കേരളത്തിൽ വാക്സിനെടുക്കാത്തത് 1,707 സ്കൂൾ ജീവനക്കാർ; ലിസ്റ്റ് പുറത്തു വിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും ലിസ്റ്റ് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആകെ 1,707 സ്കൂൾ ജീവനക്കാരാണ് വാക്സിനെടുക്കാത്തത്. 229 ജീവനക്കാരാണ് വിച്ച്എസ്ഇയിൽ വാക്‌സിനെടുക്കാത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. എൽപി, യുപി, ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങളിൽ 1,066 പേർ വാക്‌സിനെടുത്തില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ വാക്സിൻ എടുക്കാനുള്ളത്.
പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂർ 124, കണ്ണൂർ 90, കാസർഗോഡ് 36 എന്നിങ്ങനെയാണ് കണക്ക്. വാക്‌സിനെടുക്കാത്തവരോടു വിശദീകരണം ചോദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ എല്ലാ ആഴ്ചയും ആർടിപിസിആർ ഫലം നിർബന്ധമാണെന്നും കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.