'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
ശാരിക / തിരുവനന്തപുരം
സിറ്റി സൈബർ പൊലീസ് 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്തു. ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള ഉൾപ്പെടെ നാല് പേരെയാണ് ഈ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കുഞ്ഞബ്ദുള്ളയെ കൂടാതെ ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് മറ്റ് പ്രതികൾ. മതവികാരം വ്രണപ്പെടുത്തിയതിനും വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗാനരചയിതാവിന്റെ പേര് കുഞ്ഞബ്ദുള്ള എന്നാണെങ്കിലും പൊലീസ് എഫ്.ഐ.ആറിൽ കുഞ്ഞുപിള്ള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തിഗാനത്തെ അവഹേളിക്കുന്ന രീതിയിലാണ് പാരഡി നിർമ്മിച്ചതെന്നും ഇത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ഈ പരാതിക്ക് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യമുണ്ടെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയർമാൻ കെ. ഹരിദാസ് ആരോപിച്ചു. പരാതി നൽകിയത് സമിതിയല്ലെന്നും ചില വ്യക്തികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽ നിന്ന് പുറത്തുപോയ പ്രസാദ് എന്ന വ്യക്തിയാണ് പരാതിക്ക് പിന്നിലെന്നും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായ് മാറിയേ' എന്ന് തുടങ്ങുന്ന ഈ ഗാനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് തങ്ങളുടെ പ്രചാരണ പരിപാടികൾക്കായി വ്യാപകമായി ഉപയോഗിച്ചിരുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ചിത്രങ്ങൾ വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഈ വീഡിയോകൾ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു. വീഡിയോകൾ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സൈബർ പൊലീസ് ശേഖരിച്ചു വരികയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ ചോദ്യം ചെയ്യാനും പാട്ട് എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. കൂടുതൽ പേർക്കെതിരെ കേസ് എടുക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഇതിനിടെ, അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി സി.പി.എം. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ഒരുങ്ങുകയാണ്.
asffs
