വ്യാജ വാർത്ത തടയാൻ യു.എ.ഇ നാഷണൽ മീഡിയ കൗൺസിലും ഫേസ്ബുക്കും കൈകോർക്കുന്നു

ദുബൈ : വ്യാജവാർത്തകൾ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് തടയാൻ യു.എ.ഇ. നാഷണൽ മീഡിയ കൗൺസിലും (എൻ.എം.സി.) ഫേസ്ബുക്കും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യത്തെ പത്രങ്ങൾ വഴി ഫേസ്ബുക്കും എൻ.എം.സി സംയുക്തമായി പ്രചാരണമാരംഭിക്കും. ഇതിനുപുറമേ ആദ്യത്തെ കുറച്ചു ദിവസത്തേക്ക് യു.എ.ഇ.യിലെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക സൗകര്യവും ഒരുങ്ങുന്നുണ്ട്.
ഫേസ്ബുക്കിലെ ന്യൂസ് ഫീഡിൽ ഒരു പ്രത്യേക ടൂൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഏതു വാർത്തയെക്കുറിച്ചുമുള്ള കൂടുതല്വിവരങ്ങളും നിജസ്ഥിതിയും ഫേസ്ബുക്ക് ഹെൽപ് സെന്ററിൽനിന്ന് ലഭ്യമാക്കാം. വാർത്ത വന്നിരിക്കുന്ന വെബ്സൈറ്റിന്റെ യു.ആർ.എൽ പരിശോധിക്കാനും വാർത്തയുടെ ഉറവിടം അറിയാനും ഇതേവിഷയത്തിലെ മറ്റു വാർത്തകൾ അറിയാനും ഈ സേവനം സഹായമാകും.
വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് സമൂഹികമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ സാധാരണമാകുകയാണ്. തെറ്റായ വാർത്തകൾക്ക് രാഷ്ട്രീയമായും സാന്പത്തികമായുമുള്ള മാനങ്ങളുണ്ട്. ഒരു പ്രത്യേകവിഭാഗത്തെ തകർക്കാൻ അല്ലെങ്കിൽ തെറ്റിദ്ധാരണ പരത്താൻ ഒക്കെയാണ് വ്യാജ വാർത്തകൾ ഉപയോഗിക്കപ്പെടുന്നത്. വ്യാജ വാർത്തകൾ ആളുകൾ വിശ്വസിക്കുകയും ചെയ്യുന്നു. ഒരു സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുകയെന്ന് എൻ.എം.സി. ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി പറഞ്ഞു.