പോറ്റിയേ കേറ്റിയേ പാട്ടിൽ കേസെടുക്കില്ല : കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് നിർദ്ദേശം
ഷീബ വിജയൻ
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വലിയ തോതിൽ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ എടുത്ത നിയമനടപടികൾ അവസാനിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ പാട്ടിന്റെ പേരിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് എ.ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കം ചെയ്യില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മെറ്റയ്ക്കോ ഗൂഗിളിനോ കത്തയയ്ക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. നേരത്തെ ഗാനം നീക്കം ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതിയിൽ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. എന്നാൽ കേസ് കോടതിയിൽ തിരിച്ചടിയാകുമെന്ന നിയമപരമായ വിലയിരുത്തലിലാണ് സർക്കാർ ഇപ്പോൾ പിൻവാങ്ങിയത്.
ഇതേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തയച്ചിരുന്നു. കോടതിയുടെ വ്യക്തമായ നിർദ്ദേശമില്ലാതെ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷ സർക്കാർ പാരഡി ഗാനത്തിന് കേസെടുത്തത് ശരിയായില്ലെന്ന് പാർട്ടിക്കുള്ളിലും അഭിപ്രായമുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം ഈ കേസിനെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷവും, വിശ്വാസികളുടെ പിന്തുണ നേടാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് യുഡിഎഫും ആരോപിച്ചു. പാരഡി ഗാനത്തിൽ കേസെടുത്തത് പാരഡിയെക്കാൾ വലിയ തമാശയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം.
xzxzzxzx
