ഇനി മരുഭൂമിയിലും മത്സ്യ കൃഷി നടത്താം
ഇനി മരുഭൂമിയിലും മത്സ്യ കൃഷി നടത്തി ലാഭം നേടാമെന്ന് വിദഗ്ദർ. ദുബായ് എക്സ്പോയിൽ സംഘടിപ്പിച്ച ഉച്ചക്കോടിയിൽ പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്ക് ഇടയിലാണ് മരുഭൂമിയിൽ ആഴത്തിൽ വലിയ കുളങ്ങൾ നിർമ്മിച്ച് മീൻ വളർത്താമെന്ന ആശയത്തെ കുറിച്ച് സംസാരിച്ചത്. കുളങ്ങളിലെ ചൂട് ക്രമീകരിക്കാൻ സോളർ സംവിധാനമൊരുക്കി ഊർജത്തിനുവേണ്ട ചെലവ് കുറയ്ക്കാനും മത്സ്യസമ്പത്ത് വർധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ സംരംഭങ്ങളെക്കുറിച്ച് എക്സ്പോ വേദിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ ഇതിന് വൻ സ്വീകാര്യത ലഭിച്ചു.
'ഭൂഗർഭ പദ്ധതിക്ക്' കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്ന് ഹെരിയറ്റ് വാട്ട് സർവകലാശാലയിലെ ഫിഷറീസ് കൺസർവേഷൻ ശാസ്ത്രജ്ഞൻ പ്രഫ. മിഷേൽ കൈസർ പറഞ്ഞു. കടലിലും ഇതര ജലാശയങ്ങളിലും കൂടുകളിലും മറ്റും മത്സ്യം വളർത്തുന്നതിലും ലാഭകരമാണിത്. സാൽമൺ ഉൾപ്പെടെ എല്ലായിനങ്ങളെയും വളർത്താനും കയറ്റുമതിയിലൂടെ സാമ്പത്തിക വളർച്ച നേടാനും സഹായകമാകും. ഇതു സംബന്ധിച്ച കൂടുതൽ ചർച്ചകൾക്ക് 17ന് എക്സ്പോ യുകെ പവിലിയനിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടി വേദിയാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. മത്സ്യ-മാംസ മേഖലയിലും കാർഷിക രംഗത്തും സ്വയംപര്യപ്ത നേടി ഇറക്കുമതി കുറയ്ക്കുകയാണ് യുഎഇയുടെ പദ്ധതി. കടലിൽ കൃത്രിമ പവിഴപ്പുറ്റുകളും പാരുകളും സ്ഥാപിച്ചു മത്സ്യങ്ങൾക്കു സുരക്ഷിത ആവാസ വ്യവസ്ഥയൊരുക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.


