യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ എംബസിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം
ദുബൈ: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ഇന്ത്യയിലെ യുഎഇ എംബസിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്ന് നിർദ്ദേശം. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച യുഎഇ, ഇതിനായി പ്രത്യേക നിബന്ധനകളും പ്രഖ്യാപിച്ചിരുന്നു.
ഓൺലൈൻ വഴി അപേക്ഷ നൽകിയതിന് ശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകൾ എടുക്കാവൂ എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് യുഎഇ നൽകിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളിൽ യുഎഇയിലേക്ക് പോകുന്നതിന് യുഎഇ എംബസിയിൽ നിന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പ്രത്യേക അനുമതി കൂടി വാങ്ങണമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. എന്നാൽ ഈ അനുമതി എങ്ങനെ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യുഎഇയിലേക്ക് പോകുന്ന വന്ദേ ഭാരത് വിമാനങ്ങളിൽ ഇവിടെ നിന്നുള്ള യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടുവരരുതെന്ന് യുഎഇ എയർ ഇന്ത്യയോട് നിർദ്ദേശിച്ചിട്ടുണ്ട്.
യുഎഇ സിവിൽ ഏവിയേഷൻ അതോരിറ്റി ജൂൺ 23ന് പുറത്തിറക്കിയ സുരക്ഷാ നിർദ്ദേശം അനുസരിച്ച് യാത്രക്കാരെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാനായി രാജ്യത്തെത്തുന്ന വിമാനങ്ങളിൽ യുഎഇയിലെയോ മറ്റ് രാജ്യങ്ങളിലെയോ പൗരന്മാരെ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിന് അനുമതി ലഭിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.

