ജുഫൈർ, അദ്‌ലിയ മേഖലകളിൽ വ്യാപക പരിശോധന: 103 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു


പ്രദീപ് പുറവങ്കര / മനാമ  

തലസ്ഥാന ഗവർണറേറ്റിലെ ഹോട്ടലുകൾ, ഫർണിഷ്ഡ് ഫ്ലാറ്റുകൾ, ടൂറിസ്റ്റ് റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ടൂറിസം മന്ത്രാലയം ഈ വർഷം നടത്തിയ പരിശോധനകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ആകെ 779 സന്ദർശനങ്ങളിലായി 103 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ജുഫൈറിലെയും അദ്‌ലിയയിലെയും ജനവാസ മേഖലകളിലും ആരാധനാലയങ്ങൾക്ക് സമീപവും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് എം.പി ഹസൻ ഈദ് ബുഖമ്മാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ടൂറിസ്റ്റ് ഫർണിഷ്ഡ് ഫ്ലാറ്റുകൾ ആരംഭിക്കുന്നതിന് പ്ലാനിംഗ് നിയമങ്ങൾക്കും സോണിംഗ് നിബന്ധനകൾക്കും വിധേയമായി മാത്രമേ അനുമതി നൽകുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു. താമസസ്ഥലങ്ങൾ എന്ന് തരംതിരിച്ചിട്ടുള്ള റെസിഡൻഷ്യൽ ഏരിയകളിൽ ഇത്തരം വാണിജ്യ ലൈസൻസുകൾ നൽകില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും പരാതി ലഭിച്ചാൽ ഉടനടി നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനും അവ താൽക്കാലികമായി അടച്ചുപൂട്ടാനും അധികൃതർക്ക് അധികാരമുണ്ട്. പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങളിൽ ഹോട്ടൽ സർവീസ് ചാർജുകൾ കൈമാറാതിരിക്കുക, ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാതിരിക്കുക തുടങ്ങിയ സാമ്പത്തിക വീഴ്ചകൾ ഉൾപ്പെടുന്നു.

കൂടാതെ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്ഥാപന നടത്തിപ്പുകാരെ മാറ്റുകയോ ഉപകരാർ നൽകുകയോ ചെയ്ത സംഭവങ്ങളും കെട്ടിടങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ അനുവദിച്ച സമയപരിധി ലംഘിക്കുന്നതായും പരിശോധനയിൽ തെളിഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയ ഉടമകളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.

ജനവാസ മേഖലകളിലെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി പ്രത്യേക ടൂറിസം മേഖലകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും മന്ത്രാലയം പഠിച്ചുവരികയാണ്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed