മണ്ണെണ്ണ വില കുതിക്കുന്നു; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികൾ
ഷീബ വിജയൻ
മത്സ്യബന്ധന മേഖലയിൽ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 103 രൂപയിൽ നിന്ന് 155.37 രൂപയായി വർധിപ്പിച്ചു. ഒറ്റയടിക്ക് 52.37 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ വിലവർധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നിലവിൽ മത്സ്യഫെഡിന്റെ പക്കലുള്ള സ്റ്റോക്ക് തീരുന്നത് വരെ പഴയ വിലയിൽ മണ്ണെണ്ണ ലഭിക്കുമെങ്കിലും ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നു.
ഒരു വള്ളത്തിന് ദിവസം നൂറുകണക്കിന് ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരുമ്പോൾ സർക്കാരിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്നത് മാസം വെറും 129 ലിറ്റർ മാത്രമാണ്. ഈ സാഹചര്യത്തിൽ വൻ തുക നൽകി കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. പുതിയ വർധനവോടെ കരിഞ്ചന്തയിൽ വില 200 രൂപ കടക്കാനും സാധ്യതയുണ്ട്. മണ്ണെണ്ണ ക്വാട്ട വർധിപ്പിക്കണമെന്നും പൂർണ്ണമായും സബ്സിഡി നിരക്കിൽ ഇന്ധനം നൽകണമെന്നുമാണ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെടുന്നത്.
മണ്ണെണ്ണ വിലവർധനവ് വിപണിയിലെ മത്സ്യവിലയെയും ബാധിച്ചു തുടങ്ങി. സാധാരണക്കാർക്ക് പ്രിയപ്പെട്ട മത്തിയുടെ വില കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ എത്തിയിരിക്കുകയാണ്. വേനൽ ചൂട് കൂടുന്നതിനാൽ മത്സ്യങ്ങൾ ആഴക്കടലിലേക്ക് മാറുന്നതും ഇന്ധനച്ചെലവ് കൂട്ടിയിട്ടുണ്ട്. ഉപജീവനമാർഗ്ഗം തന്നെ പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ്.
DDS




