മനു­ഷ്യമനസ്സി­ന്റെ­ രസതന്ത്രം: ആർ­ക്കറി­യാം!


ഡോ. ജോൺ പനയ്ക്കൽ

പ്രപഞ്ചത്തിന് ഭാവഭേദങ്ങളുണ്ട്. ആഗിരണവും വികിരണവുമുണ്ട്. മനുഷ്യമനസ്സിലും ഭാവഭേദങ്ങളുടെ കുടമാറ്റമുണ്ട്. പ്രപഞ്ചം ഒരജ്ഞാതശക്തിയിൽ, അചഞ്ചലമായ ശക്തിയിൽ അപാരമായ ശക്തിയിൽ നിലകൊള്ളുന്നു. മനസ്സും അതേ ശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു. പ്രപഞ്ചത്തിന് അതിരുകളില്ല, മനസ്സും അതിര് വിട്ടോടുന്നുണ്ട്. സ്വയം പ്രകാശിക്കുകയും പ്രകാശിപ്പിക്കുന്നതുമായ ഗ്രഹങ്ങളുടെ യൂഥമാണ് ഈ പ്രപ‍ഞ്ചം. സ്വയംകൃതവും പരംകൃതവുമായ വികാരങ്ങളുടെയും വിചാര ങ്ങളുടെയും കേളീഗ്രഹമാണ് മനസ്സ്. പ്രപഞ്ചത്തിന് പേരില്ല, മനസ്സിനും പേരില്ല. സാർവത്രികമാണ് രണ്ടും. Both are pronouns. സർവ്വത്ര വ്യാപിച്ചു കിടക്കുന്ന മനസ്സിനെ അസ്വസ്ഥമാക്കുന്പോഴാണ് മനസ്സ് ഇടപഴകു ന്ന സാഹചര്യങ്ങളിൽ അകാരണമായി ന്യൂനമർദ്ദമുണ്ടാകുന്നത്. കുടുംബസമാധാനം ഹനിക്കപ്പെടുന്നത് അപ്പോഴാണ്. 

മനസ്സിനെ അഴിച്ചു വിട്ടാൽ മനസ്സ് അസ്വസ്ഥതയുടെ തീരത്തിലെത്തും. കടിക്കുന്ന നായയെപ്പോലെയും ഉപദ്രവിക്കുന്ന കൊന്പൻ കാളക്കുട്ടിയെപ്പോലെയുമാണ് ചില അവസരങ്ങളിൽ മനുഷ്യമനസ്സ്. ഏകാഗ്രമായ മനസ്സ് ശുദ്ധമായ ചിന്തയും പരിപൂർണ്ണമായ ആരോഗ്യവും പ്രദാനം ചെയ്യുന്നു. ഒരു കാരണവശാലും മനസ്സിനെ അഴിഞ്ഞാടാൻ അനുവദിക്കരുത്. സ്വന്തം മനസ്സിനെ നമ്മുടെ വരുതിയ്ക്ക് അനുസൃതമായി തളച്ചിടണം. ചിന്തകളെ നിയന്ത്രിക്കാനുള്ള സർഗ്ഗശക്തി നമുക്കുണ്ടാകണം. നിയന്ത്രിതമായതും നിയതമായതും നിർമ്മലമായതുമായ ചിന്ത കുടികൊള്ളുന്ന മനസ്സ് പ്രകാശിക്കും. ആ പ്രകാശം മുഖത്ത് ദൃശ്യമാകും. അങ്ങനെയുള്ളവർ എപ്പോഴും പ്രസന്നവദനർ ആയിരിക്കും. ഈ അവസ്ഥയെ മനഃസാന്നിദ്ധ്യം  (Presence of Mind) എന്ന് പറയും.  മനഃസാന്നിദ്ധ്യമുള്ളവർക്ക് നല്ല തീരുമാനങ്ങളെടുക്കാൻ ശക്തി ലഭിക്കും. ഒപ്പം പ്രശ്നങ്ങളെ നേരിടുവാനുള്ള ധൈര്യവും. ചിലർ ജോലിയിൽ വ്യാപൃതരായിരുന്നാലും മനഃസാന്നിദ്ധ്യമില്ലാതെ മറ്റേതോ ലോകത്തായിരിക്കും അങ്ങനെയുള്ളവരോട് ‘എന്താ, ആലോചിച്ചിരിക്കുന്നത്’ എന്ന് ചോദിക്കാൻ നമുക്ക് തോന്നിപ്പോകും. അവർ ധ്യാനത്തിലായിരുന്നാലും, പ്രാർത്ഥനയിലായിരുന്നാലും, പ്രവർത്തിയിൽ മുഴുകിയാലും മനഃസാന്നിദ്ധ്യമില്ലാത്തതിനാൽ ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കുന്നില്ല. മനഃസാന്നിദ്ധ്യമുള്ളവർ ഉള്ളതുകൊണ്ട് തൃപ്തിപ്പെടും. ഇല്ലാത്തവയ്ക്കുവേണ്ടി ആകുലപ്പെടുകയില്ല. 

അന്ധയായ ഒരു പെൺകുട്ടിയെ സ്നേഹിച്ച യുവാവിന്റെ കഥ ഓർമ്മയിൽ വരുന്നു. പൊട്ടക്കണ്ണിയായ അവളെ സ്നേഹിക്കുവാൻ മാത്രം ആ ചെറുപ്പക്കാരൻ ധൈര്യം കാട്ടി. അവളുടെ കൈപിടിച്ച് അവളെ നടത്തുവാനും ആഹാരം വാരിക്കൊടുക്കുവാനും മറ്റും അയാൾ സ്വയം മറന്ന് സമയം കണ്ടെത്തി. ആ മനസ്സുകൾ തമ്മിലടുത്തു. അവളറിയാതെ തന്റെ രണ്ട് കണ്ണുകളും ആ ചെറുപ്പക്കാരൻ അവൾക്ക് ദാനം നൽകി. കണ്ണ് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ അവളുടെ കെട്ടപ്പെട്ട കണ്ണുകൾ തുറക്കുന്പോൾ തന്റെ പ്രേമഭാജനമായവനെയാണ് കണികാണേണ്ടത് എന്നവൾ ഡോക്ടറുടെ അടുത്ത് ശാഠ്യം പിടിച്ചു. ഈ പ്രപഞ്ച സൗന്ദര്യമാസ്വദിക്കുന്നതിന് മുന്പ് താൻ ജീവന് തുല്യം സ്നേഹിക്കുന്ന പ്രിയതമന്റെ മുഖം കാണണമെന്ന അഭിവാഞ്ഛ. കെട്ടുകളഴിച്ചു. അവൾക്ക് കാഴ്ച ലഭിച്ചു. മുന്പിൽ നിൽക്കുന്ന യുവാവിന്റെ മുഖം അവൾക്ക് ദൃശ്യമായി. അവൾ സൂക്ഷിച്ചു നോക്കി. തന്റെ കാമുകന് കണ്ണുകളില്ല. പൊട്ടക്കണ്ണൻ! അവൾ അവനെ വെറുത്തു. അവനിൽ നിന്നും അകന്ന് ദൂരേയ്ക്ക് പോയി. കുറെനാളുകൾക്ക് ശേഷം അവൾക്ക് ഒരു കത്ത് ലഭിച്ചു. അത് അയാളുടേതായിരുന്നു. അയാൾ എഴുതിയിരിക്കുന്നു. “പ്രിയപ്പെട്ടവളേ, നീ ആട്ടിപ്പുറത്താക്കിയിട്ടും ഞാൻ സന്തോഷവാനാണ്. കാരണം എന്റെ കണ്ണുകളിൽ കൂടെയാണ് നീ ഇന്ന് ലോകം കാണുന്നത്. ആ പെൺകുട്ടി തരിച്ച് നിന്നു പോയി. ഇല്ലാത്തവയ്ക്കുവേണ്ടി ഉള്ളത് കൂടെ തട്ടിത്തെറിപ്പിച്ചു കളഞ്ഞ അവളുടെ മഠയത്തരമോർത്തവൾ ദുഃഖിച്ചു. ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ എന്റെ മനസ്സിനെ സ്വസ്ഥമാക്കാൻ ഞാൻ പഠിച്ചിരുന്നുവെങ്കിൽ എന്നവൾ ചിന്തിച്ചു. അസ്വസ്ഥതയുടെ തീരങ്ങളിൽ അലയുന്ന മനസ്സ് അപ്രാപ്യമായവയ്ക്കുവേണ്ടി ആർത്തി പൂണ്ടിരിക്കും. അപ്രാപ്യതയിൽ മനസ്സിന് മുന്തിരങ്ങ പുളിക്കുന്നതായി അനുഭവപ്പെടും. മനസ്സിനെ മെരുക്കുക.... ഒരു തത്തയെപ്പോലെ.

മനസ്സിനെക്കൊണ്ട് നിങ്ങളുടെ മസ്തിഷ്കത്തിന്റെ ഭാഷ സംസാരിപ്പിക്കുക. ഇരട്ടകളായ കുട്ടികളെപ്പോലെയാകണം മസ്തിഷ്കവും മനസ്സും. മസ്തിഷ്കം കടിഞ്ഞൂലും  മനസ്സ് രണ്ടാം പ്രജയും. അപ്പോൾ മനുഷ്യന് മതിമറന്ന് ആനന്ദിക്കാൻ അവസരങ്ങൾ സുലഭമാകും. ഈ ആനന്ദമാണ് നിലനിൽക്കുന്നത്. അതാണ് നമുക്ക് അനിവാര്യവും. വന്യജീവികൾ വസിക്കുന്ന കൊടും കാട്ടിൽ വേട്ടയാടാൻ നമ്മുടെ മനസ്സിനെ അനുവദിക്കരുത്. മനസ്സൊരു മാന്ത്രികച്ചെപ്പാണെന്ന് കരുതി മന്ത്രധ്വനികളെക്കൊണ്ട് അതിനെ പൂരിതമാക്കുക. രണ്ട് അനുഭവസാക്ഷ്യങ്ങൾ സന്ദർഭോചിതമാണ്. ഒന്നാമത്തേത് ഭാര്യയെ മതിമറന്ന് സ്നേഹിക്കുന്ന ഭർത്താവ്. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന ഭാര്യയ്ക്ക് ബോറടിക്കാതെയിരിക്കാൻ അദ്ദേഹം അവർക്ക് ഒരു കന്പ്യൂട്ടർ വാങ്ങിക്കൊടുത്തു. പക്ഷേ കന്പ്യൂട്ടറിന്റെ ഓപ്പറേഷൻ പഠിക്കേണ്ടേ? അതിനായി വീട്ടിനടുത്തുള്ള ഒരു ട്രെയിനിംഗ് സെന്ററിൽ ഭാര്യയെ ചേർത്തു. പഠിപ്പിക്കുന്ന ആളുമായി അവർ അൽപ്പം ലോഹ്യത്തിലായി. അത് നിരന്തരമായ എസ്. എം.എസ്സിലും ടെലിഫോൺ കോളിലും എത്തി. ഇതറിഞ്ഞപ്പോൾ ഭർത്താവിന് അസ്വസ്ഥത. എന്നാൽ ഭാര്യ ഉള്ള് തുറന്ന് സംസാരിച്ചു. ഭർത്താവിന് മനസ്സിലാകാത്ത പലതും പ്രശ്നങ്ങളായി തന്നെ അവശേഷിച്ചു. ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ തിരികെ പോകാൻ വരെ അദ്ദേഹം തീരുമാനിച്ചു. ഞാനിത്രയും സ്നേഹിച്ച എന്റെ ഭാര്യ എന്നെ ഇങ്ങനെ ചതിച്ചത് എനിക്ക് സഹിക്കാൻ വയ്യാ സാറേ.... ഞാനെന്തു ചെയ്യണം? ചെറിയ ഒരു ലോഹ്യം മാത്രമേ ഉള്ളൂ എന്ന സത്യം പലതവണ ആണയിട്ട് തുറന്ന് പറഞ്ഞിട്ടും അയാൾക്ക് സ്വസ്ഥതയില്ല. അയാൾ വിശ്വസിക്കുന്നില്ല. സംസാരിച്ചു വന്നപ്പോഴാണ് മനസ്സിലായത് വിവാഹത്തിന്റെ ആദ്യദിനങ്ങളിൽ അവർ രണ്ടുപേരും കഴിഞ്ഞ കാല ജീവിതത്തിലെ കഥകളൊക്കെ പരസ്പരം പങ്കുവെച്ചിട്ടുണ്ടെന്ന്. കരടായി അത് അദ്ദേഹത്തിന്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു. ഈ സംഭവം ആ കരടിന് ചൂട് പിടിപ്പിക്കുവാൻ ഉതകുന്നതായിരുന്നു. ഒരു കുടുംബത്തിന്റെ സമാധാനവും സന്തുലിതാവസ്ഥയും നഷ്ടപ്പെട്ടില്ലേ... ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. ജീവിതത്തിലെ  ഒരു പുതിയ അദ്ധ്യായമാണ് കുടുംബജീവിതം. പഴയവയെ ആഴിയുടെ അഗാധങ്ങളിലേക്കെറിഞ്ഞ് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കെട്ടിപ്പടുക്കുന്ന കർമ്മമാണ് നവ വധുവരന്മാർ ആദ്യമായി അനുവർത്തിക്കേണ്ടത്. ഒരു കൗൺസിലിംഗ് സെന്ററിൽ രണ്ടുപേരും ഒരാഴ്ച താമസിച്ച് പരസ്പരം ഹൃദയം തുറന്ന് കൗൺസിലിംഗിന് വിധേയരായപ്പോൾ ജീവിതം പുതുക്കപ്പെട്ടു. പ്യൂപ്പാ അവസ്ഥയിലായിരിക്കുന്ന പുഴു ചിത്രശലഭമായി പറന്നുയരുന്നതു പോലെ ജീവിതവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ അവർ തീരുമാനിച്ചുറച്ചു. 

രണ്ടാമത്തെ കേസ് കുറെ വിചിത്രമാണ്. “സാറേ, എന്റെ ഭാര്യ എന്നേക്കാൾ കൂടുതൽ മദ്യപിക്കുന്നു. ദാന്പത്യ ബന്ധത്തിന്റെ ആസ്വാദ്യതയുടെ കൊടുമുടിയിലെത്താൻ ആദ്യമൊക്കെ രണ്ടുപേരും ലഹരി ഉപയോഗിച്ചിരുന്നു. കുറെക്കഴിഞ്ഞപ്പോൾ മദ്യത്തിന്റെ അളവ് കൂടി. ഇന്ന് പകൽ മുഴുവൻ ആ സ്ത്രീ മരവിച്ചിരിക്കുകയാണ്. സന്ധ്യയാവുന്പോൾ വെള്ളം പോലും ചേർക്കാതെ മദ്യം മോന്തും. കുറേ നേരത്തെ സജീവതയ്ക്ക് ശേഷം തളർന്ന് വീഴും. എങ്ങനെ രക്ഷപ്പെടാൻ? മക്കളുമില്ല.” മദ്യം ലൈംഗികാസക്തി വർദ്ധിപ്പിക്കുമെങ്കിലും ലൈംഗിക ശക്തി കുറയ്ക്കുമെന്ന സത്യം മനസ്സിലാക്കണം. ദാന്പത്യ ജീവിതമെന്നത് ബയോളജിക്കൽ നീഡിന് വേണ്ടി മാത്രമല്ല. ശരീരവും മനസ്സും ആത്മാവും കൂടിയെങ്കിലേ ദാന്പത്യം പൂർണ്ണതയിലെത്തു. പുറമെയുള്ള ആകാര സൗഷ്ടവത്തിൽ മാത്രം ദാന്പത്യമൊതുക്കിയാൽ ആ ബന്ധം കുറെക്കഴിയുന്പോൾ പുളിയ്ക്കും. മനസ്സും മനസ്സും തമ്മിൽ വേഴ്ച നടക്കണം. ഒരു നുകത്തിന് കീഴിലെ രണ്ട് കാളകളെപ്പോലെ. മദ്യത്തിലധിഷ്ഠിതമായ ദാന്പത്യബന്ധം ചുവന്ന തെരുവിലെ ലൈംഗികതയിൽ നിന്ന് വ്യത്യസ്തമല്ല. യഥാർത്ഥ ദാന്പത്യം ശരീരത്തെ അറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ശരീരത്തെ ദുർവിനിയോഗം ചെയ്യുന്നില്ല, ശാരീരികബന്ധത്തിന്റെ അതിരുകൾ വിടുന്നില്ല. എങ്കിലേ എന്നും പച്ചയായ അനുഭവമുണ്ടാകുകയുള്ളൂ. ശാരീരിക ദാഹം മാത്രമല്ല, മനസ്സിന്റെയും ആത്മാവിന്റെയും പരദാഹം കൂടെ ശമിപ്പിക്കുവാനുള്ളതാണ് ഉദാത്തമായ ദാന്പത്യബന്ധം. അതിന് തലയ്ക്ക് ‘വെളിവ്’ വേണം. ആസക്തികൾക്ക് അടിമയായാൽ ക്ലാവ് പിടിച്ച മനസ്സായിരിക്കും പ്രവർത്തിക്കുന്നത്. മദ്യം ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ എന്ന രാസവസ്തു പ്രവേശിക്കുന്നു. മിക്കവാറും ഭക്ഷണത്തിന് മുന്പാണല്ലോ ഇത് ഉപയോഗിക്കുന്നത്. അത് അന്നനാളത്തിലൂടെ  എരിഞ്ഞിറങ്ങി ആമാശയത്തിലെത്തുന്നു. സാധാരണ ഭക്ഷണം ആമാശയത്തിൽ ചതഞ്ഞ് അരഞ്ഞ് ഒരു കുഴന്പാകുന്പോൾ കുടലിലേക്ക് പോകാനുള്ള വാൽവ് തുറക്കും. എന്നാൽ മദ്യത്തെ കാണുന്പോൾ ഈ വാൽവ് താനേ അസമയത്ത് തുറക്കപ്പെടും. അത് പെട്ടെന്ന് രക്തത്തിൽ കലർന്ന് തലച്ചോറിലെത്തുന്നു. രക്തവുമായി സംയോജിച്ച് തലയോട്ടിയുടെ മുൻവശത്ത് നെറ്റിത്തടത്തിന് മുകളിൽ ഒരു കറുത്ത വസ്തു രൂപപ്പെടുന്നു. ഇതിന് THIQ എന്ന രാസനാമമുണ്ട്. (Tri Hydro Iso Quinol). ഇത് മദ്യം കഴിക്കുന്പോൾ ഉണരും. അമിതജോലി ചെയ്യിപ്പിക്കും. കരയും, ചിരിക്കും. ഇതിനെ ഒരു തരത്തിലും ഇല്ലാതാക്കാൻ സാധ്യമല്ല. മനസ്സിന്റെ ബലം കൊണ്ട് ഉറക്കിക്കിടത്താനേ സാധിക്കൂ. അതുകൊണ്ട് മദ്യം കഴിച്ച് മനസ്സും ശരീരവും അമിതാദ്ധ്വാനത്തിലേക്ക് കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. മദമിളകിയ ആനയും മദോന്മത്തനായ മനുഷ്യനും തമ്മിൽ വലിയ അന്തരമില്ല. പക്ഷേ ആന കൂടുതൽ ബലം നേടും. മനുഷ്യൻ ദുർബലനാകും. മദ്യാസക്തിയിൽ അധിഷ്ഠിതമായ കുടുംബജീവിതം നാശത്തിലേക്കുള്ള വഴി തന്നെ. 

നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മനസ്സിന് നല്ല സ്വാധീനമുണ്ട്. നമ്മുടെ ചിന്തകൾ ശരീരത്തെ സ്വാധീനിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറിച്ചും. നമ്മുടെ ശാരീരിക വ്യാപാരങ്ങൾ മാനസിക വ്യാപാരത്തെ അപാരമായി സ്വാധീനിക്കുകയും മനസ്സിൽ അധിനിവേശം നടത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് നഖം കടിക്കുന്ന സ്വഭാവം. മാനസിക സമ്മർദ്ദമുണ്ടാകുന്പോൾ  ചിലർ നഖം കടിക്കാൻ തുടങ്ങും. പിന്നീട് ടെൻഷൻ ഇല്ലെങ്കിലും അറിയാതെ നഖം കടിക്കാൻ തുടങ്ങുന്പോൾ മാനസിക സമ്മർദ്ദമുണ്ടാകുന്നു, കാരണം കൂടാതെ അല്ലെങ്കിൽ കാരണം തേടി. മറ്റൊരു ഉദാഹരണമാണ് കൈത്തണ്ടയിൽ താടിയുറപ്പിച്ച് ഇരിക്കുന്ന രീതി. ബോറടിക്കുന്പോൾ ചിലർ താടി കൈത്തണ്ടയിലുറപ്പിച്ച് ഇരിക്കുന്നത് കാണാം. ബോറടിക്കുന്നില്ലെങ്കിലും  അറിയാതെ ഇത് ഒരു ശീലമാക്കിയാൽ കൈത്തണ്ടയിൽ താടി താങ്ങിയിരിക്കുന്നവർക്ക് ബോറടി അനുഭവപ്പെടും. ഇതിനെ ഒരു Negative Body Language ആയി മനഃശാസ്ത്രജ്ഞന്മാർ വിവക്ഷിക്കുന്നുമുണ്ട്. പുതുവസ്ത്രം ധരിക്കുന്പോൾ മനസ്സിന് ഒരു പുതുമയില്ലേ? ശരീരവും മനസ്സും വികാരവിചാരവീചികളിൽ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് ഇതിൽ നിന്നൊക്കെ വ്യാഖ്യാനിച്ചെടുക്കാം. മനസ്സ് ശരീരത്തെയും ശരീരം മനസ്സിനെയും സ്വാധീനിച്ച് അടിമയാക്കുന്നു. അങ്ങനെയെങ്കിൽ  ഇവകളുടെ സ്വാതന്ത്ര്യം എത്രകണ്ട് സാധ്യമാണ്? 

ശബരിമല ദർശനത്തിനായി പുറപ്പെടുന്ന അയ്യ
പ്പഭക്തന്മാർ ഇരുമുടിക്കെട്ട് മുറുക്കി ഭവനത്തിൽ നിന്നും പുറപ്പെടുന്നതിന് മുന്പ് ഭക്തി പാരവശ്യത്തിൽ തീകൂട്ടി , തീക്കനലിൽ  നഗ്നപാദരായി ചാടി ‘ആഴി’യിൽ നടക്കുന്നത് പഴയകാല പതിവായിരുന്നു. ശരീരത്തിന് പ്രത്യേകിച്ച് കാൽപാദങ്ങൾക്ക് ഒരു പൊള്ളൽ പോലുമേൽക്കാതെ ഇതെങ്ങനെ സാധിക്കുന്നു? “സ്വാമിയേ, ശരണമയ്യപ്പാ” എന്ന ഭക്തജനങ്ങളുടെ പ്രാർത്ഥനാരവത്തിൽ മനസ്സ് ഏകാഗ്രമാക്കി ശരീരത്തെ മറന്ന് ആഴിയിലുള്ള തീക്കനലിലേക്ക് ചാടി നടക്കുന്ന അയ്യപ്പ ഭക്തൻ തന്റെ ശരീരത്തെ മുഴുവൻ താനറിയാതെ മനസ്സിന്റെ നിയന്ത്രണത്തിന് വി
ട്ടുകൊടുത്തിരിക്കുകയാണ്. അപ്രമേയമായ, അനിർവ്വ
ചനീയമായ, ആ മാനസികാവസ്ഥയിൽ ശരീരം ബലഹീനതകളെ മറക്കുന്നു, മനസ്സിന്റെ ഭൃത്യനാകുന്നു. ഈ വിശുദ്ധകർമ്മത്തിന്റെ പിന്നിലെ മനഃശാസ്ത്രമിതാണ്. മനുഷ്യ മനസ്സിന് ശരീരത്തെ മറ്റൊരു തലത്തിലെത്തിക്കാനുള്ള സിദ്ധിയുണ്ട് എന്ന് സാരം. അങ്ങനെയെങ്കിൽ ജീവിതത്തിലെ തിക്തവും ശക്തവുമായ സമ്മർദ്ദങ്ങളിൽ കലുഷിതമാകുന്ന മനസ്സ് മനുഷ്യബന്ധങ്ങളുടെ അടിത്തറ തന്നെ ഉലയ്ക്കാറുണ്ട്; കുടുംബബന്ധങ്ങളെ കൂടുതലായും. ആ
ധുനിക മനഃശാസ്ത്രം മനുഷ്യ മനസ്സിന് നാല്  ഭാഗങ്ങളുണ്ടെന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ആദ്യത്തേത് മനസ്സിന്റെ Logical Part; ഒരു വസ്തുത സമർത്ഥിച്ചെടുക്കാൻ മനുഷ്യർ സാധാരണ ഉപയോഗിക്കുന്ന മനസ്സിന്റെ ഭാഗമാണിത്. രണ്ടാമത്തേത് Planning Part; ജീവിതത്തിന്റെ പ്ലാനും പദ്ധതിയും രൂപകൽപ്പന ചെയ്യുവാനുപയോഗിക്കുന്ന ഭാഗമാണിത്. മേൽപ്പറഞ്ഞ രണ്ട് ഭാഗങ്ങളാണ് സാധാരണ നാം ഉപയോഗിക്കാറുള്ളത്. മൂന്നാമത്തേത് ക്രിയാത്മകചിന്തകൾക്കുള്ള Intuitive Part ആണ്. നാലാമത്തേത് ചിരിക്കുകയും കരയുകയും ചെയ്യുന്നതുൾപ്പെടെയുള്ള വൈകാരിക ഭാവങ്ങളുടെ പ്രഭവകേന്ദ്രമായ Emotional Part. ഇവ രണ്ടും  സാധാരണയായി നാം അധികം ഉപയോഗിക്കാറില്ല എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. സ്വസ്ഥമായ മാനസിക വ്യാപാരത്തിന് ഈ നാലുഭാഗങ്ങളും സമീകൃതമായി ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ചിലർ Emotional Part അമിതമായി ഉപയോഗിക്കുന്നു. തൽഫലമായി അവർ വികാരജീവികളായി മാറുന്നു. ബന്ധങ്ങളിലെ ചെറുചലനങ്ങൾ പോലും 'ഭൂമികുലുക്ക'ങ്ങളായി അവർക്ക് അനുഭവപ്പെടുന്നു. കുടുംബത്തിന്റെ നിർവ്വചനം ചുവന്ന അക്ഷരങ്ങളിലെഴുതുന്ന ഇത്തരക്കാർ സ്വസ്ഥത നഷ്ടപ്പെട്ടവരായിത്തീരുന്നു. 

രണ്ട് പ്രവാസികുടുംബങ്ങളുടെ സമ്മർദ്ദാവസ്ഥ ദൃഷ്ടാന്തീകരിക്കുവാൻ താൽപ്പര്യമുണ്ട്. ഒന്നാമത്തെ കുടുംബം: ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. അവർക്ക് രണ്ട് മക്കൾ. മൂത്ത മകൻ നാട്ടിൽ എഞ്ചിനിയറിംഗിന് പഠിക്കുന്നു. ഇളയമകൾ ഇവിടെ 12ാം ക്ലാസ് വിദ്യാർത്ഥിനി. അവരുടെ കുടുംബത്തിൽ ഒരു പ്രശ്നവുമില്ലായിരുന്നു ഇതുവരെ. ഇപ്പോൾ ഒരു വലിയ പ്രശ്നമുണ്ട്. കുടുംബനാഥന് മൂന്ന് സഹോദരങ്ങളാണുള്ളത്. ഇദ്ദേഹമാണ് മൂത്തയാൾ. മറ്റ് മൂന്ന്പേരും കുടുംബമായി ഗൾഫിൽ തന്നെ ജോലി ചെയ്യുന്നു. എല്ലാവർക്കും നല്ല സാന്പത്തിക ശേഷിയുമുണ്ട്. അവരുടെ അച്ഛൻ സൈന്യത്തിൽ നിന്നും വിരമിച്ച വ്യക്തിയാണ്. അമ്മ മരിച്ചുപോയി. അനുജന്മാരെയൊക്കെ പഠിപ്പിച്ച് ഈ നിലയിലാക്കാൻ അദ്ദേഹം പാ
ടുപെട്ടിട്ടുണ്ട്. ഈയിടെയായി കുടുംബസ്വത്ത് അച്ഛൻ 4
മക്കൾക്കായി വീതം വെച്ചു. ഏറ്റവും ഇളയമകന് കുടുംബവീടും ആ സ്ഥലവും നൽകി. ആ വീടുവെയ്ക്കാൻ സഹായിച്ചത് ഈ മൂത്ത സഹോദരനാണ്. ഇപ്പോൾ അച്ഛന് പ്രായമായി. 78 വയസ്സുണ്ട്. കൂടെ ആരുമില്ല. ഈ മൂത്ത മകൻ  അച്ഛനെ ഒരു വൃദ്ധസദനത്തിൽ ആക്കി. മാസം തോറും വരുന്ന 7,000 രൂപയുടെ ചിലവ് വഹിക്കുന്നതും ഇദ്ദേഹം തന്നെ. എന്നാൽ ഭാര്യയ്ക്ക് ഇതിൽ അതൃപ്തി. മറ്റ് മൂന്ന് സഹോദരന്മാരുണ്ടല്ലോ. അവരെന്താ പണം മുടക്കാത്തത് എന്നാണ് ഭാര്യയുടെ ചോദ്യം. മാത്രമല്ല കുടുംബവീട് കിട്ടിയ ഇളയമകന്റെ കടമയല്ലേ അച്ഛനെ നോക്കുക എന്നത്? എന്റെ ഭർത്താവ് ഇതിൽ അമിത പ്രാധാന്യം നൽകുന്നതെന്തിനാണെന്നാണ് അവരുടെ പക്ഷം. മക്കൾ രണ്ടും വളർന്നു കഴിഞ്ഞു. അവരെ ഇനിയും ഒരു കരയിലെത്തിക്കാൻ ധാരാളം പണം ആവശ്യമുണ്ട്. ഇങ്ങനെ അനാവശ്യമായി കാശ് ചിലവാക്കിയാൽ കാശില്ലാത്തപ്പോൾ ആരും സഹായത്തിനെത്തുകയില്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ഭാര്യഭർത്താക്കന്മാർ ഇപ്പോൾ കലഹത്തിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ. എന്തു ചെയ്യണം സാറെ, എന്നാണ് ആ ഭർത്താവിന്റെ എന്നോടുള്ള ചോദ്യം. ചിലരുടെ നിരുത്തരവാദിത്വപരമായ നിലപാടും സാന്പത്തിക പിശുക്കും മൂലം സ്വസ്ഥത നഷ്ടപ്പട്ട ഒരു കുടുംബത്തിന്റെ പച്ചയായ അനുഭവമാണിത്. നിർവ്വചനം മാറ്റി എഴുതേണ്ടി വന്നിരിക്കുന്നു ഇവിടെ. കുടുംബമെന്നാൽ ഭാര്യയും ഭർത്താവും മക്കളും മാത്രം എന്ന അവസ്ഥയിലേക്ക് ഈ കുടുംബം ചുരുങ്ങിയിരിക്കുന്നു. സാഹോദര്യത്തിന്റെ മധുരിമയിൽ കയ്പ്പ് കലർന്നിരിക്കുന്ന കുടുംബം. അനാഥമാക്കപ്പെട്ട പിതാവ്. പ്രതിബദ്ധതയില്ലാത്ത മക്കൾ. ചുരുങ്ങിയ മനസ്സുമായി ഇടുങ്ങിയ ചിന്താഗതിയുമായി മരുമക്കൾ. ചിത്രം വരച്ചാൽ ഇങ്ങനെയല്ലേ ഈ കുടുംബത്തിന്റെ അവസ്ഥ. 

രണ്ടാമത്തെ കുടുംബം: ഭാര്യയും രണ്ട് മക്കളുമുള്ള ഗൃഹനാഥൻ. മകൻ 11ാം ക്ലാസിലും മകൾ 9ാം ക്ലാസിലുമാണ് പഠിക്കുന്നത്. സ്വന്തമായി 3 റെസ്റ്റോറന്റുകൾ അവർക്കുണ്ട്. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് അത് നോക്കി നടത്തുന്നു. എല്ലാ ദിവസവും രാത്രി 9 മണി കഴിഞ്ഞേ അവർ വീട്ടിലെത്താറുള്ളൂ. ഭർത്താവ് ഒരു Outlet  supervise ചെയ്യുന്പോൾ ഭാര്യ മറ്റൊന്നായിരിക്കും Supervise ചെയ്യുന്നത്. രണ്ടു പേരും രാത്രിയിൽ മാത്രമാണ് പരസ്പരം കാണുന്നത്. മക്കൾ രണ്ടുപേരും പഠനകാര്യത്തിൽ പിറകോട്ടാണ്. രണ്ടുപേർക്കും പ്രേമബന്ധമുണ്ട്. അവർ രണ്ടു പേരും ഒരു കൈയ്യാണ്. മകൻ അവന്റെ സഹോദരി സ്നേഹിക്കുന്നവനെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്തപ്പോൾ വിളിച്ചു വരുത്തി അവളുമായി സംസാരിക്കാനുള്ള വേദി ഒരുക്കും. മകൾ അവളുടെ സഹോദരന്റെ പെണ്ണിനെ അവളുടെ കൂട്ടുകാരി എന്നു പറഞ്ഞ് വീട്ടിൽ കൊണ്ടുവരും. ഈയടുത്ത കാലത്ത് രണ്ട് മക്കളുടേയും കൈവശം വൃത്തികെട്ട ചി ത്രങ്ങളുടെ കാസറ്റുകൾ കണ്ടു, രണ്ട് പേരും മാതാപിതാക്കളുടെ പെഴ്സിൽ നിന്നും പണം മോഷ്ടിച്ചെടുക്കുന്നു. രണ്ട് പേർക്കും ഫേസ്ബുക്കിൽ ധാരാളം ഫ്രണ്ട്സ് ഉണ്ട്. അനാവശ്യ കാര്യങ്ങൾ ഷെയർ ചെയ്യുന്നു. ഈയിടെയായി അവരുടെ അമ്മയ്ക്കും ഭർത്താവിന് റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന സ്ത്രീയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് പരാതി ഉണ്ട്. അതിൽ സത്യമില്ല എന്നദ്ദേഹം പറയുന്നു. ബിസിനസ്സെല്ലാം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിന്റെ മനസ്സ് നിർബന്ധിക്കുന്നു. മകൻ മാതാപിതാക്കളുടെ വലയം പൊട്ടിച്ചു കൈവിട്ടു പോയിരിക്കുന്നു. അവനെ ശാസിച്ചാൽ വീട്ടിൽ അന്ന് വലിയ ബഹളം നടക്കും. ഭാവിയെപ്പറ്റി ഓർക്കുന്പോൾ ഉൾഭയം. എന്തു ചെയ്യണം സാർ? ഇവിടെ കുടുംബം ചുരുങ്ങി വ്യക്തിയിൽ ഒതുങ്ങിയിരിക്കുന്നു. ആ വീട്ടിലെ ഓരോ അംഗവും സ്വയം പ്രക്ഷേപണം ചെയ്യുന്ന മനുഷ്യനിലയങ്ങളായിക്കഴിഞ്ഞിരിക്കുന്നു. 

മനുഷ്യമനസ്സുകളുടെ രസതന്ത്രം ആർക്കറിയാം? സൃഷ്ടികർത്താവുപോലും പൂർണ സ്വാതന്ത്ര്യം നൽകിയല്ലേ പടച്ചു വിട്ടിരിക്കുന്നത്. നിർമ്മലവും നിയന്ത്രണ വിധേയവുമായ മനസ്സുകൾക്കേ കാണാൻ കണ്ണും കേൾപ്പാൻ കാതും ഉണ്ടാവുകയുള്ളൂ.

You might also like

Most Viewed