നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചേൽപ്പിക്കൽ: ദുബൈയിൽ പുതിയ നിയമം
ഷീബ വിജയ൯
ദുബൈ: നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദുബൈയിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നഷ്ടമായ വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ പ്രതിഫലം ലഭിക്കും. നഷ്ടപ്പെട്ട സാധനത്തിന്‍റെ മൂല്യം അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. നഷ്ടപ്പെട്ട സാധനങ്ങൾ മാന്യവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഉടമകൾക്ക് അവരുടെ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാനുള്ള അവകാശം പുതിയ നിയമം ഉറപ്പുനൽകുന്നു.
നഷ്ടപ്പെട്ട സാധനങ്ങൾ സ്വീകരിക്കൽ, വിവര ശേഖരണം, സുരക്ഷ, അന്വേഷണം, കണ്ടെത്തിയ തീയതി, സ്ഥലം, കണ്ടെത്തിയ ആളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതല ദുബൈ പൊലീസിനായിരിക്കും. നിയമം ലംഘിച്ചാൽ 5,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ രണ്ടുലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്നും നിയമം പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ തെറ്റ് തിരുത്താൻ അവസരം നൽകി രേഖാമൂലം മുന്നറിയിപ്പ് നൽകാൻ ദുബൈ പൊലീസിന് അധികാരമുണ്ട്.
കണ്ടെത്തിയ വസ്തു 48 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിന് കൈമാറുകയും വേണം. അത് സൂക്ഷിക്കാനോ അവകാശവാദം ഉന്നയിക്കാനോ അനുവദിക്കില്ല. ഒരു വർഷം കഴിഞ്ഞിട്ടും വസ്തുവിന്‍റെ ഉടമ വന്നില്ലെങ്കിൽ ദുബൈ പൊലീസിന്‍റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് കണ്ടെത്തിയ ആൾക്കുതന്നെ സൂക്ഷിക്കാം. പിന്നീട് ഉടമ അവകാശവാദം ഉന്നയിച്ച് എത്തിയാൽ തിരികെ നൽകുകയും വേണം.
saddsdsds
