പ്ലാസ്റ്റിക് ബാഗുകൾക്ക് ഇനി പിഴ ഈടാക്കും
ദുബായിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ ഒന്നു മുതൽ 25 ഫിൽസ് പിഴ ഈടാക്കാൻ ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, ഫാർമസികൾ തുടങ്ങിയവയ്ക്കും ഇ-കൊമേഴ്സ് ഓർഡറുകൾക്കും ഇതു ബാധകമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തുന്നതിനു മുന്നോടിയാണിതെന്നും വ്യക്തമാക്കി.
പുനരുപയോഗിക്കാവുന്ന ബാഗുകൾ പ്രോത്സാഹിപ്പിക്കാൻ കച്ചവട സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പ്ലാസ്റ്റിക്കിനെതിരെ വരും ആഴ്ചകളിൽ സ്കൂളുകളിലും സർവകലാശാലകളിലും ബോധവൽക്കരണം ആരംഭിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ അബുദാബിയിൽ ഈ വർഷാവസാനത്തോടെ നിരോധിക്കുമെന്ന് എൻവയൺമെന്റ് ഏജൻസി കഴിഞ്ഞമാസം അറിയിച്ചിരുന്നു. പ്ലാസ്റ്റിക് സ്ട്രോ, ഡിസ്പോസിബിൾ പാത്രങ്ങൾ എന്നിവയടക്കം 16 ഉൽപന്നങ്ങൾ നിരോധിക്കുന്നത് പരിഗണനയിലാണ്.


