അപമാനഭാരം; ബീഹാർ മുഖ്യമന്ത്രി പൊതുവേദിയിൽ വെച്ച് മുഖാവരണം വലിച്ചുതാഴ്ത്തിയ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു


ശാരിക / പാറ്റ്ന

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുവേദിയിൽ വെച്ച് മുഖാവരണം (നിഖാബ്) വലിച്ചുതാഴ്ത്തിയ സംഭവത്തിൽ മനംനൊന്ത് മുസ്‌ലിം വനിതാ ഡോക്ടറായ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. സർക്കാർ ജോലിക്കുള്ള നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും നേരിടേണ്ടി വന്ന അപമാനഭാരം കാരണം ജോലിയിൽ പ്രവേശിക്കുന്നില്ല എന്ന നിലപാടിലാണ് ഇവർ. ഈ മാസം 20-ാം തീയതി ജോലിയിൽ പ്രവേശിക്കേണ്ട നുസ്രതിനെ ആശ്വസിപ്പിക്കാനും ജോലിക്ക് പോകാൻ പ്രേരിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.

ഡിസംബർ 15-ന് ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു നിതീഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു അപമര്യാദയായ പെരുമാറ്റം ഉണ്ടായത്. നുസ്രത് പർവീണിന് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് വഴിതെളിക്കുകയും ചെയ്തു.

സംഭവസമയത്ത് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മനോനില തകരാറിലായെന്നും അതിനാൽ അദ്ദേഹം സ്ഥാനത്ത് തുടരരുതെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

നിതീഷ് കുമാറിന്റെ ഈ പ്രവൃത്തി അങ്ങേയറ്റം നീചമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിജാബ് ഊരാൻ ശ്രമിച്ചത് സ്ത്രീകളോടുള്ള ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് ആർ.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് കുറ്റപ്പെടുത്തി.

article-image

csdds

You might also like

  • Straight Forward

Most Viewed