ചൊവ്വയിൽ പൊടിക്കാറ്റ് ; ദൃശ്യങ്ങൾ പകർത്തി യുഎഇ ഉപഗ്രഹം

ചൊവ്വയുടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ സുപ്രധാന ദൃശ്യം യുഎഇ ഉപഗ്രഹം പകർത്തി. ശക്തമായ പൊടിക്കാറ്റിനു സമാനമായ ദൃശ്യമാണ് ലഭ്യമായത്. പ്രതലം മുതൽ അന്തരീക്ഷം വരെ നിറഞ്ഞ പൊടിപടലങ്ങളിലെ വിവിധ പാളികൾ പഠനവിധേയമാക്കി ഈർപ്പകണങ്ങളും മറ്റും കണ്ടെത്താനാണു ശാസ്ത്രസംഘത്തിന്റെ ശ്രമം. നൂറുകണക്കിനു കിലോമീറ്റർ വ്യാപ്തിയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതും വ്യാപിക്കുന്നതും ഡിസംബറിൽ കണ്ടെത്തിയിരുന്നു. ചൊവ്വയുടെ അപൂർവ രാത്രികാല പ്രഭാവലയവും പകർത്തി. സോളർ റേഡിയേഷൻ, കാന്തിക തരംഗം, അന്തരീക്ഷം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇതു സഹായിച്ചു. യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തിൽ പ്രവേശിച്ചശേഷം 1.3 ലക്ഷത്തിലേറെ ചിത്രങ്ങൾ പകർത്തി. ചൊവ്വയിലെ അന്തരീക്ഷ ഊഷ്മാവ്, പൊടിയുടെയും ഈർപ്പത്തിന്റെയും അളവ്, മണ്ണിന്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളും ശേഖരിച്ചു. 2025 വരെ പേടകത്തിന്റെ സേവനം ലഭ്യമാകുമെന്നാണു പ്രതീക്ഷ.