മറിച്ച് അന്ധകാരത്തെ മാറ്റി പ്രകാശം പ്രദാനം ചെയ്ത് ഈ പ്രകൃതിയെ പ്രഭാപൂരമാക്കുന്ന സൂര്യന്റെ പ്രഭ ജീവസന്ധാരണത്തിന് ആവശ്യമായിരിക്കുന്നതുപോലെ നമ്മുടെ മനസ്സും തെളിഞ്ഞാൽ അത് നല്ലത് മാത്രമേ ചെയ്യൂ. നമുക്ക് മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവർക്കും ഉള്ളവയ്ക്കും കൂടെ നന്മ മാത്രമേ അപ്പോൾ മനുഷ്യമനസ്സ് വിളയിക്കൂ. നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകളാകാൻ നമുക്ക് ശ്രമിക്കാം. നന്മ തിന്മയുടെ മറുപുറമല്ല. നന്മ, തിന്മയുടെ കൂടെപ്പിറപ്പാണ്. കാരണം രണ്ടിന്റേയും ഉത്ഭവസ്ഥാനം മനുഷ്യമനസ്സാണ്. ഒരേ മനസ്സിൽ നിന്ന് രണ്ടും പുറപ്പെടുന്നു. നന്മ നിറഞ്ഞ, തിന്മയില്ലാത്ത മനസ്സിനേ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുവാനുള്ള കരുത്ത് ലഭിക്കുകയുള്ളൂ. അല്ലാത്തവ തളർന്ന് വീഴും. അങ്ങനെയുള്ള മനസ്സിന്റെ ഉടമകൾ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടും. വിധിയെ പഴിച്ചുകൊണ്ടിരിക്കും. ഒളിച്ചോട്ടം കള്ളന്മാരുടെ ലക്ഷണമാണ്. നമുക്കൊരുമിച്ച് വെളിച്ചത്തിൽ നിൽക്കാം. കാരണം നാം ഇരുട്ടിന്റെ സന്തതികളല്ല. അന്ധകാരാവൃതമായ മനസ്സ് പ്രകാശത്തിനായി വെന്പൽ കൊണ്ടിരിക്കും. അസംതൃപ്തമായ വികാരവിചാരങ്ങൾ പേറി നടക്കുന്ന മനുഷ്യർ പ്രകാശം നേടി മനസ്സ് തുറക്കാനുള്ള വേദി തേടി അലഞ്ഞു കൊണ്ടിരിക്കും. ആരോട് മനസ്സ് തുറക്കാൻ പറ്റും? ആരേയൊക്കെ വിശ്വസിക്കാം? സ്വന്തം ജീവി തസഖിയോട് പോലും മനസ്സു തുറക്കാൻ മടിക്കുന്നവർ ധാരാളമുണ്ട് ഇന്ന്. ജീവിതത്തിന്റെ പിരിമുറക്കത്തിൽ, ഞരക്കങ്ങളും നെടുവീർപ്പുകളും മാത്രം ബാക്കിചിത്രമായ ഒരു പ്രവാസി ചെറുപ്പക്കാരന്റെ മനസ്സ് തുറക്കേണ്ടി വന്നതിന്റെ സാക്ഷിയാകേണ്ടി വന്ന എനിക്ക് ആ അനുഭവത്തിൽ നിന്ന് ലഭിച്ച ചില സാധനപാഠങ്ങൾ വായനക്കാരുമായി പങ്കുവെക്കണമെന്നാഗ്രഹമുണ്ട്. ആത്മഹത്യയുടെ വക്കിലെത്തിയ ആ യുവാവിന് ആശയുടെ ഒരു തിരിമാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. "ആത്മഹത്യയെക്കുറിച്ചോർക്കുന്പോഴൊക്കെ എന്റെ 4 വയസ്സുള്ള മകളുടെ മുഖം മനസ്സിൽ വരികയാണ് സാറെ"... ഇതൊരു അനുഗ്രഹമാണ്, നന്മയുടെ മനസ്സിലേ ഇത്തരം നീരുവ ഉണ്ടാകു. പ്രതികൂലതകളുടെ  പ്രതിക്കൂട്ടിൽ പീഡിപ്പിക്കപ്പെടുന്പോൾ പ്രത്യാശയുടെ ഒരു പ്രകാശകിരണമായി ഏതെങ്കിലും ഒരു വ്യക്തി നമ്മുടെ ചിന്താമണ്ധലത്തിലേക്ക് കടന്നുവരും. ആത്മാർത്ഥമായി ശ്രമിച്ചാൽ നമുക്കെല്ലാവർക്കും അങ്ങനെയുള്ള ഒരു മനുഷ്യജീവിതത്തെയെങ്കിലും തിരഞ്ഞുപിടിക്കാൻ സാധിക്കും. ആ “കച്ചിത്തുരുന്പിൽ” പിടിച്ച് ആശയോടെ മുന്നേറാൻ നമുക്ക് കഴിയണം. ഈ യുവാവിനെയും പിടിച്ച് നിർത്തുന്നത് ആ കച്ചിത്തുരുന്പായ തന്റെ മകൾ മാത്രമാണ്. മകളുടെ ഭാവിയെക്കുറിച്ചുള്ള ചിന്ത, അവൾക്ക് വേണ്ടി എരിഞ്ഞടങ്ങുന്ന ഒരു മെഴുകുതിരിയായി മാറണമെന്ന അഭിവാഞ്ഛ, ആ കുരുന്ന് മനസ്സിന്റെ  വേദനയൊഴിവാക്കണമെന്ന ആഗ്രഹം. അയാളെ ജീവിതപടവുകളിൽ നീന്തിത്തുടിക്കാൻ പ്രേരിപ്പിച്ച ഘടകമതാണ്. 

മനസ്സു തുറക്കാൻ മടിക്കുന്നതിന്റെ മൂലകാരണം മുൻകോപവും മറ്റുള്ളവരെ വിശ്വാസമില്ലായ്മയുമാണ്. അങ്ങനെയുള്ളവർ സമയം കിട്ടുന്പോൾ ഒരു വെള്ളക്കടലാസിൽ സ്വന്തം ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും. ജീവിതത്തോടുള്ള സമീപനത്തിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്ന് മനഃശാസ്ത്ര‍ജ്ഞന്മാർ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ശരീരത്തിലെ സിരകളിലേക്ക് രക്തം ഇരച്ച് കയറുന്ന അനുഭവമുള്ളവർ മുൻകോപികളാണ്. കോപിക്കുന്പോൾ അഡ്രിനാൽ ഗ്ലാൻസ് കൂടുതൽ ഹോർമോണുകൾ രക്തത്തിലേക്ക് തള്ളും. പ്രത്യേകിച്ച് അഡ്രിനാലിൻ, കോർട്ടിസോൺ ഇവ. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പി ക്കും. ശ്വാസോച്ഛാസത്തിന്റെ വേഗത കൂടും. രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കൺപോളകൾ വീർപ്പിക്കും. കാഴ്ച കുറയ്ക്കും. ലിവർ കൂടുതൽ ഗ്ലൂക്കോസ് റിലീസ് ചെയ്ത് ശരീരത്തിന്റെ ഊർജ്ജം കൂട്ടും. വിയർക്കും. ശരീരം തണുക്കും. മുൻകോപികളിൽ ഉണ്ടാകുന്ന ജൈവചലനങ്ങളാണ് മുകളിൽ സൂചിപ്പിച്ചവയൊക്കെ. സ്വയം മാറത്തടിക്കുന്നവർ, ഭാര്യയോട് പ്രതികരിക്കാൻ ധൈര്യമില്ലാതെ വളർത്ത് നായയെ നിഷ്കരുണം മർദ്ദിക്കുന്ന ഭർത്താക്കന്മാർ, ഭക്ഷണം പോലും എടുത്തെറിയുന്ന മുൻകോപികൾ ഇവരൊക്കെ അഡ്രിനാലിന്റെ അ‍ടിമകളാണ്. മനസ്സ് തുറക്കാൻ ഇവർക്ക് മടിയാണ്, (മനസ്സുമില്ല). മനസ്സ് തുറക്കാനൊരു ഇടം തേടി അലയുന്നവർ ധൈര്യമായി ഒരു കൗൺസിലറുടെ അടുത്തേക്ക് കടന്നു ചെല്ലുക. കാര്യങ്ങൾ വിശദമായി തുറന്ന് അവതരിപ്പിക്കുക. കൗൺസിലർ യാതൊരു കാരണവശാലും ഇത് അകാരണമായി മറ്റൊരാളുടെ അടുത്ത് വെളിപ്പെടുത്തുകയില്ല. ഇത് സത്യം. ഇരുട്ടിന്റെ ആത്മാവിന്റെ ചിതൽപ്പുറ്റിൽ നിന്ന് പ്രകാശത്തിന്റെ പടിവാതിൽക്കലെത്താൻ മനസ്സ് തുറന്നേ മതിയാവൂ, മടിക്കണ്ട. അപ്പോൾ വിധിയെ പഴിക്കുന്ന ശീലവും മാറിക്കൊള്ളും.

You might also like

Most Viewed