രൺവീർ സിംഗിന്റെ ‘83’ സിനിമക്കെതിരെ പരാതിയുമായി യുഎഇ വ്യവസായി
ദുബൈ: രൺവീർ സിംഗ് നായകനായ ’83 എന്ന ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവർ വാഗ്ദാനം ചെയ്തതിനെ തുടർന്ന് താൻ 16 കോടി ചിത്രത്തിൽ നിക്ഷേപിച്ചെന്നും ഈ വാക്ക് പാലിച്ചില്ലെന്നും അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നു.
നിർമാതാവ് സാജിദ് നാദിയവാല, നിർമാതാവും സംവിധായകനുമായ കബീർ ഖാൻ, നിർമാതാവും അഭിനേത്രിയുമായ ദീപിക പദുക്കോൺ എന്നിവർക്കെതിരെയൊക്കെ പരാതിയിൽ ആരോപണമുണ്ട്. കരാറുകളിലൊന്നും ഒപ്പിടാതെ ഈ പണം സ്വീകരിച്ച് സിനിമയുടെ നിർമാണത്തിനുപയോഗിച്ചെന്നും ഇത് ചതിയാണെന്നും പരാതിയിൽ പറയുന്നു.
ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹാർഡി സന്ധു, ജീവ, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക് തുടങ്ങിയവരൊക്കെ ഈ സിനിമയിൽ വേഷമിടുന്നുണ്ട്. കബീർ ഖാനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഡിസംബർ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും.
83ലെ ഫൈനലിൽ മുൻപ് രണ്ടു വട്ടം തുടർച്ചയായി ജേതാക്കളായ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്.
