അൻപതാം ദേശീയ ദിനാഘോഷ നിറവിൽ യുഎഇ

ദുബൈ: അൻപതാം ദേശീയ ദിനാഘോഷ നിറവിൽ യുഎഇ. ഏഴ് എമിറേറ്റുകളിലും സ്വദേശികളോടൊപ്പം ഇന്ത്യക്കാരടക്കമുള്ള വിദേശികളും പ്രിയനാടിന്റെ പിറന്നാളാഘോഷിക്കുകയാണ്. ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിൽ വിദേശികളും സ്വദേശികളുമൊന്നുചേർന്നു ദേശീയദിനം ആഘോഷിക്കുന്പോൾ അത് ലോകത്തിന് നൽകുന്ന സന്ദേശം സഹവർത്തിത്വം, സഹിഷ്ണുത, മാനവികത എന്നിവയുടേതു കൂടിയാണ്.
അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 1971 ഡിസംബർ രണ്ടിനു ആറ് എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. മൂന്നുമാസങ്ങൾക്കു ശേഷം ഏഴാമത്തെ എമിറേറ്റായ റാസൽഖൈമയും ഫെഡറേഷനിൽ ചേർന്നു. അന്നത്തെ ഭരണാധികാരികൾ തയാറാക്കിയ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കിയതാണ് യുഎഇയുടെ മുന്നേറ്റത്തിനു കാരണം.
അൻപതാം ദേശീയദിനത്തോടനുബന്ധിച്ചു വിവിധമേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികളാണ് യുഎഇ പ്രഖ്യാപിക്കുന്നത്. ഇതിൽ ഇത്തിഹാദ് റെയിൽ മുതൽ ചൊവ്വയിൽ നഗരം സ്ഥാപിക്കുന്നതടക്കം പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
യുഎഇ ഭരണാധികാരികൾ ജനങ്ങൾക്കും വിവിധ ലോക രാജ്യങ്ങളുടെ തലവന്മാർ യുഎഇക്കും ഭരണാധികാരികൾക്കും ജനങ്ങൾക്കും ആശംസകൾ നേർന്നു. സുവർണ ജൂബിലിയോടനുബന്ധിച്ചു ദുബായ് എക്സ്പോ, ഗ്ലോബൽ വില്ലേജ്, യാസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും വിവിധ എമിറേറ്റുകളിലും ആഘോഷപരിപാടികൾ അരങ്ങേറുന്നു.