അവശേഷിപ്പിക്കേണ്ടതെന്ത്?


അമ്പിളിക്കല - അന്പിളിക്കുട്ടൻ

നാം ജീവിക്കുന്ന കാലഘട്ടത്തിലേക്ക് നോക്കുന്പോൾ മിക്കപ്പോഴും അപക്വമായ ചിന്തയുടെയും, അസ്വീകാര്യമായ തീരുമാനങ്ങളുടെയും അരോചകമായ പ്രവൃത്തികളുടെയും ശൃംഘലകളാണ് മുന്നിൽക്കാണുന്നതു. അത് ദോഷൈക ദൃക്കായതുകൊണ്ടല്ല. സമകാലിക യാഥാർഥ്യങ്ങൾ അതായതുകൊണ്ടു തന്നെയാണ്. തിരുത്തലുകൾ വരുത്തേണ്ടവർ കൂടുതൽ രൂക്ഷമായ തിന്മകളുടെ വക്താക്കളാവുന്പോൾ എല്ലാം പരിഹാസ്യമായ ഒരാന്തരീക്ഷത്തിന്റെ സൃഷ്ടിയിലേക്കു മാത്രം സ്വാഭാവികമായും വഴിതെളിക്കപെടുന്നു. ആർക്കും ഒന്നിലും വിശ്വാസമില്ലാതാകുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. അത് ആപത്താണ്. ഓരോരുത്തരും അവനവൻ ഇടപെടേണ്ട ഇടങ്ങൾ ഏതൊക്കെയെന്നു തിരിച്ചറിയുന്ന, സ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ തിരിച്ചറിയപ്പെടുന്ന സാഹചര്യം ഇല്ലെങ്കിൽ മനുഷ്യൻ അവൻ നേടിയ സംസ്ക്കാരത്തിന്റെ ചരിത്രവീഥികളിലൂടെ ഒരു പിൻനടപ്പ് ആണ് നടത്തുന്നതെന്ന് അംഗീകരിക്കേണ്ടി വരും.

സാഹചര്യങ്ങളെ പഴിച്ചുകൊണ്ട് മാത്രം മുന്നോട്ടുപോയാൽ ഒരു പുരോഗതിയും പ്രതീക്ഷിക്കാനാവാത്ത നിലയിലെത്തും. നമുക്ക് ശേഷമുള്ള തലമുറക്കായി നമുക്കെന്ത് അവശേഷിപ്പിച്ചിട്ട് പോകാൻ സാധിക്കും എന്ന് ഓരോ വ്യക്തിയും സമൂഹവും കൂട്ടായി ചിന്തിക്കേണ്ടതാണ്. എല്ലാവരും അനന്തര തലമുറക്കായി സ്വത്തു കരുതുന്നു. എന്നാൽ ആ സ്വത്തു ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു ലോകം അവശേഷിപ്പിച്ചിട്ടു പോകാൻ ആരും ശ്രദ്ധിക്കുന്നില്ല. ആ സ്വത്തു സ്വരൂപിക്കാനാണ് അവരീ ഭൂമിയെ, ഈ സമൂഹത്തെ ഇത്ര ദുഷിപ്പിക്കുന്നത് എന്നതാണ് ഇതിലെ വൈരുധ്യം. ഇത് മഠയത്തരമല്ലേ? നാം ചെയ്യുന്നതിന്റെ അന്തസ്സാരമില്ലായ്മ ആരുടെയും ചിന്തക്ക് വളമാകുന്നില്ല. മനുഷ്യൻ അവന്റെ ചിന്താശേഷിയും ബുദ്ധിശക്തിയും മരീചിക പോലെ ഏതോ ഒരു ലക്ഷ്യത്തിന്റെ മുന്നിൽ പണയം വച്ചിരിക്കുന്നു.

അതുകൊണ്ടു സ്വന്തം ബുദ്ധിശക്തിയെ ആർക്കും ഒന്നിനും പണയം വെക്കാതെ അതിന്റെ അതീത ചക്രവാളങ്ങളിലൂടെ ചിറകുവീശിപ്പറന്ന് മനുഷ്യൻ എന്ന അവസ്ഥയെത്തന്നെ ഉദാത്തവൽക്കരിച്ച ചില ദീപ്ത ജീവിതങ്ങളേപ്പറ്റിയുള്ള ഓർമ്മകൾ ഇരുട്ട് നിറഞ്ഞ ലോകത്ത് വെളിച്ചത്തിന്റെ ഒരു മിന്നാട്ടം പകരുന്നു. മനുഷ്യൻ അവനു ഉൾച്ചേർക്കപ്പെട്ടിട്ടുള്ള ബുദ്ധിപരമായ ക്ഷമതയുടെ വളരെ ചെറിയൊരു അംശം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നത് തിരിച്ചറിയപ്പട്ട ഒരു വസ്തുതയാണ്. ജനനം മുതൽ മനുഷ്യൻ കടന്നുപോകുന്ന ജീവിതസാഹചര്യങ്ങൾ ബുദ്ധിപരമായ ക്ഷമതക്കുമേൽ മൂടുപടം ചാർത്തുന്നു. പിന്നീടതിന്റെ യഥാർഥ രൂപം ഒരിക്കലും ദൃശ്യമാവുന്നില്ല. എന്നാലീ മൂടുപടത്തിന്റെ മറ ഭേദിച്ച് പുറത്തുവന്ന ചില അത്ഭുത ബുദ്ധിശേഷികൾ ഈ ലോകത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. അതിൽ ഏറ്റവുമാദ്യം ഓർമയിൽ വരുന്നത് മഹാപ്രതിഭാശാലിയായ ആൽബർട് ഐൻെസ്റ്റയ്ൻ തന്നെയാണ്.

ഭാരതചരിത്രത്തിൽ വളരെ അതീതമായ ബുദ്ധിയാൽ തിളങ്ങിയ മുനിമാരും മഹർഷിമാരുമുണ്ടായിരുന്നു.അവരുടെയൊക്കെ സംഭാവനകളെപ്പറ്റി വെളിച്ചം വീശുന്ന താളിയോല ഗ്രന്ഥങ്ങൾ ലോകത്തു പലയിടങ്ങളിലുമായി ചിതറിക്കിടപ്പുണ്ട്. മനുഷ്യബുദ്ധിയുടെ സാധ്യതകൾക്കുമപ്പുറം കടന്നു ചെന്ന് നിരീക്ഷണങ്ങൾ ചെയ്യാനുള്ള ആ ബുദ്ധിപരത അവരൊക്കെ ഉള്ളിൽ നിന്നുതന്നെ ബൗദ്ധികമായി സാക്ഷാത്ക്കരിച്ചതാണ്. അത്തരം മഹത്വങ്ങളെപ്പറ്റി ഞാൻ ഇതേ കോളത്തിൽത്തന്നെ മുൻപ് പരാമർശിച്ചതുമാണ്. ചില ജന്മങ്ങൾക്ക് മാത്രമേ അത് പൂർണ തോതിൽ കണ്ടെത്താൻ സാധിക്കൂ.എല്ലാവരിലും അതുണ്ടെങ്കിലും കുടത്തിലെ വിളക്കുപോലെ അതിന്റെ ദീപ്തി ഉള്ളിൽ വഹിക്കുന്നവർ പോലും തിരിച്ചറിയാതെ പോകുന്നു. ചിലർ കഠിനാദ്ധ്വാനം കൊണ്ടും ഏകാഗ്രതയോട് കൂടിയ തപസ്സുകൊണ്ടും അതിനെ ഏറിയും കുറഞ്ഞും സാക്ഷാത്ക്കരിക്കാറുണ്ട്. ചില അപൂർവ വ്യക്തികൾ ഒരു ദർശനത്തിലൂടെ തങ്ങളിൽത്തന്നെ ആ ശക്തിയുടെ സാന്നിധ്യം കണ്ടെത്തി അതിനെ ഉണർത്താറുണ്ട്. അതിനെ ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ച് ബുദ്ധിപരമോ കായികമോ ആയി വികസിപ്പിച്ചെടുക്കാൻ കഴിയും.എന്നാൽ ജന്മസിദ്ധമായി ആ ദർശനമുള്ളവർ ലോകത്തിന്റെ വെളിച്ചമായി മാറുന്നു. അവരുടെ കഴിവുകൾ സാധാരണ അളവുകോലുകൾക്കൊന്നും വഴങ്ങുന്നതല്ല. നമ്മുടെ മുന്നിലുള്ള ഐൻെസ്റ്റയ്ൻ ഇക്കാര്യത്തിൽ ഒരു മഹാത്ഭുതമാണ്. നമ്മുക്ക് വ്യക്തമായ രേഖകളുള്ള കാലഘട്ടത്തിൽ ജീവിച്ച ഒരു മഹാത്മാവ് എന്ന നിലക്കാണ് അദ്ദേഹത്തെ ഇവിടെ പരാമർശിക്കുന്നത്.കാലം, സ്പേസ്, ദ്രവ്യം ഊർജ്ജം എന്നിവയെയൊക്കെ ഒരു സമഗ്രതയിൽ ഒന്നിന്റെ തന്നെ വ്യത്യസ്ത അവസ്ഥകളായി തിരിച്ചറിയാൻ സാധിക്കുന്ന ദർശനശക്തിയെ എങ്ങിനെ നമ്മുടെ അളവുകോലുകൾ കൊണ്ട് മനസ്സിലാക്കുവാൻ സാധിക്കും? അവരുടെ ചിന്തകൾ മുന്നേറുന്ന വഴികൾ അവർക്കു മാത്രം മനസ്സിലാക്കാവുന്നതാണ്. അതി സങ്കീർണമായ ഗണിതശാസ്ത്ര സമസ്യകൾ ചിലർ വളരെ അനായാസമായി, ചിലപ്പോൾ കംപ്യൂട്ടറിനേക്കാൾ വേഗത്തിൽ കണ്ടെത്തും. അത് മേൽപ്പറഞ്ഞ ജീവൽശക്തിയുടെ ഒരു ബഹിർപ്രകാശനമാണ്.

അങ്ങിനെ നമ്മുടെ ലോകം അവനവനു ജന്മസിദ്ധമായ ബുദ്ധിശക്തിയെ സ്വയമറിയാത്തവരും, ജന്മനാ അറിയുന്നവരും, കർമം കൊണ്ട് അറിയുന്നവരും തെറ്റായി അറിയുന്നവരും ഉപയോഗിക്കുന്നവരും എല്ലാം ചേർന്നുള്ള ഒരു സങ്കലനമാണ്. ഇതിൽ ജന്മം കൊണ്ടും കർമം കൊണ്ടും ആ ചൈതന്യത്തെ സാക്ഷാത്കരിച്ചവർ ഈ ഭൂമിക്കു മുകളിലൂടെ മജ്ജയും മാംസവുമേന്തി നടന്നതുകൊണ്ടു മാത്രമാണ് സർവംസഹയായ ഈ ഭൂമിയിൽ ഇന്നും ജീവിതത്തിന് മൂല്യമുള്ളത്.അല്ലെങ്കിലിത് കാട്ടാളരുടെ മാത്രം പറുദീസയാകുമായിരുന്നു. ശരീരജീവികൾ അരങ്ങുതകർക്കുന്ന ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ നമ്മൾ അനന്തര തലമുറക്കായി അവശേഷിപ്പിക്കുന്നത് കാട്ടാളരുടെ ലോകമാകും എന്ന് ഇപ്പോൾ നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

You might also like

Most Viewed