ബിസിനസ് രംഗത്ത് ദുബൈ മുന്നേറ്റം തുടരുന്നതായി സർവ്വേ ഫലം
ദുബൈ : ബിസിനസ് രംഗത്തു ദുബൈ മുന്നേറ്റം തുടരുന്നതായി സാന്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) നടത്തിയ ബിസിനസ് കോൺഫിഡൻസ് സർവേ ഫലം. ബിസിനസ് ആത്മവിശ്വാസസൂചികയിൽ 5.5 പോയിന്റ് വർദ്ധന രേഖപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ദുബൈയിക്ക് ലഭിച്ച പോയിന്റ് 116.7 ആണ്. എമിറേറ്റിന്റെ ബിസിനസ് രംഗം നിക്ഷേപകർക്കും കന്പനികൾക്കും വളർച്ചയുടെ പാത ഒരുക്കുന്നതായാണു സർവേഫലം സൂചിപ്പിക്കുന്നത്.
സ്ഥാപനങ്ങൾ കൂടുതൽ വരുമാനം, കച്ചവടം, ലാഭം തുടങ്ങിയവ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർക്കാർ അധികൃതർക്കും സ്വകാര്യ മേഖലയ്ക്കും ദുബൈയിലെ ബിസിനസ് അന്തരീക്ഷം, പ്രശ്നങ്ങൾ തുടങ്ങിയവ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമായി ഡി.ഇ.ഡി എല്ലാ പാദത്തിലും സർവ്വേ നടത്തുന്നുണ്ട്. 502 കന്പനികളുടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ് ഇത്തവണ സർവ്വേ നടത്തിയത്.
കച്ചവട വരുമാനം, വിൽപ്പന വില, അളവ്, ലാഭം, ജീവനക്കാരുടെ എണ്ണം എന്നിവ പ്രകാരം വളർച്ച, തളർച്ച, മാറ്റമില്ല എന്നിവയിലേതെങ്കിലും രേഖപ്പെടുത്താനായിരുന്നു സർവ്വേയിൽ നിർദ്ദേശം നൽകിയിരുന്നത്. ചെറുകിട, ഇടത്തരം, വലിയ സംരംഭങ്ങൾ ഉൾപ്പെടുന്ന രീതിയിൽ നിർമ്മാണം, വ്യാപാരം, സേവനം, കയറ്റുമതി തുടങ്ങിയ രംഗങ്ങളിലെ ബിസിനസ് സ്ഥാപനങ്ങളാണു സർവ്വേയിൽ പങ്കെടുത്തത്. ദുബായിയുടെ ലക്ഷ്യത്തിന് അനുകൂലമായ സാന്പത്തിക പരിഷ്കാരങ്ങളും ഈ രംഗത്തു വളർച്ചയ്ക്കു കാരണമായി.

