ഉച്ചവിശ്രമം തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തും: മന്ത്രി
മനാമ: തൊഴിലാളികൾ ഏറെ കാത്തിരുന്ന ഉച്ചവിശ്രമ നിയമം ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ നടപ്പാക്കുമെന്നും ഉച്ച വിശ്രമ നിയമം തൊഴിലാഴികൾക്ക് സുരക്ഷിത തൊഴിലിടം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണെന്ന് തൊഴിൽ സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ വ്യക്തമാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ നാല് മണി വരെയാണ് ഉച്ചവിശ്രമ നിയമം. 2013 മുതൽ നടപ്പാക്കിയ നിയം മേഖലയിലെ തന്നെ ആദ്യ നടപടിയായിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്ന നിയമമാണിത്. എല്ലാ കന്പനികളും ഇത് പാലിക്കാൻ മുന്നോട്ട് വരണമെന്നും മുൻ വർഷങ്ങളിലേത് പോലുള്ള കൃത്യമായ പരിശോധന തൊഴിലിടങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തമായ നിയമമാണ് രാജ്യത്ത് ഉള്ളതെന്നും, ഉച്ച വിശ്രമ നിയമം പാലിക്കാൻ സ്വാകാര്യ മേഖലയിലെ മുഴുവൻ കന്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചൂട് കാലത്തുണ്ടാകുന്ന രോഗങ്ങളെ കുറിച്ച് തൊഴിലാളികൾക്കിടയിൽ അവബോധം നൽകാനും കന്പനികൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, സൂര്യതാപമേൽക്കുന്പോഴുണ്ടാകുന്ന ശാരീരിക അസ്വസ്തതകളും, അതിന് സ്വീകരിക്കുന്ന നടപടികളെ കുറിച്ചും തൊഴിലാളികൾക്ക് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടതാണെന്നും, സൂര്യാഘാതമേൽക്കുന്പോഴുണ്ടാകുന്ന പ്രാഥമിക ശുശ്രുഷയെ കുറിച്ച് പരിശീലനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




