നാടകം വേദിയിൽ, ജീവിതം വീഥിയിൽ


അമ്പിളിക്കുട്ടൻ

മതിലുകൾ ഉയരുന്ന കാലമാണിത്. മതിലുകൾ എപ്പോഴും വിഭജനത്തെ പ്രതിനിധീകരിക്കുന്നു. ഐക്യപ്പെടാനായി ആരും മതിലുകൾ പണിയാറില്ല. അതിനാൽ മതിലുകൾ മാറ്റപ്പെടുന്പോൾ അത് മാനവരാശിയുടെ ഐക്യപ്പെടലിന്റെ ഭാഗമായി കാണാറുമുണ്ട്. അതുകൊണ്ടാണ് ബർലിൻ മതിൽ പൊളിഞ്ഞു ജർമ്മനികൾ ഒന്നായിത്തീർന്നപ്പോൾ സമാധാനകാംക്ഷികൾ ഏറെ സന്തോഷിച്ചത്. എന്നാലിപ്പോൾ മതിലുകൾ ഉയർത്തപ്പെടുന്ന കാലഘട്ടമാണ്. മെക്സിക്കോ വഴി നടക്കുന്ന അനധികൃതമായ കുടിയേറ്റത്തെ പ്രതിരോധിക്കുവാൻ യു.എസ് മെക്സിക്കോ അതിർത്തിയിൽ വന്മതിൽ പണിഞ്ഞു പ്രതിരോധിക്കുവാൻ പ്രസിഡണ്ട് ട്രംപ് സർവ്വ സന്നാഹങ്ങളോടും തയ്യാറായി നിൽക്കുകയാണ്.

ഇത് യു.എസ്സിൽ ഗുരുതരവും ഇദംപ്രഥമവുമായ ഭരണപ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നു. എന്നാൽ വിട്ടുവീഴ്ചക്ക് തയ്യാറല്ല എന്ന സന്ദേശമാണ് ഇപ്പോഴും ട്രംപ് നൽകുന്നത്. മതിലുയർത്തി മനുഷ്യത്വത്തെ പടിക്കുപുറത്ത് നിർത്തുന്ന ഈ മനോഭാവം ലോകത്തെ ഏതുവഴിക്കു നയിക്കും? ഇത്തരത്തിലുള്ള പ്രതിരോധങ്ങൾ പരാജയപ്പെട്ട ചരിത്രമാണ് കാലത്തിന്റെ കണക്കുപുസ്തകത്തിലുള്ളത്.അതേസമയം മാനവികതയുടെ രാജപാത നിർമ്മിച്ച് കൊടുത്താൽ അതിലൂടെ കടന്നു വരുന്നവർ ആ പാതനിർമ്മാണത്തിന്റെ മഹത്വത്തെയല്ല പലപ്പോഴും കാണുന്നത്.

ആ പാതവഴി കടന്നുവന്നപ്പോൾ തങ്ങൾക്കു ലഭിച്ചതിനെയൊക്കെ എങ്ങിനെ പരമാവധി ദുരുപയോഗം ചെയ്യാമെന്ന സ്വാർത്ഥതയെയാണ്. അവിടുത്തെ സമാധാനപൂർണ്ണമായ ജീവിതത്തിന്റെ ഇഴകളെ എങ്ങിനെ പൊട്ടിക്കാമെന്നാണ്. സ്വന്തം നാട്ടിൽനിന്നും എന്തുകൊണ്ടാണോ പലായനം ചെയ്തുവെന്നത്, അതെ സാഹചര്യത്തിന്റെ വിത്തുകൾ കുടിയേറുന്ന ഇടങ്ങളിലും വിതക്കുവാൻ ഇത്തരക്കാരിൽ ചിലർ തയ്യാറാകുന്നതാണ് ട്രംപിന്റെ മെക്സിക്കോ മതിൽ പോലെയുള്ളവ ഉയരാനുള്ള ഒരു പ്രധാന കാരണം.അത് കാണാതിരുന്നാൽ പ്രശ്നത്തെ വിലയിരുത്തുന്നതിൽ അപാകതയുണ്ടാകും.

ഇവിടെയൊക്കെ ശ്രദ്ധേയമായത് ഇത്തരം ഘട്ടങ്ങളിൽ വ്യക്തിക്ക് മുഖമില്ല, അയാൾ ഉൾക്കൊണ്ട സംഘത്തിന്റെ അസ്തിത്വം മാത്രമാണ് പരിഗണിക്കപ്പെടുന്നത്.അതുകൊണ്ടുതന്നെ ഒരുപാട് കദനകഥകൾ ആരാലും അറിയപ്പെടാതെ ഇതിനിടെയിലുണ്ടാകുന്നു. മനുഷ്യജീവന് ചിലപ്പോൾ ഈച്ചയുടെ വിലപോലും കിട്ടിയെന്നും വരില്ല. ജീവൻ എന്ന പ്രതിഭാസം വ്യക്തിപരമായ തലത്തിൽ മാത്രം അനുഭവിക്കുന്നതാകയാൽ അത്തരം ഘട്ടങ്ങളിലെ പല അനുഭവങ്ങളും അനുഭവിക്കുന്നവർക്ക്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയായി മാറുന്നു. മറ്റാർക്കും അത് പരിഗണനാർഹമായ ഒരു വിഷയം പോലുമാവുന്നുമില്ല. ഇതാണ് അമാനവികവും നിസ്സഹായത പകരുന്നതുമായ വൈരുധ്യം.

കൊറിയകൾക്കിടയിൽ ഉയർന്ന മതിൽ (സൈന്യവിമുക്ത മേഖല) ഇപ്പോഴും ഉടയാതെതന്നെ നിൽക്കുന്നെങ്കിലും ജനഹൃദയങ്ങൾ തമ്മിൽ ഉണ്ടായിരുന്ന വിടവ് ഇരു പ്രസിഡന്റുമാരും തമ്മിൽ കണ്ടുമുട്ടിയതോടെ അൽപ്പം കുറഞ്ഞു. ഇരുഭാഗത്തും പരസ്പ്പരം കണ്ടുമുട്ടാനാവാതെ വർഷങ്ങൾ കഴിയുന്ന ബന്ധങ്ങളുടെ നൊന്പരപ്പാടുകൾ നിരവധിയുണ്ടെങ്കിലും ഇവിടെയൊക്കെ വിഭജനമതിലുകളാൽ അകറ്റപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ രോദനങ്ങൾ പരിഗണിക്കപ്പെടാതെ പോകുന്നു. അത് ദയനീയവുമാണ്. അത് ഇന്ത്യയോ പാക്കിസ്ഥാനോ ആയാലും പശ്ചിമേഷ്യ ആയാലും മനുഷ്യവികാരങ്ങൾ ചവിട്ടിയരക്കപ്പെടുന്പോൾ ഉണ്ടാകുന്ന നൊന്പരത്തിന്റെ അനുഭവതലം ഒന്നുതന്നെയാണ്.

ഭൗതികതലത്തിലുള്ള മതിലുകളെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. എന്നാൽ മനസ്സുകളിൽ പണിയുന്ന മതിലുകൾ ഇതിലും അപകടകാരികളാണ്. അത് ഒരു രാജ്യത്തെത്തന്നെ അന്തച്ഛിദ്രമാക്കിക്കളയാൻ പര്യാപ്തമാണ്. അത്തരം മതിലുകൾ ഇല്ലാത്ത ഒരവസ്ഥ ശൈശവം മാത്രമാണ്. അതുതന്നെയാണ് സ്വർഗവും. ഇവിടെ പ്രശ്നം ഓരോ മനസ്സുകളിലും ഉയരുന്ന നിരവധി തലങ്ങളിലുള്ള വിഭാഗീയ മതിലുകളാണ്.പിന്നീട് വളർച്ചയുടെ ഘട്ടങ്ങളിൽ പുതിയ പുതിയ മതിലുകൾ ഉയർന്നുകൊണ്ടേയിരിക്കും. പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ മനസ്സിൽ നിരവധി മതിലുകളുടെ ഒരു നിരതന്നെ കെട്ടിപ്പടുക്കപ്പെട്ടിരിക്കും. ഇവയെല്ലാം ഇല്ലാതാക്കാൻ ദൈവത്തിനുപോലും സാധിക്കില്ല. ഭൗതികലോകത്ത് കെട്ടപ്പെടുന്ന മതിലുകൾ പരസ്യമായ വേർതിരിവിന്റെ പ്രതീകം തന്നെയാണ്. വീടുകൾക്ക് മതിലുകൾ പണിയുന്നത് വ്യക്തികളുടെ സ്വകാര്യ ഇടങ്ങൾ വ്യക്തമായി വേർതിരിച്ചറിയുവാൻ തന്നെയാണല്ലോ.

മനുഷ്യർക്കിടയിലുള്ള സ്വാർത്ഥമായ അതിർത്തികൾ ഇല്ലാതാവണമെന്നാണ് മാനവികവാദികൾ ശബ്ദമുയർത്തിയിട്ടുള്ളത്. അപ്പോൾ ഇക്കാലത്തു രാഷ്ട്രീയപ്പാർട്ടികൾ മനുഷ്യരെക്കൊണ്ടുതന്നെ മതിൽ കെട്ടിക്കുന്പോൾ അത് വിഭാഗീയത എന്ന മുള്ളിനെ മതിലെന്ന അതിന്റെതന്നെ പ്രതീകത്തെ െവച്ച് ഉച്ചാടനം ചെയ്യാനായി പരിശ്രമിക്കുന്പോൾ അതിന്റെ തലങ്ങൾ സമഗ്രമായി വിലയിരുത്തപ്പെടേണ്ടതാണ്. മതിലുകൾ ഉയർത്തി മൂല്യസൃഷ്ടിക്കു ശ്രമിക്കുന്നത് ചെകുത്താന്റെ രൂപം ഉയർത്തിക്കാട്ടി ദൈവവിശ്വാസമുണ്ടാക്കാൻ ശ്രമിക്കുന്നപോലെ അനാരോഗ്യകരമാണ് എന്ന സത്യം ഒരു വശത്തു നിൽക്കുന്പോഴും മനുഷ്യന്റെ ആശയപരമായ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായും അത് ചിലപ്പോൾ മാറുന്നു എന്നതാണ് അതിന്റെ മറ്റൊരു വശം. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ബൗദ്ധികമായി വിധേയപ്പെടാതെ ചിന്തിച്ചുവേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായരൂപീകരണം നടത്താൻ. മതിലുകൾ വിഭാഗീയതയുടേതാണ്, എന്നാൽ മനുഷ്യമതിലുകളേ സംബന്ധിച്ചിടത്തോളം അതിന്റെ ഒരുവശം വിഭാഗീയതയുടെയും മറുവശം ഐക്യപ്പെടലിന്റേതുമാണ് ഒരേ സമയം.

ഏതു വശത്തു നിന്നാണ് അതിനെ വീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വ്യാഖ്യാനവും ഉണ്ടാകുന്നത്.പക്ഷെ ഒന്നുണ്ട്, പ്രതീകാത്മകമായി ആരെന്തു കാട്ടിയാലും അതുകൊണ്ട് ഒരുകാര്യവും സാധ്യമാവില്ല. അത് താൽക്കാലികമായ ഒരു ഷോ മാത്രമാണ്. പ്രതീകാത്മകതയും പ്രായോഗികതയും തമ്മിൽ ഏറെ അന്തരമുണ്ട്. ഭക്ഷണത്തിന്റെ ചിത്രം കാട്ടിയാൽ വിശപ്പ് മാറില്ല. അതിന് അത് പാകം ചെയ്തു കഴിക്കുകതന്നെ വേണം.അതുകൊണ്ടു ജീവിതത്തെ യാഥാർഥ്യത്തിന്റെ വീഥികളിലൂടെ കാലിടറാതെ സുഗമമായി നയിക്കുന്നതിനുള്ള ദീർഘവീക്ഷണവും അതിന്റെ പ്രയോഗവത്ക്കരണവും തന്നെവേണം മുന്നോട്ടു നയിക്കുവാൻ. നാടകം വേദിയിൽ, ജീവിതം വീഥിയിൽ.

You might also like

Most Viewed