ഫാര്‍മസി ജോലികള്‍ സ്വദേശിവല്‍ക്കരിക്കും


സൗദി: ഫാര്‍മസി മേഖലയില്‍ സൗദി സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു. അടുത്ത വര്‍ഷാവസാനത്തോടെ ഈ മേഖലയില്‍ രണ്ടായിരം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയ തീരുമാനം. മരുന്നു വിപണന മേഖലയില്‍ വിദേശ ഫാര്‍മസിസസ്സുകളെ ആശ്രയിക്കുന്നത് ഘട്ടം ഘട്ടമായി കുറച്ചുവരികയാണ് ലക്ഷ്യം.

സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി കരാറുകള്‍ ഒപ്പുവെച്ച്‌ ഫാര്‍മസി മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ മന്ത്രാലയം ഊര്‍ജിതമായി ശ്രമിക്കുന്നുണ്ടെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. സൗദി ഫാര്‍മസിസ്റ്റുകളില്‍ 40 ശതമാനം പേര്‍ക്ക് കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊഴില്‍ ലഭ്യമാക്കി. സ്വകാര്യ മേഖലയില്‍ 14,338 പേര്‍ ഫാര്‍മസിസ്റ്റുകളായി ജോലി ചെയ്യുന്നു. ഇതില്‍ 12,256 പേര്‍ വിദേശികള്‍. ബാക്കി 2082 പേര്‍ സ്വദേശികളാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ് ചില്ലറ വ്യാപാര മേഖലയില്‍ 6753 പേരില്‍ 804 പേരാണ് സ്വദേശികള്‍. സെയില്‍സ് ഏജന്‍സികളില്‍ 6254 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 1145 പേര്‍ സ്വദേശികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശ ഫാര്‍മസിസ്റ്റുകളുടെ എണ്ണം പ്രതിവര്‍ഷം 6.7 ശതമാനം തോതില്‍ കുറക്കാനുള്ള പദ്ധതിയാണ് തൊഴില്‍ മന്ത്രാലയം നടപ്പാക്കാന്‍ തയ്യാറാകുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 149 ശതമാനം വര്‍ധന സൗദി ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നു.

ഈ കാലയളവില്‍ 12,377 സൗദി യുവങ്ങള്‍ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങും. 2027 ല്‍ ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം 222 ശതമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തില്‍ 54 ശതമാനം കുറവുണ്ടാകും. ആകെ ഫാര്‍മസിസ്റ്റുകളില്‍ വിദേശികള്‍ 26 ശതമാനം മാത്രമായിരിക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed