വെറുപ്പിന്റെ ബന്ധങ്ങൾ...


അമ്പിളിക്കുട്ടൻ

ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒരാളുടെ വീക്ഷണം ഏന്താണെന്നു മറ്റൊരാൾക്ക് മനസ്സിലാകാതെ പോകുന്നത് കൊണ്ടാണ്. ഓരോരുത്തർക്കും അവരുടെ അഭിപ്രായം മാത്രം ശരി, മറ്റുള്ളവരുടേതു തെറ്റ്. അല്ലെങ്കിൽ മറ്റുള്ളവരുടെ ചിന്തയെ ഉൾക്കൊള്ളാനുള്ള കഴിവ് പൂർണമായി നഷ്ടപ്പെട്ട അവസ്ഥ. അവനവന്റ സ്വന്തപ്പെട്ടതായ വസ്തുക്കൾ, ആശയം, തത്വശാസ്ത്രം, മതം, രാഷ്ട്രീയം എന്നിവ മാത്രം ശരിയെന്നും മറ്റുള്ളവരുടെ ഇതേ തലങ്ങളെല്ലാം തെറ്റെന്നും ധരിക്കുന്ന സംസ്ക്കാരം പ്രാചീന കാലം മുതലേ, മനുഷ്യന്റെ സാംസ്ക്കാരിക പുരോഗതി തുടങ്ങുന്ന കാലത്തിനും മുന്നേ ഉണ്ടായിരുന്നത് തന്നെയാണ്.

അതിൽനിന്നും മറ്റുള്ളവരെയും, അവരുടെ ജീവിതത്തെയും സംബന്ധിച്ചവ കൂടി ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയിലേക്കുള്ള പുരോഗതിയാണ് സംസ്കാരമായി വിലയിരുത്തപ്പെടുന്നത്. അങ്ങിനെ നോക്കുന്പോൾ സമകാലിക ലോകത്ത് മനുഷ്യസംസ്ക്കാരത്തിൽ ഉണ്ടായിട്ടുള്ളത് ഗുരുതരമായ അധോഗമനമാണ്. അത് സംഭവിച്ചത് മനുഷ്യന് ആശയവിനിമയത്തിന് വിപ്ലവാത്മകമായ പുരോഗതി സംഭവിച്ച ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂടിയാണ്. എന്തുകൊണ്ടെന്നാൽ ബന്ധങ്ങൾക്ക് ഇഴയടുപ്പമില്ലാത്തവർ തമ്മിൽ ആശയവിനിമയത്തിന് വിടവുകളില്ലാതായതാണ്.

പരസ്പ്പരം യാതൊരു പരിചയമില്ലാത്തവർ ഒരേ ഗ്രൂപ്പിൽ വരുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കാൻ അവർക്കു യാതൊരു ബുദ്ധിമുട്ടുമില്ലാത്ത അവസ്ഥ കൈവരുക, ക്രമേണ വിരുദ്ധ നിലപാടുകൾ തീർക്കുന്ന പരസ്പരമുള്ള അനൈക്യം തമ്മിലറിയാവുന്നവരിലേക്കും പടർന്നുപിടിച്ച് ബന്ധങ്ങളുടെ ഇഴകൾ പൊട്ടിച്ചുകളയുക, ആർക്കുമാരെയും അവരുടെ സാമൂഹ്യസ്ഥിതിയോ പാണ്ധിത്യമോ സഹിഷ്ണുതയോ ഒന്നുംതന്നെ പരിഗണിക്കാതെ വിമർശിക്കാൻ അനായാസമായി സാധിക്കുന്ന അവസ്ഥ കൈവരുക ഇതൊക്കെത്തന്നെ വ്യക്തിബന്ധങ്ങളുടെ പാലങ്ങൾ തകർക്കുകയും വ്യക്തികളെ ഓരോരോ തുരുത്തുകളാക്കുകയും ചെയ്യുന്നു.

വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാവുന്പോൾ നിശിതമായി വിമർശിക്കാനും ചെളിവാരിയെറിയാനും അനായാസമാണ്.മുഖമില്ലാത്ത മനുഷ്യരുടെ ലോകത്ത് സാഹോദര്യവും സമാധാനവും പുലരാൻ വളരെ ബുദ്ധിമുട്ടാണ്. എത്ര ആത്മാർഥമായി നന്മക്കും ജീവിതമൂല്യങ്ങൾക്കും വേണ്ടി വാദിച്ചാലും ഇടപെട്ടാലും അനായാസം അതിൽ മാലിന്യം വാരിയെറിഞ്ഞു ദുർഗന്ധപൂരിതമാക്കാൻ വൈദഗ്ധ്യമുള്ളവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. അതിഭൗതികതയും രാഷ്ട്രീയവും മലിനമാക്കാത്ത ഇടമില്ല ഇക്കാലത്ത്. അവയുടെ കടന്നാക്രമണത്തിൽ ഏറെ പരിക്കുപറ്റിയതു ആത്മീയതക്കും മതമൂല്യങ്ങൾക്കുമാണ്. ആത്മീയത ഭരിക്കപ്പെടേണ്ടത് രാഷ്ട്രീയത്താലാണ് എന്ന നിലപാടുണ്ടാവുന്പോൾ പിന്നെയെന്ത് ആത്മീയത! സ്വത്തിന്റെയും അധികാരത്തിന്റെയും കണക്കുകൾ എഴുതുന്ന മതത്തിൽ പിന്നെയെന്ത് മതമൂല്യങ്ങൾ, എന്ത് ധാർമികത!!!

ഒരു കാര്യം വ്യക്തമാണ്. മതവും രാഷ്ട്രീയവും തമ്മിൽ കൈകോർക്കുകയല്ല മറിച്ച് ഇവരണ്ടും അവയുടെ ഇടങ്ങളെ തിരിച്ചറിഞ്ഞു അവിടങ്ങളിൽത്തന്നെ ഒതുങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. ദൈവം എന്നത് ഒരു മൂർത്തമായ രൂപമല്ല, അമൂർത്തമായ വിശ്വാസമാണ്, വികാരമാണ്. സമൂർത്തമായ ഒരു ഭൗതികലോകത്തിന്റെ വ്യവസ്ഥിതിക്കനുസൃതമായി അതിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് പകൽവെളിച്ചത്തിന്റെ തോത് രാത്രിയിൽ അളക്കാൻ ശ്രമിക്കുന്നതുപോലെ നിരർത്ഥകമാണ്. ഭരണനിയമങ്ങൾ ശരീരം നിലനിൽക്കുന്ന ഭൗതിക ലോകത്താണ് നടപ്പാക്കുന്നത്. മനസ്സിന്റെ സൂക്ഷ്മതലങ്ങളിൽ പ്രത്യേകിച്ചൊരു തെളിവിന്റെയും പിൻബലമില്ലാതെ നിലനിൽക്കുന്ന അമൂർത്തമായ വിശ്വാസത്തിന്റെ തികച്ചും വ്യക്തിപരമായ തലത്തിൽ ഏതു ഭൗതികലോക നിയമത്തിനാണ് പ്രസക്തിയുള്ളത്?

ശാസ്ത്രത്തെപ്പറ്റി ശാസ്ത്രജ്ഞനും സാങ്കേതികവിദ്യയെപ്പറ്റി എൻജിനീയറും, ധനതത്വശാസ്ത്രത്തെപ്പറ്റി എക്കണോമിസ്റ്റും സംഗീതശാസ്ത്രത്തെപ്പറ്റി സംഗീതജ്ഞനും സാഹിത്യത്തെപ്പറ്റി സാഹിത്യഗവേഷകനും രാഷ്ട്രീയത്തെപ്പറ്റി രാഷ്ട്രീയക്കാരനും പറയുന്പോൾ ആത്മീയതയെപ്പറ്റി പറയേണ്ടത് സന്യാസിയോ യോഗിയോ തന്ത്രശാസ്ത്ര വിശാരദനോ ആണോ അതോ അതും രാഷ്ട്രീയക്കാരനാണോ? ജീവിതത്തിന്റെ ഒരോ മണ്ധലങ്ങളിലും ഉപദേശിക്കാനും നവീകരിക്കാനും വഴിനടത്താനും ഓരോരോ ഉത്തരവാദിത്തപ്പെട്ടവരുണ്ട്. അത് അവർതന്നെ നിർവഹിക്കുകയും വേണം. ആ സ്ഥാനത്ത് മറ്റാരെങ്കിലും കയറി ഭരിക്കാൻ തുടങ്ങിയാൽ അത് ശരീരത്തിന്റെ ഒരുഭാഗം മാത്രം വളരുന്ന ഗുരുതരമായ അസുഖമാകും. ഒടുവിൽ ജീവനെത്തന്നെ കെടുത്തിക്കളയുന്ന അസുഖം.

ഓരോരുത്തരുടെയും ഇടങ്ങൾ പരസ്പ്പരം തിരിച്ചറിയുകയും അത് മാനിച്ച് ജീവിക്കുകയും ചെയ്യുന്പോൾ തീരാവുന്ന പ്രശ്നങ്ങളാണ് ഇന്ന് നമ്മെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളായിത്തീർന്നിരിക്കുന്നത്. ശരീരകോശങ്ങളുടെ എണ്ണത്തിലെ ക്രമാനുഗതമായ വർധന ശരീരവളർച്ചയും ത്വരിതഗതിയിൽ നിയന്ത്രണാതീതമായ വളർച്ച അർബുദമായും തീരുന്നതുപോലെ ഒരു സാമൂഹിക ആത്മീയ വ്യവസ്ഥിതിക്ക് ക്രമാനുഗതമായ മാറ്റങ്ങളുണ്ടാകുന്പോൾ അത് സാമൂഹിക പുരോഗതിയായും പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന മാറ്റങ്ങൾ സാമൂഹിക കലാപമായും വിലയിരുത്തപ്പെടുന്നു.

സുഗമമായും സാംസ്ക്കാരിക വ്യവസ്ഥിതിക്കു ഭംഗം വരാതെയും ഒരു മാറ്റം നടപ്പാക്കണമെങ്കിൽ അതിനു ഒരു സാമൂഹിക മനഃശാസ്ത്രസമീപനം (സോഷ്യൽ എഞ്ചിനീയറിംഗ്) അനുവർത്തിച്ച മതിയാകൂ.അതിലൂടെ മാറ്റത്തിന് വഴിമരുന്നാവുന്ന ഒരു ആശയത്തിന്റെ ബീജാവാപം ജനഹൃദയങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചേക്കാം.എന്നാലിവിടെ വിശ്വാസമെന്ന അമൂർത്താശയത്തിനുള്ള അതിന്റേതായ ചുറ്റുപാടുകളും നിയമങ്ങളും ആചാരക്രമങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് വിശ്വാസം നിലനിൽക്കുന്നത്.

വിശ്വാസത്തിലേക്ക് നയിക്കുന്നതും ചിലപ്പോൾ അതിന്റെ അടിത്തറയായി വർത്തിക്കുന്നതും ഇവതന്നെയാകാം. എന്നാൽ ദുരാചാരങ്ങളോ അനാചാരങ്ങളോ ഇക്കൂട്ടത്തിലുള്ളവയല്ലെന്നു മാത്രമല്ല അവ ചില പ്രത്യേക വിഭാഗങ്ങളോ സാമൂഹികാവസ്ഥയോ അല്ലെങ്കിൽ വ്യക്തികളോ ചേർന്ന് അവരുടെ നേട്ടത്തിനായി നടത്തുന്ന, ആത്മീയതുടെ സൂക്ഷ്മഭാവങ്ങളിൽ ഒരു തരത്തിലും ഉൾചേരാത്ത ഒരു ദുശ്ചര്യയായിരിക്കും.

എന്നാലിപ്പോൾ യഥാർഥ ആചാരങ്ങളേയും എതിർക്കുന്നവർ അവരുടെ വാദഗതി ജയിക്കാനായുള്ള ഒരായുധമായി ഇതിനെ വ്യാപകമായി ഉപയോഗിച്ചുവരുന്നു. എന്ത് കുൽസിതമായി പ്രവർത്തിച്ചിട്ടായാലും സ്വന്തം ഭാഗം ജയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് നടത്തപ്പെടുന്ന നാടകങ്ങൾ എല്ലാവരെയും നാടക കഥാപാത്രങ്ങളാക്കുന്നു. മുഖംമൂടി ഉതിർന്നുവീഴുന്പോൾ അതിനടിയിൽ വ്യക്തിസ്വാർഥതയുടെ ക്രൗര്യം സ്ഫുരിക്കുന്ന മുഖം കാണാം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed