കടലിലെ എണ്ണച്ചോർച്ച: ഷാർജയിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു
ശാരിക
ഷാർജ: കടലിലെ ടാങ്കറിൽ നിന്നുള്ള എണ്ണച്ചോർച്ചയെ തുടർന്ന് ഷാർജ നഗരത്തിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചതായി ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. തീരദേശത്തെ സംരക്ഷിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ അടിയന്തര നടപടി. എണ്ണച്ചോർച്ച തീരത്തേക്ക് വ്യാപിക്കുന്നത് തടയാനും കടൽത്തീരം സുരക്ഷിതമാക്കാനുമായി പ്രത്യേക വിദഗ്ദ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണ്. മലിനീകരണം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
തീരപ്രദേശങ്ങൾ അടച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും ബീച്ച് സന്ദർശകരും സുരക്ഷാ സേനയും അധികൃതരും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങളും തത്സമയ അപ്ഡേറ്റുകളും അംഗീകൃത വാർത്താ ചാനലുകൾ വഴിയും ഔദ്യോഗിക മാർഗങ്ങളിലൂടെയും മാത്രം അറിയാൻ ശ്രമിക്കണമെന്നും, വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
cxzxc

