വിസ വിലക്കുമായി അമേരിക്ക; ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഇറാൻ; പ്രതിരോധത്തിലായി ഫിഫ


ഷീബ വിജയ൯


വാഷിങ്ടൺ: ലോകകപ്പിന് യോഗ്യത നേടിയ ഇറാൻ്റെയും ഹെയ്തിയുടെയും സംഘങ്ങൾക്ക് വിസ അനുവദിക്കില്ലെന്ന അമേരിക്കൻ നിലപാടിൽ അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ പ്രതിസന്ധിയിലായി. തങ്ങളുടെ മുഴുവൻ സംഘത്തിനും വിസ അനുവദിച്ചില്ലെങ്കിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയതോടെ ഫിഫ തീർത്തും പ്രതിരോധത്തിലായി.

കഴിഞ്ഞ ജൂണിൽ പ്രാബല്യത്തിൽ വന്ന അമേരിക്കയുടെ പുതിയ വിസ നിയമമാണ് ലോകകപ്പിന് യോഗ്യത നേടിയ വിവിധ രാജ്യങ്ങൾക്ക് തിരിച്ചടിയായത്. 12 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ നിയമപ്രകാരം വിസ അനുവദിക്കുന്നില്ല. ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഇതിൽ ഉൾപ്പെടുന്നു. ഫിഫ നറുക്കെടുപ്പ് ചടങ്ങിനുള്ള ഇറാൻ, ഹെയ്തി പ്രതിനിധി സംഘത്തിന് പ്രത്യേക ഇളവ് അനുവദിച്ചാൽ മാത്രമേ വിസ ലഭിക്കൂ. എന്നാൽ, ഇറാൻ ആവശ്യപ്പെട്ട എല്ലാവർക്കും വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ദേശീയ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജ് ഉൾപ്പെടെയുള്ളവരുടെ അപേക്ഷകൾ കഴിഞ്ഞ ദിവസം തള്ളി. ഇതോടെയാണ് ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ടീം അംഗങ്ങൾ, കോച്ച്, ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെ അപേക്ഷിച്ചവർക്ക് വിസ അനുവദിച്ചില്ലെങ്കിൽ നറുക്കെടുപ്പിന് ഇറാൻ്റെ സംഘത്തെ അയക്കില്ലെന്ന് ഫെഡറേഷൻ നിലപാടെന്ന് ഇറാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആവശ്യം ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫന്റിനോയെ അറിയിച്ചതായും, ഫുട്ബാൾ മേള ഉൾപ്പെടെ കായിക വേദികളെ രാഷ്ട്രീയ വൽകരിക്കുന്ന അമേരിക്കൻ നടപടി പ്രതിഷേധാർഹമാണെന്നും താജ് വ്യക്തമാക്കി. ഇറാൻ കോച്ച് അമിർ ഗലനോയി ഉൾപ്പെടെ നാലു പേർക്ക് മാത്രമാണ് നിലവിൽ അമേരിക്ക വിസ അനുവദിച്ചത്.

article-image

FGDFDF

You might also like

Most Viewed