ഗൾഫ് സ്വർണത്തിന് ഇനി പ്രിയമേറും


ദുബായ്: കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ തീരുവ രണ്ടര ശതമാനം കൂടി വർധിപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വർണവിലയുമായുള്ള ഇന്ത്യൻ വിപണിവിലയുടെ വ്യത്യാസം ഏറും. പുതിയ പരിഷ്കാരത്തോടെ പവന് 1500 മുതൽ 1600 രൂപ വരെ വ്യത്യാസമുണ്ടാകും. ഇത് ഗൾഫിലെ സ്വർണവിപണിക്ക് വീണ്ടും ഉണർവേകും. 

ഇന്ത്യയിലെ ഇറക്കുമതിത്തീരുവ നേരത്തേ പത്ത് ശതമാനമായിരുന്നു. ഇതാണ് ഇപ്പോൾ 12.5 ശതമാനമായി ഉയർത്തിയിരിക്കുന്നത്. സിറ്റി ഓഫ് ഗോൾഡ് എന്ന വിശേഷണമുള്ള ദുബായിലാണ് ഇന്ത്യയിലെ പുതിയ നികുതിനിർദേശം കൂടുതൽ ചലനമുണ്ടാക്കുന്നത്. യു.എ.ഇ.യിലെത്തുന്ന സഞ്ചാരികൾ സ്വർണം വാങ്ങുന്നത് കൂടുമെന്നാണ് എല്ലാ ജ്വല്ളറി ഉടമകളും പ്രതീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് കൂടാനും സാധ്യതയേറെയാണ്. 

വിദേശങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുമ്പോൾ കൈയിൽ കരുതാവുന്ന സ്വർണത്തിന് പരിധി വെച്ചിട്ടുണ്ടെങ്കിലും ശരീരത്തിൽ അണിയുന്ന സ്വർണത്തിന്റെ തോത് കസ്റ്റംസ് അധികൃതർ സാധാരണഗതിയിൽ കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ ഇവിടെനിന്ന് വാങ്ങുന്ന സ്വർണം അണിഞ്ഞുതന്നെയാണ് മിക്കവരും നാട്ടിലേക്ക് കൊണ്ടുപോകാറുള്ളത്.

ഇപ്പോൾതന്നെ ലക്ഷങ്ങളുടെ സ്വർണമാണ് മിക്കദിവസങ്ങളിലും കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് പിടികൂടുന്നത്. ഇവിടെനിന്ന് കടത്തുന്ന സ്വർണത്തിന്റെ ചെറിയൊരംശം മാത്രമാണ് ഇങ്ങനെ പിടിയിലാകുന്നതെന്നാണ് പൊതു സംസാരം. വിലയിലെ അന്തരം കൂടുന്നതോടെ നാട്ടിലേക്ക് സ്വർണക്കടത്തും കൂടും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed