അബൂദബിയിൽ കാൽനടയാത്രക്കാരുടെയും ഇ-സ്കൂട്ടർ യാത്രികരുടെയും നിയമലംഘനത്തിന് 400 ദിർഹം പിഴ
ശാരിക
അബൂദബി: റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാരും ഇ-സ്കൂട്ടർ യാത്രികരും കാട്ടുന്ന അശ്രദ്ധ വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായി അബൂദബി പൊലീസും ഡ്രൈവർമാരും മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റോഡ് മുറിച്ചുകടക്കുക, അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിക്കുക, പെഡസ്ട്രിയൻ ക്രോസിംഗിലൂടെ ഇ-സ്കൂട്ടറുകൾ അമിതവേഗതയിൽ ഓടിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ ഓർമിപ്പിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം അപകടകരമായ പെരുമാറ്റങ്ങൾ കാരണം പെട്ടെന്ന് വാഹനം നിർത്തേണ്ടിവരുന്നതും, ഇത് തുടർന്നുണ്ടാകുന്ന വാഹന കൂട്ടിയിടികൾക്കും ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നതായും ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു. റോഡിലൂടെ നടക്കുമ്പോൾ ഫോൺ സ്ക്രീനിലേക്ക് നോക്കുന്നതും ഹെഡ്ഫോൺ ധരിച്ച് വാഹനങ്ങളുടെ ശബ്ദം ശ്രദ്ധിക്കാതെ പോകുന്നതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. പെഡസ്ട്രിയൻ ക്രോസിങ്ങുകൾ മുറിച്ചുകടക്കുമ്പോൾ ഇ-സ്കൂട്ടറിൽ നിന്ന് ഇറങ്ങി കൈയിൽ പിടിച്ച് നടന്നു പോകണമെന്നാണ് സുരക്ഷാ നിയമമെങ്കിലും ഭൂരിഭാഗം ആളുകളും ഇത് പാലിക്കാറില്ല. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ അബൂദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം പുറത്തുവിട്ടിട്ടുമുണ്ട്.
ഇതിനുപുറമെ, കാൽനടയാത്രക്കാർക്കായി നീക്കിവെച്ച വഴികളിലൂടെയോ മറ്റ് അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെയോ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ഈടാക്കുമെന്ന് നഗര - ഗതാഗത വകുപ്പും (ഡി.എം.ടി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി സൈക്കിൾ പാതകളും കാൽനടപ്പാതകളും വേർതിരിച്ചുതന്നെ ഉപയോഗിക്കണമെന്നും, നിശ്ചിത ട്രാക്കുകളിലൂടെ മാത്രം ഇത്തരം യാത്രാ ഉപാധികൾ ഓടിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
dasd

