യു.എ.ഇ പൊതുമാപ്പ് : സഹായ വാഗ്ദാനങ്ങളുമായി പ്രവാസി സംഘടനകൾ
ദുബൈ : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് യാതോരു നിയമ തടസ്സങ്ങളും നേരിടാതെ സ്വരാജ്യത്തേയ്ക്ക് മടങ്ങനായി യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി വിവിധ സംഘടനകൾ സഹായവുമായി രംഗത്ത്. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 30 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ എല്ലാ അനധികൃത താമസക്കാരും അവസരം ഉപയോഗപ്പെടുത്തണമെന്നാണ് സാമൂഹ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വരാജ്യത്തേയ്ക്ക് മടങ്ങുന്നവർക്കും രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ നിയമനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിനായി വിവിധ സംഘടനകൾ മുന്നിട്ടിറങ്ങുന്നു. ദുബൈയിലെ അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് ഇതിനായി ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്തുമെന്ന് കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അൻവർ നഹയും ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ലീഗൽസെൽ ചെയർമാൻ അഡ്വ. സാജിദ് അബൂബക്കറും അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും നൽകുമെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ അറിയിച്ചു. ഇതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ, അബുദാബി മലയാളി സമാജം, അജ്മാൻ ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകളുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യത്തോടെ നാട്ടിലേയ്ക്ക് തിരിക്കാനുള്ള ഈ അവസരം അനധികൃത താമസക്കാർ ഉപയോഗപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ഐ.സി.എഫ് യു.എ.ഇ നാഷണൽ കമ്മിറ്റിയും സഹായവുമായി മുന്നിട്ട് നിൽക്കുന്നുണ്ട്. ഇതിനായി വിവിധ എമിറേറ്റുകളിൽ ഐ.സി.എഫിന്റെ കീഴിൽ സംവിധാനമൊരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.




