കുളിമുറിയിൽ ഒളികാമറ വച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ

കുളിമുറിയിൽ ഒളികാമറ വച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ. കൊടുന്പ് അന്പലപറന്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ കാമറ വച്ചതിന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കാമറയും പരാതിക്കൊപ്പം നൽകി.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.