ശബരിമല ഇനി എന്ത്?


സുമാ സതീഷ് 

ജനങ്ങൾ, മുൻ കോടതിവിധികളോടുള്ള സർക്കാരിന്റെ സമീപനങ്ങൾ ചർച്ച ചെയ്യുന്നു. ഏതൊക്ക കോടതി വിധികൾ എങ്ങിനെ എല്ലാം നടപ്പാക്കി? ആചാരങ്ങൾ എങ്ങനെ ഒക്കെ ഹനിക്കപ്പെടുന്നു എന്നത് ഗൗരവമായി ചിന്തിക്കുന്നു. മതങ്ങളോടും മതനേതാക്കൻമാരോടും ക്ഷേത്രങ്ങളോടും പിന്നെ സാമൂഹ്യവിരുദ്ധരോടും സർക്കാരിന്റെ രീതി എങ്ങനെ എന്ന് ജനങ്ങൾ സംസാരവിഷയമാക്കുന്നു. നേതാക്കളുടെ വീട്ടുകാരും വലിച്ചിഴക്കപ്പടുന്നു.

ഭാര്യമാർ നേർച്ച നേരുന്ന പൂജകളുടെ പട്ടികകൾ, അവരുടെ മക്കളുടെ മാഹാത്മ്യങ്ങൾ വാഴ്ത്തപ്പെടുന്നു. ഇതിനൊക്കെ പുറമെ അവിശ്വാസികളുടെ പങ്കാളിത്തം ചോദ്യം ചെയ്യപ്പെടുന്നു.സർക്കാർ നിയമനങ്ങളിലെ ജാതി തിരിച്ചുള്ള പലതും അന്വേഷിക്കപ്പെടുന്നു.   മൗലികാവകാശമെന്ന പേരിൽ കാണിക്കുന്ന ‘സ്ത്രീ’ സ്നേഹം പാർട്ടിയിലെ ഗൗരിയമ്മ മുതൽ ശശി വരെയുള്ള ആഭ്യന്തര വിഷയങ്ങളിലേക്കു എത്തി നോക്കുന്നു. ശബരിമലയെ യുദ്ധക്കളമാക്കിയതാരൊക്കെയാണ്.?  ചില നേതാക്കൾ, മതം പറഞ്ഞു ഉദ്യോഗസ്ഥരെ വേർതിരിക്കുന്നത് എല്ലാവരേയും വേദനിപ്പിക്കുന്നുണ്ട്.

 പരസ്പരം ബഹുമാനിക്കുന്നവരാണ് ഭൂരിപക്ഷവും. കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ അനുവദിക്കരുതായിരുന്നു. ഇനിയും ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് ഗുരുതരമാകും. ഇപ്പോൾ നടക്കുന്നത് യുദ്ധസമാന അന്തരീക്ഷം. പേടിച്ചരണ്ട അയ്യപ്പഭക്തർക്ക്, കണ്ണടച്ചിരുന്ന് നാപജപം ചെയ്യാനാകാത്ത ചുറ്റുപാട്, ഇനിയും നിയന്ത്രിക്കാവില്ല. കലാപകാരികളും മുതലെടുക്കും. അവർക്കെതിരെ പോലീസ്‌ തിരിയുന്പോൾ നിരപരാധികളാവും ആദ്യം ശിക്ഷിക്കപ്പെടുക. ഇവിടെ സർക്കാരിന്റെ ആദ്യ പ്രഹരം ഏറ്റത് പാവം ആദിവാസികൾക്കായിരുന്നു. പ്രതിഷ്ഠാ സങ്കല്പങ്ങളെ കുറിച്ചുള്ള അജ്ഞത മന്ത്രിമാരുടെ നാവിൽ രാക്ഷസം വിളയാടുന്നു. ഇവിടെ വനിതാ പ്രവേശനത്തിനപ്പുറം ഗുരുതര വിഷയങ്ങളുണ്ട്. അശുദ്ധിയെന്നതാണ് തർക്കം എന്ന തലത്തിൽ സ്ത്രീകളെ പരിഹസിക്കരുത്. ഭക്തരേയും ഭക്തനേയും മാനിക്കണം.
ആദിവാസികളുടെ അവകാശങ്ങൾ 1950 വരെ ഉണ്ടായിരുന്നെന്നു പറയപ്പെടുന്നു. ആരു നിർത്തലാക്കി, അന്വേഷിക്കപ്പടണം. കോടികണക്കിനു ഭക്തർ മാനിക്കുന്ന അയ്യപ്പൻ്റെ പിതൃ കുടുംബത്തെ അപമാനിക്കുന്നത് സാധാരണക്കാർക്ക് സഹിക്കാനാകില്ല.
 നിരീശ്വരവാദികൾ ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുക.  ഹിന്ദു ആചാരങ്ങളിൽ സ്ത്രീകൾകുള്ള സ്ഥാനം ചെറുതല്ല. ശബരിമല വിഷയം വരുത്തി വെച്ച ഐക്യം ഇനി പ്രതികരിക്കുക മറ്റു മതങ്ങൾക്കപ്പുറമാകും. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നുച്ഛരിക്കാൻ പോലും ആവാതെപോകും. ദൈവങ്ങളെ വികൃതമാക്കുന്നവർ ‘മീശ’ വടിച്ചു നടക്കേണ്ടി വരും. എത്രേം പെട്ടെന്ന് പരിഹാരം കാണുന്നോ അത്രേ കാലം നിലനിൽക്കാം.
കൃഷ്ണ−, ദുർഗ്ഗ−, സരസ്വതി, −യോഗക്കു പിന്നാലെ ഇതു കൂടി ചേർക്കൂ. കലാപം ഒഴിവാകട്ടെ. ആചാരങ്ങൾ സൃഷ്ടിക്കപ്പെട്ടതിൽ ഒരുപാട് അർത്ഥതലങ്ങൾ ഉണ്ടാകാം. അത് അനാചാരമായിടത്താണ് ഗുരുവന്ദ്യൻമാർ ഇടപെട്ടിരുന്നത്.ഓരോ വിഭാഗത്തിനും ഓരോ രീതിയിലാണ് ആചാരങ്ങൾ. ദൈവമില്ല ആത്മാവില്ല എന്ന് പറയുന്ന ഇടതുപക്ഷക്കാരും ചില ആചാരങ്ങൾ കൊണ്ടുനടക്കുന്നുണ്ട്. രക്തസാക്ഷികൾ ഉണ്ടാകുമ്പോൾ  സ്മൃതി മണ്ധപം ഉണ്ടാക്കി അതിൽ രക്തപുഷ്പം അർപ്പിച്ചു അഭിവാദ്യം അർപ്പിക്കാറുണ്ട്. അവരുടെ സ്മൃതിമണ്ഡപത്തിൽ ദുഷ്ടലാക്കോടെ ആരെങ്കിലും “അനാവശ്യ വസ്തുക്കൾ” കൊണ്ടിട്ടാൽ, അവരുടെ മനസ്സ് വേദനിക്കുമോ?? എന്തിനു വേദനിക്കണം?? അതൊരു ജീവൻ നഷ്ടപ്പെട്ട വെറുമൊരു ശരീരമല്ലേ !! ‘ശവം’ എന്നു ചിന്തിക്കുമോ.. ?   ഇവിടെ രക്ത പുഷ്പാർച്ചന നടത്തുന്ന അതേ വികാരമാണ് അല്ലെങ്കിൽ അതിനപ്പുറമാണ് ഒരു ഭക്തൻ്റെ മാനസികനില എന്നതിന്റെ തെളിവല്ലേ ജന പങ്കാളിത്തം കാണിക്കുന്നത് .
ഭൂരിപക്ഷം മാനിച്ച് തല കുനിക്കുക. വ്രതാനുഷ്ഠാനം എന്ന മഹത്തായ അനുഷ്ടാനത്തിലൂടെ അയ്യപ്പൻമാരുടെ മനസ്സിനൊപ്പം ശരീരവും ശുദ്ധമാക്കപ്പടുന്നുണ്ട്. പക്ഷെ ശബരിമല ഇത്തരം സമരഭൂമി ആക്കപ്പെടുമ്പോൾ  കറുപ്പില്ല, ഇരുമുടി കെട്ടില്ല, ശരണം വിളിക്കപ്പുറം സമരമാകുന്നതോടെ പവിത്രതയാണ് നഷ്ടപ്പെടുന്നത്.
 കോടതി ഇടപെടൽ ഇല്ലാതാകാൻ വെപ്രാളപ്പടുന്ന ഭക്തർക്ക്, അറിഞ്ഞോ അല്ലാതെയോ തെറ്റുകൾ സംഭവിക്കാം. നവകേരള നിർമ്മാണം തുടങ്ങി ഒട്ടേറെ ഗുരുതരപ്രശ്ന പരിഹാരത്തിനു വഴി തേടേണ്ട കേരളത്തിൽ എല്ലാ ശ്രദ്ധയും ശബരിമലയിലേക്ക് തിരിഞ്ഞു എന്നതും ലോകജനങ്ങളുടെ മുന്നിൽ കേരള സ്ത്രീ  പരിഹാസപാത്രമായി പോയിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും ഗവൺമെൻ്റിനു മാത്രമല്ല മറ്റു സംഘടനകൾക്കും കൂടി ഉണ്ട്.
ഇത്തരം അഭൂതപൂർവ്വമായ ഒരു പിന്തുണ ഭക്തന്മാർക്ക് കിട്ടിയതിലും ഗവൺമെൻ്റ് പകച്ചുപോയി എന്നു പറയാതെ വയ്യ.   ഭക്തരുടെ ഭക്തി ഭ്രാന്തായി പോകുന്നു എങ്കിൽ അത് വെറും ഭ്രാന്തല്ല !! അതെങ്ങനെ ഭ്രാന്തായി കണക്കാക്കും.? പക്ഷെ പലരും നിലവിട്ടു പെരുമാറുന്നോ? വിശ്വാസിയുടെ കഴുത്തിന് കത്തിവയ്ക്കുന്ന കോടതിവിധിയെ കണ്ടില്ലെന്ന് നടിച്ചാൽ, ഭക്തർക്ക് ക്ഷേത്രങ്ങൾ വെറും ടൂറിസ്റ്റ് കേന്ദ്രങ്ങളായി അധ:പതിക്കുന്നത് നോക്കി ഇരിക്കാനൊക്കുമോ.? 
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വലിയൊരു സംസ്കൃതിയുടെ കേദാര ഭൂമിയാണ് ഭാരതം. ഭാരതീയ ദർശനങ്ങളുടെ പാരന്പര്യവും വൈവിധ്യവും തന്നെയാണ് ലോകത്ത് ഇന്ത്യൻ ജനതക്കു കിട്ടുന്ന സ്വീകാര്യതയും. എത്രയോ മഹാന്മാരുടെ ഈറ്റില്ലമാണ് ഭാരതം. ലോകരാഷ്ട്രങ്ങളുടെ വഴികാട്ടിയും, നന്മയുടെ പ്രതീകവുമാണ് ഭാരതീയ ദർശനങ്ങൾ. വിദേശീയരുടെ കൈകടത്തലും ഭിന്നിപ്പിക്കലും നമ്മുടെ സംസ്കൃതിയെ വളരെയധികം അമർച്ച ചെയ്തിട്ടുണ്ട്. വർണിക്കാൻ കഴിയാത്തത്ര മഹാത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ രാജ്യം ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നമുക്കുണ്ട്.
എന്നാൽ മതങ്ങളുടെ വേലി കെട്ടില്ലാതെ ഐക്യപ്പെട്ടു പോകുന്ന വിദേശിയരടക്കം നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന സാക്ഷാൽ അയ്യപ്പനെ തൊട്ടു കളിക്കുമ്പോൾ , ജനപ്രതിനിധികളും ഗവൺമെൻ്റും വളരെ ഗഹനമായി പഠിക്കേണ്ടിയിരുന്നു. പന്ത്രണ്ടുവർഷമായി കേസ് നടക്കുന്നു എന്ന് പറയുന്നു. എന്നിട്ടുപോലും ഒരു വിധി പ്രഖ്യാപനം വന്നപ്പോൾ പലരുടേയും നിലപാട് ഓന്തിനെ അനുസ്മരിപ്പിച്ചു.
 ജനനേതാക്കൾ പ്രതികരിച്ച രീതി കണ്ടാൽ അറിയാം പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നു. സർക്കാരിന് തങ്ങളുടെ അനുയായികളുടെ പോലും മനസ് അറിയാൻ പറ്റിയില്ല. മറ്റുള്ള പലർക്കും ശബരിമല രാഷ്ട്രീയ മുതലെടുപ്പിന് വേദിയാക്കാൻ അവസരമായി.
 ട്രെയിനുകളിൽ സ്ത്രീകൾക്ക് പ്രത്യേക കമ്പാർട്ട്മെന്റ്  ഒരുക്കുന്നു.  ബസിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റുകൾ ഒരുക്കിവെയ്ക്കുന്നു. ശൗചാലയം ആയാലും രണ്ട് വിഭാഗങ്ങൾക്ക് വേറെ വേറെ എന്നത് നിർബന്ധമുള്ള ഒരു കാര്യമാണ്. ഇത് നിയമമാണ്. എന്നാൽ ചിലർ ഇതൊക്കെ സ്ത്രീ വിവേചനം എന്നു വാദിച്ചു തുടങ്ങിയാൽ .....?
സർക്കാരും ശബരിമല യുവതി പ്രവേശനം വലിയൊരു നവോത്ഥാന പ്രശ്നമായി എടുക്കുന്നത് എന്തിനാണ്...? അടിസ്ഥാനപരമായ ആവശ്യങ്ങൾ ആദ്യം നടത്തൂ. നടപ്പിലാക്കാൻ ബാക്കി വെച്ച മുൻ വിധികൾ നടപ്പിലാക്കി തുടങ്ങൂ. ഇതിനൊരു സാവകാശം എടുക്കൂ. അയ്യപ്പൻ ഭക്തരുടെ അവകാശമാണ്. ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന ഭീകരത അറിയാതെ പോകുന്നത് ഖേദകരം തന്നെ. മറ്റു മതസ്ഥരിലും ഓരോ വിഭാഗം സ്വാതന്ത്ര്യത്തിന്റെ കണക്കുപുസ്തകം തുറന്നുവെച്ചാൽ ഇനിയും ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ വളരെ വലുതായിരിക്കും.
നവോത്ഥാനത്തിൽ ഒന്നും ഇത് നിൽക്കില്ല. കാരണം പരിഷ്ക്കാരം കൂടിയപ്പോൾ എന്തിന്റെയൊക്കെയോ പേരിലാണെങ്കിലും നമ്മുടെ കാടുകളും മലകളും കുന്നുകളും കാവുകളും കുളങ്ങളും പുഴയും കായലും കടലും വയലും കണ്ടൽകാടും നഷ്ടമാകുന്നത് നാം അറിയുന്നില്ലേ...?   യുക്തിയുടെ പേരും പറഞ്ഞു ഭക്തർക്ക് നിരക്കാത്തത് അടിച്ചേൽപ്പിക്കരുത്. ശബരിമല നേരിടുന്ന പാരിസ്ഥിതിക പ്രശ്നം ആലോചിച്ചാൽ തന്നെ ഇനിയും അവിടം മറ്റു വിഭാഗങ്ങൾ കൂടി പ്രവേശനം നൽകുന്നതിലൂടെ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാവും ചെയ്യുക. 
ഇനി എല്ലാവർക്കും പോകാമെന്ന് വരുമ്പോൾ  കുടുംബസമേതം ഇറങ്ങിയാൽ ഉണ്ടാകുന്ന ജനബാഹുല്യം താങ്ങാനാവുമോ..? എന്തു മുൻകരുതലാണ് അവിടെ സ്വീകരിച്ചിട്ടുള്ളത്..?   നൈഷ്ടിക ബ്രഹ്മചര്യം എന്നതിന് പരിഹസിച്ച് അത് ഇല്ലായ്മ ചെയ്യണം, അവിടെ പോയാൽ എന്ത് സംഭവിക്കും എന്ന് വാശി പുറത്തു പോകുന്ന സ്ത്രീകളെ കയറ്റരുതെന്ന് ഭക്തർ അവകാശപ്പെടുന്നു. കഠിനവ്രതം നോറ്റു പോകുന്ന അയ്യപ്പ ഭക്തനെ കുറിച്ചുള്ള പ്രാർത്ഥനമാത്രം മതി ഭക്തരായ വനിതകൾക്ക്. ഉപവാസം എന്ന മഹത്തായ സംവിധാനം നമ്മുടെ എല്ലാ മതങ്ങളിലും കാണുന്നു.
മുസ്ലിം രാഷ്ട്രങ്ങളിൽ അധികാരികൾ അവർക്കുവേണ്ടി എന്തെല്ലാം സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. കേരളത്തിലും അവരുടെ നോന്പു കാലത്തും പള്ളി പ്രാർത്ഥനയ്ക്കും ഗവൺമെൻ്റ് സംവിധാനങ്ങൾ പോലും നിയമാനുസൃതമാക്കുന്നുണ്ട്. വിദേശങ്ങളിൽ വസിക്കുന്ന എല്ലാ ജനങ്ങളും അവിടുത്തെ ഭക്തരെ മാനിച്ച് പൂർണമായി സഹകരിക്കുന്നുണ്ട്. അറിയാതെപോലും നിയമം ലംഘിക്കപ്പെട്ടാൽ ഇവിടം ശിക്ഷ കർശനമാണ്.  മക്കയിലും മദീനയിലും റോമിലും പോകുന്നു ഭക്തരുടെ അതേ ഭക്തി വികാരമാണ് അയ്യപ്പനും. ഇവിടെ ജാതി മത ദേശ വ്യത്യാസമില്ല എന്ന പ്രത്യേകതയും യൂണിഫോമിറ്റി കൂടി ഉണ്ടെന്നുള്ളതും അതീവ പ്രാധാന്യമർഹിക്കുന്നു.
ആചാരങ്ങളും ചിട്ടകളും ഒരു പക്ഷെ പാലിക്കാത്ത ചില ഭക്തരും ഉണ്ടാകാം. എന്ന് കരുതി വലിയൊരു ആരാധനാലയത്തെ ഇല്ലാതാക്കുന്നത് വലിയ അനീതിയാണ്. നാളെ പുതിയ പല ആവശ്യങ്ങളും കോടതി വഴി ആവാമെന്നായാൽ നമ്മുടെ സംസ്കൃതി തന്നെ ഇല്ലാതാവില്ലേ? അതുകൊണ്ട് സർക്കാർ ശബരിമലക്കൊപ്പം ആദിവാസികളേയും സംരക്ഷിക്കണം.ഇതിനുപിന്നിൽ വാളോങ്ങുന്നത് ചന്ദ്രനോ സൂര്യനോ അതോ നക്ഷത്രമോ ? ആർക്കാവും പിഴച്ചത്? ആരാവും കൊയ്യുക...  

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed