അലസമായി റോഡ് മുറിച്ചുകടക്കൽ : പിഴ ചുമത്തിയത് 10400 പേർക്ക്
അബുദാബി : ഈ വർഷം ആദ്യ രണ്ടു മാസങ്ങളിൽ അബുദാബിയിലെ തിരക്കേറിയ റോഡിലൂടെ അലസമായി നടക്കുകയും റോഡ് മുറിച്ചു കടക്കുകയും ചെയ്ത 10,400പേർക്കു ട്രാഫിക് പോലീസ് പിഴ ചുമത്തി. പെഡസ്ട്രിയൻ ക്രോസിങുകളിൽ കാൽനട സൈക്കിൾ യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം വേഗം കുറക്കാതെയും നിർത്താതെയും സഞ്ചരിച്ചതിന് 1083 ഡ്രൈവർമാർക്കെതിരെയും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അബുദാബി ട്രാഫിക് പോലീസ് പിഴ ചുമത്തി.
പെഡസ്ട്രിയൻ ക്രോസിങിലൂടെയോ മേൽപ്പാലങ്ങളിലൂടെയോ അണ്ടർഗ്രൗണ്ട് പാസേജുകളിലൂടെയോ മാത്രമെ കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാവൂ. റോഡ് മുറിച്ചു കടക്കാൻ നിർണയിച്ചിട്ടുള്ള ഭാഗത്തു കൂടിയല്ലാതെ റോഡ് ക്രോസ് ചെയ്യരുതെന്നും സീബ്രാ ക്രോസിങ് പോയിന്റുകളിലെ സിഗ്നൽ വളരെ ശ്രദ്ധയോടും ജാഗ്രതയോടും നിരീക്ഷിച്ചു മാത്രമെ മറുഭാഗത്തേക്ക് കടക്കാവൂ എന്നും അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ട്രാഫിക് കൺട്രോൾ തലവൻ മേജർ അബ്ദുല്ല അൽ ഖുബൈസി അറിയിച്ചു.
അബുദാബി ട്രാഫിക് ആൻഡ് പട്രോൽസ് വിഭാഗം നടത്തുന്ന മിന്നൽ പരിശോധനയിൽ നിയമ ലംഘനം നടത്തുന്നവർക്ക് 400 ദിർഹമാണ് പിഴ.

