അമേരിക്കൻ-ഇസ്രായേൽ ആക്രമണം; ഇറാന്റെ വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) വക്താവും പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഓഫീസറുമായ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ വഴിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
മിസൈൽ നിർമ്മാണ ശേഷി ഇറാൻ നഷ്‌ടപ്പെടുത്തിയെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി മിനിറ്റുകൾക്കകമാണ് നൈനിയുടെ മരണം സംഭവിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായാലും ഇറാന്റെ മിസൈൽ ഉത്പാദനം തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം അവസാനമായി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇറാന് ഇനി മിസൈലുകൾ നിർമ്മിക്കാനുള്ള ശേഷിയില്ലെന്ന നെതന്യാഹുവിന്റെ വാദത്തെ ശക്തമായി തള്ളിക്കളഞ്ഞതിന് പിന്നാലെ ഉണ്ടായ ഈ ആക്രമണം മേഖലയിൽ വലിയ നയതന്ത്ര-സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ നേതാവിന്റെ മരണം ഇറാൻ സൈനിക വിഭാഗത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
asdasdadsasd



