പ്രതിസന്ധികൾ അതിജീവിച്ച് ചലച്ചിത്ര മേളയ്ക്ക് സമാപനം; വൻ വിജയമെന്ന് റസൂൽ പൂക്കുട്ടി
ഷീബ വിജയൻ
തിരുവനന്തപുരം: അസാധാരണമായ വിലക്കുകളെയും പ്രതിസന്ധികളെയും അതിജീവിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) ഇന്ന് കൊടിയിറങ്ങുന്നു. സെൻസർ ഇളവ് ലഭിക്കാത്തതിനാൽ 'ബാറ്റിൽഷിപ്പ് പോട്ടംകിൻ' ഉൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാതിരുന്നത് മേളയെ തുടക്കത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു. വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങൾക്ക് ഇളവ് നൽകിയെങ്കിലും, വിലക്ക് ലംഘിച്ച് എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന ആദ്യ നിലപാടിൽ നിന്ന് കേരളത്തിന് പിന്നോട്ട് പോകേണ്ടി വന്നു. നിരവധി വെല്ലുവിളികൾക്കിടയിലും മേള വൻ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി അഭിപ്രായപ്പെട്ടു. വിദേശ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ മാനിച്ചാണ് ആറ് സിനിമകൾ മാറ്റിവെച്ചതെന്നും ഈ അനുഭവങ്ങൾ മുൻനിർത്തി അടുത്ത വർഷം കൂടുതൽ കരുതലോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ചടങ്ങിൽ ആദരിക്കുകയും മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കുകയും ചെയ്യും.
DSDSAASD
