യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 50000 ദിര്‍ഹം വരെ പിഴ


അബുദാബി :രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 50000 ദിര്‍ഹം വരെ പിഴ ചുമത്തും. 50 ഡിഗ്രി സെലക്ഷ്യസ് വരെ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയം നിയമം പ്രഖ്യാപിച്ചത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ നിലനില്‍ക്കുന്ന നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 50000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നുമാസകാലത്തോളം രാജ്യത്ത് താപനില ഉയരുന്നതോടെ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് തുടര്‍ച്ചയായ 18ാം വര്‍ഷവും മന്ത്രാലയം നിയമം നടപ്പാക്കുന്നത്. ചൂട് മൂലമുള്ള ക്ഷീണവും ഹീറ്റ് സ്‌ട്രോക്ക് കേസുകള്‍ കുറയ്ക്കുന്നതിന് ഈ ഇടവേള കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ വിശ്രമം എടുക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം.

ഈ നിയന്ത്രണം പാലിക്കാത്തതായി ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് 600590000 എന്ന നമ്പറില്‍ അറിയിക്കാനാകും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഈ നമ്പറിലൂടെ മന്ത്രാലയത്തില്‍ വിവരം അറിയിക്കാം. മന്ത്രാലയത്തിന്റെ ആപ്പ് വഴിയും നിയമ ലംഘനം അധികൃതരെ അറിയിക്കാന്‍ സാധിക്കും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed